കൊച്ചി : പൊതുജനാരോഗ്യം ഉറപ്പുവരുത്താൻ വിപുലമായ അധികാരങ്ങളോടെ സംസ്ഥാനത്ത് പബ്ലിക് ഹെൽത്ത് അതോറിറ്റി നിലവിൽവരും. സംസ്ഥാന, ജില്ല, പഞ്ചായത്ത് തലത്തിലാണിത്. പൊതുജനാരോഗ്യം ഉറപ്പുവരുത്താൻ എവിടെയും നോട്ടീസ്‌പോലും നൽകാതെ പരിശോധന നടത്താൻ അതോറിറ്റിക്ക് അധികാരമുണ്ട്. കഴിഞ്ഞദിവസം ഗവർണർ പുറപ്പെടുവിച്ച കേരള പബ്ലിക് ഹെൽത്ത് ഓർഡിനൻസിന്റെ അടിസ്ഥാനത്തിലാണിത് നിലവിൽവരുക.

ആരോഗ്യവകുപ്പ് ഡയറക്ടറായിരിക്കും സംസ്ഥാന പബ്ലിക് ഹെൽത്ത് അതോറിറ്റിയായി മാറുക. ഡി.എം.ഒ. ആണ് ജില്ലാ പബ്ലിക് ഹെൽത്ത് അതോറിറ്റി. ഒാരോ പഞ്ചായത്തിലുമുള്ള പി.എച്ച്.സി.യിലെ മെഡിക്കൽ ഓഫീസർക്കായിരിക്കും ലോക്കൽ പബ്ലിക് ഹെൽത്ത് അതോറിറ്റിയുടെ ചുമതല. പൊതുജനാരോഗ്യത്തിനു ഭീഷണിയാവുന്ന എന്തിനെക്കുറിച്ചും ഒറ്റ കേന്ദ്രത്തിൽ പരാതി ഉന്നയിക്കാൻ കഴിയുമെന്നതാണ് അതോറിറ്റി വരുന്നതോടെ ലഭിക്കുന്ന നേട്ടം.

എല്ലാ തദ്ദേശസ്ഥാപനത്തിലും ലോക്കൽ പബ്ലിക് ഹെൽത്ത് അതോറിറ്റി വേണം. അതോറിറ്റിയെ സഹായിക്കാനായി ഹെൽത്ത് ഇൻസ്പെക്ടർമാരും മറ്റ് ഉദ്യോഗസ്ഥരുമുണ്ടാകും. ആവശ്യപ്പെട്ടാൽ പോലീസ് ഉൾപ്പെടെ എല്ലാ സർക്കാർ വകുപ്പുകളും പബ്ലിക് ഹെൽത്ത് അതോറിറ്റിക്ക് സഹായം നൽകണം.

ചുമതലകൾ ഇങ്ങനെ

  • പൊതുജനാരോഗ്യം ഉറപ്പുവരുത്താനുള്ള വാർഷികപദ്ധതിക്ക് രൂപംനൽകുക.
  • ദേശീയ ആരോഗ്യ പദ്ധതി, ഓർഡിനൻസ് പ്രകാരം നോട്ടിഫൈ ചെയ്യുന്ന വിവിധ രോഗങ്ങൾ എന്നിവയെ സംബന്ധിച്ച ചികിത്സാ പ്രോട്ടോകോൾ പ്രഖ്യാപിക്കുക.
  • ഭക്ഷ്യോത്പന്നങ്ങൾ ഉത്പാദിപ്പിക്കുന്നവർക്ക് ഫിറ്റിനസ് സർട്ടിഫിക്കറ്റ് നൽകുക.
  • ചീത്തയായ ഭക്ഷണം പിടിച്ചെടുക്കാനോ നശിപ്പിക്കാനോ ഉത്തരവിടാം.

Content Highlights: To ensure public health Authority to be formed, can raid without notice