പാലിയേക്കര: രാജ്യത്തെ ടോൾ പ്ലാസകളിൽ എല്ലാ ട്രാക്കുകളിലും ഫാസ്ടാഗ് ഉറപ്പാക്കാൻ കേന്ദ്ര ഉപരിതലഗതാഗതവകുപ്പിന്റെ നിർദേശം. ഡിസംബർ 31-നുമുൻപ് സമ്പൂർണ ഫാസ്ടാഗ്‌വത്‌കരണം ഉറപ്പാക്കണമെന്ന ഉത്തരവ് ടോൾ പ്ലാസകളുടെ നടത്തിപ്പുചുമതലയുള്ള കൺസഷണർ കമ്പനികൾക്ക് നൽകി.

2019 ജൂലായിലെ ഉത്തരവ് പ്രകാരം 2020 ജൂൺമാസത്തോടെ എല്ലാ വാഹനങ്ങളും ഫാസ്ടാഗ് ആക്കേണ്ടതായിരുന്നു. എന്നാൽ, കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തിൽ ഡിസംബർ 31 വരെ നീട്ടിവെച്ചു. ഉത്തരവ് നടപ്പാക്കുന്നതോടെ ടോൾ പ്ലാസകളിൽ വാഹനങ്ങൾക്ക് ഫാസ്ടാഗ് ഉപയോഗിച്ചേ ഒാടാനാവൂ. ഇതിന്റെ പ്രാരംഭമായി പുതിയതായി നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്ക് ഫാസ്ടാഗ് നിർബന്ധമാക്കിയിട്ടുണ്ട്.

എല്ലാ ട്രാക്കുകളും ഫാസ്ടാഗ് ആകുമ്പോൾ സൗജന്യപാസ് ഉപയോഗിക്കുന്ന വാഹനങ്ങളുടെ കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നു. ടോൾ പ്ലാസയുടെ 10 കിലോമീറ്റർ ചുറ്റളവിലുള്ള വാഹനങ്ങൾ ഇപ്പോഴും സർക്കാർ അനുവദിച്ച സൗജന്യ യാത്രാപാസ് ഉപയോഗിക്കുന്നുണ്ട്. സർക്കാർ നൽകുമെന്ന് പറഞ്ഞിരുന്ന ഇവരുടെ ടോൾത്തുക എങ്ങനെ ഈടാക്കുമെന്ന കാര്യത്തിൽ ഇപ്പോഴും ആർക്കും ഒരു രൂപവുമില്ല. സൗജന്യപാസുകാരുടെ കാര്യത്തിൽ സർക്കാരാണ് തീരുമാനമെടുക്കേണ്ടത്.

അതേസമയം, ടോൾ പ്ലാസയിലെ സാങ്കേതികത്തകരാറുകൾ പരിഹരിച്ച ഫാസ്ടാഗ് ട്രാക്കുകളിൽ വാഹനത്തിരക്ക് ഏറക്കുറെ പരിഹരിക്കാനായെന്ന് ടോൾ പ്ലാസ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ എ.വി. സൂരജ് പറഞ്ഞു.

വാഹനത്തിരക്ക് തുടരുന്നു

: എന്നാൽ, ടോൾത്തുക നൽകിയും സൗജന്യപാസ് ഉപയോഗിച്ചും വാഹനങ്ങൾക്ക് കടന്നുപോകാവുന്ന ഹൈബ്രിഡ് ട്രാക്കുകളിൽ വലിയ വാഹനത്തിരക്ക് തുടരുകയാണ്. ജീവനക്കാരെ നിർത്തി ടാഗില്ലാത്ത വാഹനങ്ങളെ ഫാസ്ടാഗ് ട്രാക്കുകളിൽനിന്ന് മാറ്റുകയാണ് ഇപ്പോൾ ചെയ്യുന്നത്. ടാഗിൽ ആവശ്യമുള്ള തുകയില്ലാത്ത പലവാഹനങ്ങളും ടോൾ ബൂത്തിന് മുന്നിലെത്തുമ്പോൾ മാത്രമേ സംഗതി അറിയുന്നുള്ളൂ.

ടാഗിൽ തുകയില്ലാത്തവരിൽനിന്ന് ടോൾത്തുകയുടെ ഇരട്ടിയാണ് ഇപ്പോൾ പിഴയായി വാങ്ങിക്കൊണ്ടിരിക്കുന്നത്. ഇത് കമ്പനി നിർബന്ധമായി നടപ്പാക്കിവരുകയാണ്. ടാഗിൽ പണം ഉറപ്പാക്കേണ്ടത് വാഹനഉടമയുടെ ഉത്തരവാദിത്വമാണെന്നും പിഴയീടാക്കുന്നതിലൂടെ ദേശീയപാത അതോറിറ്റിയുടെ നിർദേശമാണ് നടപ്പാക്കുന്നതെന്നും സി.ഒ.ഒ. അറിയിച്ചു.