സീതത്തോട്(പത്തനംതിട്ട): തണ്ണിത്തോട്ടിൽ ടാപ്പിങ് തൊഴിലാളിയെ കൊല്ലുകയും ദിവസങ്ങളോളം വടശേരിക്കര-മണിയാർ മേഖലയിൽ ജനങ്ങളെ ഭീതിയിലാക്കുകയും ചെയ്ത കടുവ ചത്തു. ചൊവ്വാഴ്ച വൈകുന്നേരം മണിയാർ- ഇഞ്ചപ്പൊയ്കയിൽ അവശനിലയിൽ കണ്ടെത്തിയ കടുവ രാത്രി വൈകി ചാകുകയായിരുന്നു.

ഇഞ്ചപ്പൊയ്കയിലെ ഒരു കൃഷിയിടത്തിൽ ചൊവ്വാഴ്ച വൈകുന്നേരം നാട്ടുകാരാണ് കടുവയെ കണ്ടെത്തിയത്. ഇവർ അറിയിച്ചതിനെത്തുടർന്ന് എത്തിയ വനപാലകർ കടുവയെ നിരീക്ഷണത്തിലാക്കി. പെൺകടുവ ആയിരുന്നു. അവശനിലയിലായിരുന്ന ഇത് പിന്നീട് ചത്തു.

കടുവയുടെ ജഡം രാത്രി വൈകി വടശേരിക്കര റേഞ്ച് ഓഫീസിലേക്ക് മാറ്റി. വിശദമായ പരിശോധന നടത്തിയശേഷം പ്രത്യേക സമിതിയുടെ നേതൃത്വത്തിലായിരിക്കും പോസ്റ്റുമോർട്ടം നടത്തുകയെന്ന് റാന്നി എ.സി.എഫ്. കെ.വി.ഹരികൃഷ്ണൻ പറഞ്ഞു.

tiger

തണ്ണിത്തോട് മേടപ്പാറയിൽ ടാപ്പിങ് തൊഴിലാളിയായ ഇടുക്കി കഞ്ഞിക്കുഴി വടക്കേതിൽ ബിനീഷ് മാത്യു(36) ഇതേ കടുവയുടെ ആക്രമണത്തിലാണ് മേയ് ഏഴിന് മരിച്ചത്. കടുവയെ കണ്ടതറിഞ്ഞ് നാട്ടുകാർ കൂടിയതോടെ സ്ഥലത്തുനിന്ന് അധികം ദൂരേക്ക്‌ മാറാതെ കൃഷിയിടത്തിൽത്തന്നെ മറിഞ്ഞുവീഴുകയായിരുന്നു. പിന്നീട് കടുവ അവിടെനിന്ന് എഴുന്നേറ്റില്ല.

Content Highlights: Tiger found dead in Pathanamthitt