കൊച്ചി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ ജീവപര്യന്തം തടവുശിക്ഷ നടപ്പാക്കുന്നത് നിർത്തിവെക്കണമെന്നപേക്ഷിച്ച് പി.കെ. കുഞ്ഞനന്തൻ ഹൈക്കോടതിയെ സമീപിച്ചു. ആരോഗ്യപ്രശ്നങ്ങൾ മുൻനിർത്തിയാണ് അപേക്ഷ. ഹർജിയിൽ കോടതി സർക്കാരിന്റെ നിലപാട് തേടി.

ഇക്കഴിഞ്ഞ ജനുവരി 14 മുതൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒറ്റയ്ക്കൊരു മുറിയിലാക്കി നിരീക്ഷണത്തിലും ചികിത്സയിലുമാണ്. സന്ധിവേദന, വാതം തുടങ്ങിയവയ്ക്ക് ആന്റിബയോട്ടിക്കും നീര് കുറയാനുള്ള മരുന്നുകളും നൽകുന്നുണ്ട്.

കുഞ്ഞനന്തൻ കണ്ണൂർ സെൻട്രൽ ജയിലിലായിരിക്കവേ, ജയിലിലെ മൂന്ന് പശുക്കൾ അജ്ഞാതരോഗംമൂലം ചത്തിരുന്നു. അവയുടെ പാല് ഉപയോഗിച്ചതുകാരണം ഹർജിക്കാരന് എന്തെങ്കിലും രോഗം ബാധിച്ചിട്ടുണ്ടോ എന്ന് ഡോക്ടർമാർ നിരീക്ഷിക്കുന്നുണ്ട്.

ആരോഗ്യനില ദിവസേന മോശമാവുകയാണ്. രോഗം കടുത്ത ഭീഷണിയാണെന്നും അതിനാൽ ജീവൻ രക്ഷിക്കാൻ ജയിലിൽനിന്ന് വിടണമെന്നുമാണ് ആവശ്യം. അതിനായി ശിക്ഷ നടപ്പാക്കുന്നത് നിർത്തിവെക്കണം.

കടുത്ത നടുവേദനയെത്തുടർന്ന് ജനുവരി 11-ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ സ്കാനിങ്ങിൽ എല്ലിന് തേയ്മാനം കണ്ടെത്തിയിരുന്നു. സ്പോൺഡിലോസിസും വിളർച്ചയും കണ്ടു. 14-നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.

ആർ.എം.പി. നേതാവ് ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെട്ട കേസിൽ 13-ാം പ്രതിയാണ് കുഞ്ഞനന്തൻ. കോഴിക്കോട് പ്രത്യേക ജില്ലാ കോടതിയാണ് ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. അതിനെതിരായ അപ്പീൽ കോടതിക്കു മുന്നിലുണ്ട്.

കുഞ്ഞനന്തന് പരിധിവിട്ട് പരോൾ നൽകുന്നതിനെതിരേ ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ കഴിഞ്ഞദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. അതിൽ കോടതി കുഞ്ഞനന്തനും സർക്കാരിനും നോട്ടീസിന് നിർദേശിച്ചിട്ടുണ്ട്.

Content Highlights: tp murder case; pk kunhanathan approaches highcourt