കണ്ണൂർ: കണ്ണൂരിൽ പുലികൾ മാത്രമല്ല കടുവകളുമുണ്ട്. കൊട്ടിയൂർ-ആറളം വന്യജീവി സങ്കേതത്തിലെ കൊടുംകാട്ടിൽ ഒരു കടുവയുള്ളതായി വനം-വന്യജീവി വകുപ്പിന് വിവരം ലഭിച്ചു. വനത്തിൽ സ്ഥാപിച്ച ക്യാമറയിലാണ് കടുവയുടെ ദൃശ്യം പതിഞ്ഞത്. ഏതാനും വർഷം മുൻപ്‌ ആറളം വന്യജീവി സങ്കേതത്തിന്റെ മറ്റൊരുഭാഗത്ത് ഒരു കടുവയെ കണ്ടെത്തിയിരുന്നു. കർണാടകത്തിലെ വനമേഖലയിൽനിന്നാവാം ഇവിടെ കടുവ എത്തിയതെന്ന് കരുതുന്നു. ആറളം-കൊട്ടിയൂർ വന്യജീവി സങ്കേതത്തിൽ ഒന്നിലേറെ കടുവകൾ എത്തിയിട്ടുണ്ടോ എന്നത് അടുത്തദിവസം വ്യക്തമാകും.

മേയ് അഞ്ചിനാണ് കോഴിക്കോട് മുതൽ കാസർകോട് വരെയുള്ള വനമേഖലയിൽ കടുവ സർവേ നടത്താനായി അത്യാധുനിക ക്യാമറകൾ സ്ഥാപിച്ചത്. വടക്കൻ കേരളത്തിൽ സർവേ ഇന്ന് തീരും. കോഴിക്കോട് ഫോറസ്റ്റ് ഡിവിഷൻ, വയനാട്ടിലെ രണ്ട് ഡിവിഷനുകൾ, വയനാട്ടിലെ വന്യജീവിസങ്കേതം, കാസർകോട് ഡിവിഷൻ, കണ്ണൂർ ഡിവിഷൻ, ആറളം-കൊട്ടിയൂർ വന്യജീവി സങ്കേതം എന്നിവിടങ്ങളിലാണ് ക്യാമറകൾ വെച്ചത്. 15 ക്യാമറകളാണ് എല്ലായിടത്തുമായി വെച്ചത്. പ്രത്യേക സോഫ്റ്റ്‌വേർ ഘടിപ്പിച്ച ക്യാമറയാണ് കേന്ദ്രസർക്കാർ ലഭ്യമാക്കിയിട്ടുള്ളത്.