തിരുവനന്തപുരം: കേരള പോലീസിലെ ട്രാഫിക് ഐ.ജി. ഗുഗുലോത്ത് ലക്ഷ്മൺ തെലങ്കാനയിൽ മന്ത്രിയാകും. ഇപ്പോൾ ഹൈദരാബാദിലുള്ള അദ്ദേഹം വ്യാഴാഴ്ച തിരുവനന്തപുരത്തെത്തി ചീഫ് സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറിയേക്കും. മന്ത്രിയാകുന്നതുമായി ബന്ധപ്പെട്ട് പ്രാഥമിക ചർച്ചകളാണ് നടക്കുന്നതെന്നും ഇപ്പോൾ താൻ ഉദ്യോഗസ്ഥനാണെന്നും ലക്ഷ്മൺ പറഞ്ഞു.

മൂന്നുമാസത്തെ ശമ്പളം കേന്ദ്രസർക്കാരിലേക്ക് തിരികെയടച്ച് ഉടൻ വിരമിക്കുന്നതിനാകും അപേക്ഷ നൽകുക. ജോലിയിൽനിന്നു പിരിയാൻ സംസ്ഥാനസർക്കാരിന്റെ അനുമതി വേണം. ഇതിനായി തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവും കേരള മുഖ്യമന്ത്രി പിണറായി വിജയനും ആശയവിനിമയം നടത്തിയതായാണു വിവരം. മന്ത്രിയാകുന്ന കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകാത്തതിനാൽ ഇപ്പോൾ ഒന്നും പറയുന്നില്ലെന്ന് ലക്ഷ്മൺ പറഞ്ഞു.

നിലവിൽ ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്‌മെന്റ് ഐ.ജി.യാണ് 1987 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനായ ലക്ഷ്മൺ. ഖമ്മം ജില്ലക്കാരനായ അദ്ദേഹത്തിന് മുമ്പും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ക്ഷണമുണ്ടായിരുന്നുവെങ്കിലും നിരസിക്കുകയായിരുന്നു. ലക്ഷ്മണിന്റെ ബന്ധുക്കളിൽ പലരും രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നുണ്ട്. ലക്ഷ്മൺ ഐ.ടി. വകുപ്പ് മന്ത്രിയാകുമെന്നാണു സൂചന.

 Content Highlights: Traffic IG Laxman to become minister in Telangana