കോട്ടയം: ബോബനും മോളിയും എന്ന കുട്ടിക്കഥാപാത്രങ്ങളിലൂടെ ആറ് പതിറ്റാണ്ടുകാലം മലയാളകാര്‍ട്ടൂണ്‍ രംഗത്തെ കുലപതിയായിരുന്ന ടോംസ് (വി.ടി തോമസ്-86 )അന്തരിച്ചു.
വാര്‍ദ്ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യആശുപത്രിയില്‍ ബുധനാഴ്ച രാത്രി 10.30നായിരുന്നു അന്ത്യം. വരകളിലൂടെയും വാക്കുകളിലൂടെയും മലയാളിയുടെ സങ്കുചിതത്വവും പിന്‍തിരിപ്പന്‍ ചിന്താഗതിയും കോറിയിട്ട് ചിരിക്കാനും ചിന്തിക്കാനും അവസരമൊരുക്കിയ ഉത്സവമായിരുന്നു അദ്ദേഹത്തിന്റെ കാര്‍ട്ടൂണുകള്‍.
രാഷ്ട്രീയം അടക്കമുള്ള സമൂഹത്തിലെ എല്ലാ മേഖലയിലേയും അസംതൃപ്തിയാണ് അദ്ദേഹം നര്‍മ്മത്തിന്റെ മേമ്പൊടിയോടെ വരച്ചിട്ടത്.ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ചുവെങ്കിലും ക്രിസ്തീയസഭകളുടെ ചില അരുതായ്മകള്‍ പോലും പുറത്ത് കാട്ടാന്‍ വളരെ തന്മയത്വത്തോടെ കാര്‍ട്ടൂണ്‍ മാധ്യമം ഉപയോഗിച്ചു.കഥാപാത്രങ്ങളെ അദ്ദേഹം കണ്ടെത്തിയത് തന്റെ ജന്മഗ്രാമമായ ആലപ്പുഴയിലെ വെളിയനാട്ട് നിന്നായിരുന്നു.
1929 ജൂണ്‍ 20ന് കര്‍ഷകനായ കുഞ്ഞുതൊമ്മന്റേയും സിസിലി തോമസിന്റേയും മകനായാണ് ജനനം.
കാര്‍ട്ടൂണിസ്റ്റ് കൂടിയായ ചേട്ടന്‍ പീറ്റര്‍ തോമസിന്റെ കാര്‍ട്ടൂണുകളോട് ആരാധനയായി.അതോടെ തുടര്‍പഠനം മാവേലിക്കര സ്‌കൂള്‍ ഓഫ് ആര്‍ട്സിലാക്കി. ശേഷം ജനതാപ്രസില്‍ നിന്ന് പുറത്തിറങ്ങിയിരുന്ന 'കുടുംബദീപ'ത്തില്‍ ജോലിയ്ക്ക് കയറി. പത്രപ്രവര്‍ത്തകനായിട്ടാണ് തുടക്കം.
1952ല്‍ തന്റെ തട്ടകം കാര്‍ട്ടൂണാണെന്ന് തിരിച്ചറിഞ്ഞു.അതോടെ കുടുംബ ദീപം,കേരളഭൂഷണം പത്രം എന്നിവയില്‍ ചെറിയ പോക്കറ്റ് കാര്‍ട്ടൂണുകള്‍ വരയ്ക്കാന്‍ തുടങ്ങി. ഡെക്കാന്‍ ഹെറാള്‍ഡിലും,ശങ്കേഴ്സ് വീക്കിലിയിലും സ്വന്തമായ ഇടം കണ്ടെത്തി.
1955ല്‍ മലയാളമനോരമയില്‍ കാര്‍ട്ടൂണിസ്റ്റായി. ആവര്‍ഷം മനോരമയില്‍ 'ബോബനും മോളിയും കാര്‍ട്ടൂണ്‍ പരന്പരയ്ക്ക് തുടക്കമിട്ടു. 30 വര്‍ഷത്തിന് ശേഷം മനോരമയില്‍ നിന്ന് രാജിവെച്ചു.തുടര്‍ന്ന് സ്വന്തം ഉടമസ്ഥതയില്‍ ടോംസ് പബ്ളിക്കേഷന്‍സ് ആരംഭിച്ചു.
ഭാര്യ: േത്രസ്യാക്കുട്ടി.മക്കള്‍: പീറ്റര്‍(ടോംസ് പബ്ളിക്കേഷന്‍സ്), മോളി,ബോബന്‍ (ടോംസ് പബ്ളിക്കേഷന്‍സ്), റാണി, ബോസ്(ടോംസ് പബ്ളിക്കേഷന്‍സ്), ഡോ. പ്രിന്‍സി ബിജു(മുംൈബ) മരുമക്കള്‍: ഇന്ദിരാ ട്രീസാ ബോബന്‍ കടമ്മപ്പുഴ, കാഞ്ഞിരപ്പള്ളി,പോള്‍ ഐസക്ക് (ബിസിനസ്, ചേര്‍ത്തല),ബ്രിജിത് ബോസ് വട്ടക്കാട്ടുശേരി, പരേതനായ ഡോ.ടോജോ മത്തായി, ബിജുജോണ്‍ (സ്‌ക്വയര്‍ ഫുട്ട്,മുംബൈ). ശവസംസ്‌കാരം ഞായറാഴ്ച.