പുതുപ്പള്ളി: എ.ഐ.സി.സി. ജനറൽ സെക്രട്ടറിയായുള്ള നിയമനത്തെ ‘ചലഞ്ചിങ് ജോബ്’എന്ന് ഉമ്മൻചാണ്ടി വിശേഷിപ്പിച്ചു.

ഏറെ വെല്ലുവിളികൾ നിറഞ്ഞ ചുമതലയാണിത്. പദവിയിൽ നൂറുശതമാനം നീതി പുലർത്താൻ ശ്രമിക്കും. തികഞ്ഞ സന്തോഷത്തോടെയാണ് ചുമതല ഏറ്റെടുക്കുന്നത്. ആന്ധ്രപ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറിയായി നിയമിതനായതിെനക്കുറിച്ച് പുതുപ്പള്ളിയിലെ വീട്ടിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പുതിയ ചുമതല ഏറ്റെടുക്കുന്നതിനൊപ്പം കേരളത്തിലും സജീവസാന്നിധ്യമുണ്ടാകും’ -ഉമ്മൻചാണ്ടി പറഞ്ഞു.

കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം പൂർണമായി അംഗീകരിക്കുന്നു. കേരളത്തിൽനിന്ന് ഒഴിവാക്കിയെന്ന് ആരും ധരിക്കേണ്ട. അതിന്റെപേരിൽ ആരും വിഷമിക്കുകയുംവേണ്ട.

ഒരു ഭാരവാഹിത്വവുമില്ലാതെ പാർട്ടിക്കുവേണ്ടി പ്രവർത്തിക്കാനാണിഷ്ടം. കേന്ദ്രനേതൃത്വത്തിന്റെ അനുമതിയോടെയാണിത്. ഭാരവാഹിയല്ലാത്തതിന്റെപേരിൽ ഇന്നുവരെ മാറിനിന്നിട്ടില്ല. ചെങ്ങന്നൂരിലടക്കമുള്ള ഉപതിരഞ്ഞെടുപ്പ് പ്രചാരണരംഗത്തും പാർട്ടിയുടെ എല്ലാ പരിപാടികളിലും കെ.പി.സി.സി. പ്രസിഡന്റിനും പ്രതിപക്ഷനേതാവിനും ഒപ്പം പ്രവർത്തിച്ചു.

എല്ലാവരെയും ഉൾക്കൊള്ളുന്ന കൂട്ടായ നേതൃത്വമാണ് കോൺഗ്രസിന് ഇപ്പോഴുള്ളതെന്നും ഉമ്മൻചാണ്ടി പറഞ്ഞു. പുതിയ ചുമതല ഏല്പിച്ച എ.ഐ.സി.സി. അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് അദ്ദേഹം നന്ദി പറഞ്ഞു.