കൊച്ചി: ‘‘മറ്റൊരു രാജ്യത്തെ കോൺസുലേറ്റ് വഴി മതഗ്രന്ഥങ്ങൾ വിതരണംചെയ്യുകയെന്നത് യു.എ.ഇ. സർക്കാരിന്റെ നയമല്ല. സൗദി അറേബ്യ ആ രാജ്യത്തിന്റെ മതപരമായ പ്രത്യേകതകൊണ്ട് മാത്രം ഖുറാൻ അയക്കാറുണ്ട്. എന്നാൽ, യു.എ.ഇ.ക്ക് അത്തരം നയമില്ല. കേരളത്തിലെ കോൺസുലേറ്റിലേക്ക് അത്രയധികം മതഗ്രന്ഥങ്ങൾ അയച്ചിട്ടില്ല’’- ഒരു ഉന്നത യു.എ.ഇ. ഉദ്യോഗസ്ഥൻ ‘മാതൃഭൂമി’യോടു പറഞ്ഞു.
മതഗ്രന്ഥങ്ങളുടെ ഇറക്കുമതി നടന്നിട്ടില്ല എന്ന കസ്റ്റംസ് റിപ്പോർട്ടിലെ വിവരം മാതൃഭൂമി വ്യാഴാഴ്ച പുറത്തുവിട്ടിരുന്നു. വാർത്ത വാസ്തവവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി ജലീൽ ഫെയ്‌സ്ബുക്കിൽ കുറിച്ചിരുന്നു. യു.എ.ഇ. കോൺസുലേറ്റ് അയച്ച വിശുദ്ധ ഖുർആൻ അടങ്ങുന്ന പാക്കറ്റുകൾ എടപ്പാളിലും ആലത്തിയൂരിലുമുള്ള രണ്ട് സ്ഥാപനങ്ങളിൽ ഭദ്രമായി ഇരിപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
എങ്കിൽ അയച്ചതെന്ത്?
മതഗ്രന്ഥം കോൺസുലേറ്റ് വഴി അയക്കുകയെന്നത് യു.എ.ഇ. നയമല്ലെന്നു വ്യക്തമാവുന്നതോടെ പാഴ്സലിന്റെ കാര്യത്തിൽ ദുരൂഹത ഏറുകയാണ്. കോൺസുലേറ്റിൽനിന്നാണ് മതഗ്രന്ഥമടങ്ങിയ പാഴ്സലുകൾ സർക്കാർസ്ഥാപനമായ സി-ആപ്റ്റിൽ എത്തിച്ചതെന്നും അവിടെനിന്നു സർക്കാർവാഹനത്തിൽ മലപ്പുറത്തേക്ക് കൊണ്ടുപോയി എന്നുമാണ് മന്ത്രി ജലീൽ പറയുന്നത്. മാതൃഭൂമി വാർത്തയോടു പ്രതികരിച്ച് അദ്ദേഹം ഇതേ കാര്യങ്ങൾ ആവർത്തിച്ചിരുന്നു.
‘‘ഞാൻ ഈ പാഴ്സലുകൾ കണ്ടിട്ടില്ല. പക്ഷേ, അവയുള്ള സ്ഥാപനത്തിന്റെ വിവരങ്ങൾ സാമൂഹികമാധ്യമങ്ങളിൽ നൽകിയിട്ടുണ്ട്. ആർക്കും പോയി നോക്കാം’’ -എന്നാണ് മാതൃഭൂമിയോട് മന്ത്രി പറഞ്ഞത്.
മതഗ്രന്ഥം അയച്ച കാര്യത്തിൽ വ്യക്തതവരുത്താൻ അടുത്ത പരിചയക്കാരനായ കോൺസുലേറ്റ് മേധാവിയോട് ആവശ്യപ്പെട്ടുകൂടേ എന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ ഉത്തരം നൽകിയില്ല. ഈ സമയത്ത് അത്തരം ഒരു ആശയവിനിമയം ശരിയല്ല എന്നാണ് മന്ത്രി പറഞ്ഞത്.
ഒരു വിദേശസർക്കാരിന്റെ ഓഫീസുമായി നേരിട്ട് ബന്ധപ്പെടരുത് എന്നു നിയമമുള്ളപ്പോൾ മന്ത്രി ചെയ്തതുതന്നെ തെറ്റാണെന്നും ഉള്ളിൽ എന്താണെന്നറിയാതെയാണ് പാഴ്സലുകൾ അയച്ചതെന്നു പറഞ്ഞാലും ഗൗരവ വിഷയമാണെന്ന് ഒരു മുൻ നയതന്ത്രജ്ഞൻ പറഞ്ഞു.