കാട്ടാക്കട: നെയ്യാർഡാമിലെ സിംഹസഫാരി പാർക്കിലെ കൂട്ടിൽനിന്നു ചാടിപ്പോയ കടുവയെ വനംവകുപ്പിന്റെ പ്രത്യേക സംഘം കണ്ടെത്തി മയക്കുവെടി വെച്ച് പിടികൂടി വീണ്ടും കൂട്ടിലാക്കി.

ഞായറാഴ്ച ഉച്ചയോടെയാണ് കടുവയെ കുടുക്കിയത്. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ ഞായറാഴ്ച രാവിലെയോടെ എത്തിയ പ്രത്യേക ദൗത്യസംഘമാണ് കടുവയെ കണ്ടെത്തി കൂട്ടിലാക്കിയത്.

പാർക്കിൽ ശനിയാഴ്ച രാവിലെ കടുവയെ കണ്ടെത്തിയ പിൻഗേറ്റിനടുത്തുതന്നെ ഞായറാഴ്ച വീണ്ടും കണ്ടു. ആളനക്കം ഉണ്ടായതോടെ ഇവിടെനിന്ന്‌ പൊന്തക്കാട്ടിൽ മറഞ്ഞ കടുവ കൂടിന് നൂറുമീറ്ററോളം അടുത്ത് വീണ്ടും പ്രത്യക്ഷപ്പെട്ടപ്പോഴാണ് മയക്കുവെടി വെച്ചത്.

ആദ്യശ്രമം തന്നെ വിജയിച്ചപ്പോൾ കടുവ മയങ്ങി. തുടർന്ന് കടുവയെ വലയിലാക്കി കൂട്ടിലെത്തിക്കുകയായിരുന്നു. ഇതോടെ ഒരുദിവസം നീണ്ട പരിശ്രമങ്ങൾക്കും ആശങ്കയ്ക്കും വിരാമമായി.

വെടിയേറ്റ കടുവയുടെ ആരോഗ്യസ്ഥിതിയറിയാൻ ഒരു ദിവസമെങ്കിലും കാത്തിരിക്കേണ്ടിവരുമെന്ന് വനംവകുപ്പ് അറിയിച്ചു. കുറച്ചുനാൾ കൂടെ കടുവയെ നെയ്യാർഡാമിൽ തന്നെ പാർപ്പിക്കും.

വയനാട്ടിലെ പുൽപ്പള്ളിയിൽനിന്നു വനംവകുപ്പിന്റെ പ്രത്യേക ദൗത്യസംഘം നെയ്യാർഡാം സിംഹസഫാരി പാർക്കിലെത്തിച്ച ഒൻപതു വയസ്സോളം പ്രായമുള്ള പെൺകടുവയാണ് ശനിയാഴ്ച ഉച്ചയോടെ കൂട് പൊളിച്ച് ചാടിപ്പോയത്. ഉച്ചയ്ക്ക്‌ കടുവയ്ക്കു ഭക്ഷണം നൽകാനായി ചെന്ന വനം ഉദ്യോഗസ്ഥരാണ് കടുവ ചാടിപ്പോയതായി കണ്ടത്. തുടർന്ന് വൈകുന്നേരം വരെ ഡ്രോൺ ഉപയോഗിച്ച് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാത്രിയിൽ പാർക്കിനു ചുറ്റും വിളക്കുകൾ സ്ഥാപിച്ച് പാർക്കിലെ കാട്ടിൽ ആടിനെ കെട്ടി കെണിയൊരുക്കി കാത്തിരുന്നെങ്കിലും രാവിലെ ആയിട്ടും കടുവ കെണിയിൽ വീണില്ല. തുടർന്നായിരുന്നു ദൗത്യസംഘമെത്തി കടുവയെ പിടികൂടിയത്.

content highlights: tiger who escaped from neyyar safari park captured