തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളിലെ ഇളവിന് സർക്കാർ മുന്നോട്ടുവെച്ച നിർദേശങ്ങളിൽ അവ്യക്തതയുള്ളത് വ്യാപാരികളേയും പൊതുജനങ്ങളേയും ആശങ്കയിലാക്കുന്നു. വാക്സിനേഷൻ സർട്ടിഫിക്കറ്റ്, കോവിഡ് പരിശോധന റിപ്പോർട്ട് എന്നിവയുള്ളവർമാത്രം കടകളിൽ വന്നാൽമതിയെന്ന നിർദേശം എങ്ങനെ പാലിക്കുമെന്നാണ് വ്യാപാരികൾ ചോദിക്കുന്നത്. ഈ നിയന്ത്രണങ്ങൾ ഏങ്ങനെ നടപ്പാക്കുമെന്നത് പോലീസിനേയും വലയ്ക്കുന്നുണ്ട്. അതിനാൽ ആദ്യദിവസം പരിശോധനകളൊന്നും നടന്നില്ല.

അത്യാവശ്യ വീട്ടുസാധനങ്ങൾ വാങ്ങാൻ വരുന്നവർക്ക് കോവിഡ് പരിശോധന സർട്ടിഫിക്കറ്റ് വേണമെന്നത് അപ്രായോഗികമാണെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. പത്തോ അമ്പതോ രൂപയുടെ സാധനം വാങ്ങാൻ 500 രൂപ കൊടുത്ത് കോവിഡ് പരിശോധന നടത്തേണ്ട ഗതികേടിലാണ് സാധാരണക്കാർ.

അവ്യക്തതകൾ നിലനിൽക്കുന്നതിനാൽ പല തദ്ദേശ സ്ഥാപനങ്ങളിലേയും ചന്തകൾ തുറന്നില്ല. ചന്തകളിലെ സാധാരണ സ്ത്രീകളടക്കമുള്ള നിരവധി കച്ചവടക്കാർക്ക് ഇനിയും വാക്സിൻ ലഭിക്കാനുണ്ട്. സർക്കാർ നിർദേശിച്ച സർട്ടിഫിക്കറ്റുകളുമായി പുറത്തിറങ്ങുന്നത് അപ്രായോഗികമാണെന്ന് പൊതുജനങ്ങളും ചൂണ്ടിക്കാട്ടുന്നു.