കൊച്ചി: പൊതുശൗചാലയങ്ങള്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ ഫണ്ടുണ്ടെങ്കിലും സ്ഥലംകിട്ടാത്ത അവസ്ഥ. ശുചിത്വമിഷന്റെ നേതൃത്വത്തിലാണ് സംസ്ഥാനത്തെ വിവിധ നഗരസഭകളുമായി സഹകരിച്ച് പൊതു-സ്വകാര്യ പങ്കാളിത്തതോടെ പൊതു ശൗചാലയങ്ങള്‍ നിര്‍മിക്കാന്‍ പദ്ധതി തയ്യാറാക്കിയത്. 3450 ശൗചാലയങ്ങള്‍ നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതില്‍ 2011 എണ്ണത്തിന് മാത്രമാണ് ഭൂമി കണ്ടെത്താനായത്.

നഗരസഭകളും ജില്ലാഭരണകൂടവും സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ശുചിത്വമിഷന്‍ പദ്ധതി നടപ്പാക്കുന്നത്. ആവശ്യമായ സ്ഥലം കണ്ടെത്തേണ്ടത് ഇവരാണ്. സ്വകാര്യസ്ഥാപനങ്ങള്‍ സഹകരിച്ചാലും സര്‍ക്കാരിന് സ്ഥലം വിട്ടുനല്‍കണം. പോലീസ് സ്റ്റേഷനുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ആസ്​പത്രികള്‍, വിദ്യാലയങ്ങള്‍, ദേശീയപാത, സംസ്ഥാനപാത, മറ്റു റോഡുകളുടെ സമീപം എന്നിവിടങ്ങളിലും ശൗചാലയങ്ങള്‍ ലക്ഷ്യമിടുന്നുണ്ട്. സ്ത്രീസൗഹൃദവും അംഗപരിമിതര്‍ക്ക് സൗകര്യപ്രദവുമായ രീതിയിലാണ് നിര്‍മിക്കുന്നത്.

ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ ഓരോ 25 കിലോമീറ്ററിനും ഇടയില്‍ പൊതുശൗചാലയങ്ങള്‍ വേണമെന്നാണ് ശുചിത്വമിഷന്റെ നിര്‍ദേശം. സ്ഥലം കിട്ടുന്നതിനനുസരിച്ച് അടുത്തവര്‍ഷം മാര്‍ച്ചോടെ ശൗചാലയങ്ങള്‍ പൊതു ഇടങ്ങളില്‍ സജ്ജമാകും. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലാണ് ശൗചാലയങ്ങള്‍ കൂടുതല്‍ വരിക.
 
പൊതുശൗചാലയം പരിമിതി

*ശൗചാലയങ്ങളുടെ പ്രവര്‍ത്തനവും പരിപാലനവും

*വെള്ളത്തിന്റെ ലഭ്യത

*സ്ത്രീസൗഹൃദ അന്തരീക്ഷം ഉണ്ടാകുക
 
പരിഹാരം

* പണംനല്‍കി ഉപയോഗിക്കുന്ന മാതൃകകള്‍ സ്വീകരിക്കാം. കുടുംബശ്രീ പോലുള്ളവയ്ക്ക് കൈമാറാം

*ദേശീയ, സംസ്ഥാന പാതകളില്‍ സ്ഥലം കണ്ടെത്താന്‍ അതോറിറ്റികള്‍ മുന്നോട്ടുവരിക

*വാട്ടര്‍ അതോറിറ്റിയുമായി സഹകരിച്ച് വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കുക

 
പൊതുഭൂമിയില്ലാത്തത് പ്രധാനപ്രശ്‌നം -സി.വി. ജോയ്

സംസ്ഥാനത്ത് പൊതുഭൂമിയില്ലാത്തത് പ്രധാന പ്രശ്‌നമാണെന്ന് ശുചിത്വമിഷന്‍ ഡയറക്ടര്‍ സി.വി. ജോയ് പറഞ്ഞു. സ്ഥലം ലഭിക്കുന്നതനുസരിച്ച് നിര്‍മാണം ആരംഭിക്കും.