തിരൂരങ്ങാടി: ചെണ്ടമേളങ്ങളുടെ താളത്തിനൊത്ത് ആടിയുംപാടിയും ദേവീസ്തുതികളുമായി വിവിധ ദേശങ്ങളിൽനിന്നുള്ള പൊയ്‌ക്കുതിരസംഘങ്ങൾ മൂന്നിയൂർ കളിയാട്ടക്കാവിലെത്തി. അമ്മാഞ്ചേരി ഭഗവതീക്ഷേത്രത്തിൽ വെള്ളിയാഴ്ച നടന്ന കോഴിക്കളിയാട്ടത്തിന് ആയിരങ്ങളാണ് സംഗമിച്ചത്. ക്ഷേത്രത്തിലെത്തിയ പൊയ്‌ക്കുതിരസംഘങ്ങൾ ദക്ഷിണയർപ്പിച്ച് ക്ഷേത്രപ്രദക്ഷിണം നടത്തി കുതിരപ്ലാക്കൽ തറയിൽ പൊയ്‌ക്കുതിരകളെ തച്ചുടച്ചു. ഭഗവൽപ്രീതിക്കായി ബലിതർപ്പണവും നടന്നു.
ആചാരപ്രകാരം സാംബവ മൂപ്പന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആദ്യം കാവുതീണ്ടൽ ചടങ്ങ് നടത്തിയത്. വൈകുന്നേരം ഏറെ വൈകിയാണ് പൊയ്‌ക്കുതിരസംഘങ്ങളുടെ വരവ് അവസാനിച്ചത്. ക്ഷേത്രത്തിലെത്തിയവർക്ക് കമ്മിറ്റി കഞ്ഞിവിതരണവും നടത്തി. ഹൈക്കോടതി നിരീക്ഷകൻ അഡ്വ: ഇ. നാരായണൻ, തിരൂരങ്ങാടി തഹസിൽദാർ പി. ഷാജു, ക്ഷേത്ര താത്‌കാലിക കമ്മിറ്റിയംഗങ്ങളായ വിളിവള്ളി രാവുണ്ണിക്കുട്ടി നായർ, വിളിവള്ളി രാമചന്ദ്രൻ നായർ, പുതിയവീട്ടിൽ ബാലകൃഷ്‌ണൻ നായർ, അത്തേക്കാട്ടിൽ നാരായണൻ നായർ തുടങ്ങിയവരും സന്നിഹിതരായി. കാർഷിക ചന്തയും ഉത്സവത്തോടനുബന്ധിച്ച് നടന്നു. ബുധനാഴ്ച നടക്കുന്ന കുടികൂട്ടൽച്ചടങ്ങോടെ ഈവർഷത്തെ കളിയാട്ട ഉത്സവം സമാപിക്കും. ഇതോടെ മലബാറിലെ ക്ഷേത്രോത്സവങ്ങൾക്ക് സമാപനമാകുകയാണ്. ഇനി കടലുണ്ടി പേടിയാട്ടുകാവ് ക്ഷേത്രത്തിലെ വാവുത്സവത്തോടെയാണ് ഉത്സവങ്ങൾക്ക് തുടക്കമാവുക.
ജാഗ്രതാ നിർദേശം: ജനത്തിരക്ക് കുറഞ്ഞു
തിരൂരങ്ങാടി: നിപ വൈറസ്‌ബാധയുടെ സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ കർശന നിർദേശങ്ങളോടെയും നിരീക്ഷണങ്ങളോടെയുമാണ് ഇത്തവണ കളിയാട്ട ഉത്സവം നടന്നത്. ജനങ്ങൾ ഒരുമിച്ചുകൂടുന്നത് പരമാവധി കുറയ്ക്കണമെന്ന നിർദേശം പ്രചരിച്ചതോടെ കോഴിക്കളിയാട്ട ദിവസം താരതമ്യേന ജനത്തിരക്ക് കുറഞ്ഞു. പൊയ്‌ക്കുതിരസംഘങ്ങളും ചെറുസംഘങ്ങളായാണ് എത്തിയത്. സംഘങ്ങളിൽ കുട്ടികളുടെയും സ്ത്രീകളുടെയും എണ്ണം കുറവായിരുന്നു. ഭക്ഷ്യവസ്തുക്കളുടെ വില്പന കർശനമായി നിരോധിക്കുകയും ചെയ്തു. മറ്റുകച്ചവടങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയതോടെ പലയിടങ്ങളിലായി നടക്കാറുള്ള താത്‌കാലിക കച്ചവടങ്ങളും കുറഞ്ഞു. ആരോഗ്യവകുപ്പിന്റെ പ്രത്യേകസംഘം കളിയാട്ടക്കാവിലുണ്ടായിരുന്നു. ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാർ, മലപ്പുറം ഡിവൈ.എസ്.പി. ജലീൽ തോട്ടത്തിൽ, തിരൂരങ്ങാടി എസ്.ഐ. വിശ്വനാഥൻ കാരയിൽ എന്നിവരുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘം സുരക്ഷ നിയന്ത്രിച്ചു.