തിരുവനന്തപുരം: പൗരത്വനിയമഭേദഗതിക്കെതിരേ ചൊവ്വാഴ്ച രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ ഹർത്താൽ ആചരിക്കുമെന്ന് സംയുക്തസമിതി നേതാക്കൾ അറിയിച്ചു. വെൽഫെയർ പാർട്ടി, എസ്.ഡി.പി.ഐ., ബി.എസ്.പി., മൈനോറിറ്റി വാച്ച് തുടങ്ങിയ സംഘടകളുടെ സംയുക്തസമിതിയാണ് ഹർത്താലിന് ആഹ്വാനംചെയ്തിട്ടുള്ളത്.

ശബരിമല തീർഥാടകരെയും റാന്നി താലൂക്കിനെയും ഹർത്താലിൽനിന്ന്‌ ഒഴിവാക്കി. തദ്ദേശ വാർഡുകളിലേക്കുള്ള തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്തില്ല. അക്രമമോ ബലപ്രയോഗമോ നടത്തില്ലെന്നും ഭാരവാഹികൾ അറിയിച്ചു.

മുൻകൂട്ടി നോട്ടീസ് നൽകാതെ നടത്തുന്ന ഹർത്താൽ നിയമവിരുദ്ധമാണെന്നും ഇതിന്റെ മറവിൽ അക്രമം നടന്നാൽ പോലീസ് ശക്തമായി നേരിടുമെന്നും സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ജനാധിപത്യപരമായി ആർക്കും പ്രതിഷേധിക്കാം. കടകൾ അടപ്പിക്കുന്നതും സഞ്ചാരസ്വാതന്ത്ര്യം തടയുന്നതും നിയമവിരുദ്ധമാണ്. സാമൂഹികമാധ്യമങ്ങളിൽ ഹർത്താൽ പ്രചാരണം നടക്കുന്നുണ്ട്. ഇതും നിരീക്ഷിക്കുന്നുണ്ട്- ഡി.ജി.പി. പറഞ്ഞു.

Content Highlights: Today's Hartal is against law says Police