കോട്ടയം: കാര്‍ട്ടൂണുകളിലൂടെ മലയാളത്തെ ചിരിപ്പിച്ച ടോംസിന് ഞായറാഴ്ച നാട് വിട നല്‍കും. സംസ്ഥാന ബഹുമതികളോടെ ഞായറാഴ്ച രണ്ടരയ്ക്ക് കോട്ടയം ലൂര്‍ദ് ഫൊറോന പള്ളിയിലാണ് ശവസംസ്‌കാരം. തുടര്‍ന്ന് കാര്‍ട്ടൂണ്‍ അക്കാദമിയുടെ നേതൃത്വത്തില്‍ പള്ളി അങ്കണത്തില്‍ അനുസ്മരണയോഗം നടത്തും. മൃതദേഹം ശനിയാഴ്ച കോട്ടയം സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം ഹാളില്‍ പൊതുദര്‍ശനത്തിനുവച്ചു. സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ആദരാഞ്ജലിയര്‍പ്പിച്ചു. മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി.വീരേന്ദ്രകുമാര്‍, മാനേജിങ് എഡിറ്റര്‍ പി.വി.ചന്ദ്രന്‍ എന്നിവര്‍ക്കുവേണ്ടി റീത്ത് സമര്‍പ്പിച്ചു. വൈകീട്ടോടെ, മൃതദേഹം മുട്ടമ്പലത്തെ അത്തിക്കളം വീട്ടിലെത്തിച്ചു. ദീര്‍ഘനാളായി ചികിത്സയിലായിരുന്ന അദ്ദേഹം ബുധനാഴ്ചയാണ് അന്തരിച്ചത്.