തൃപ്പൂണിത്തുറ: ഇരുമ്പനം ഐ.ഒ.സി. ടെര്‍മിനലില്‍ ടാങ്കര്‍ലോറി പണിമുടക്ക് മൂലം പെട്രോള്‍, ഡീസല്‍ എന്നിവ സ്റ്റോക്കില്ലാതെ പലയിടങ്ങളിലും പമ്പുകള്‍ അടച്ചു. ഇരുമ്പനത്തും കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലും ഇന്ധനം ഇല്ലാത്തതിനാല്‍ പല പമ്പുകളും അടച്ചതായി സമരക്കാര്‍ പറഞ്ഞു.

ഐ.ഒ.സി.യില്‍ നിന്ന് ഇന്ധനം കൊണ്ടുപോകുന്ന ടാങ്കര്‍ലോറി ഉടമകളും ലോറി തൊഴിലാളികളും സംയുക്തമായി കഴിഞ്ഞ ഞായറാഴ്ച മുതലാണ് അനിശ്ചിതകാല പണിമുടക്ക് തുടങ്ങിയത്. ഇന്ധന വിതരണത്തിലെ ടെന്‍ഡര്‍ അപാകം പരിഹരിക്കണമെന്നാണ് ആവശ്യം. ചൊവ്വാഴ്ച ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ തിരുവനന്തപുരത്ത് ഒത്തുതീര്‍പ്പ് ചര്‍ച്ച വീണ്ടും നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം കോഴിക്കോട്ടു നടന്ന ചര്‍ച്ച പരാജയപ്പെട്ടിരുന്നു.

സമരം മൂന്നു ദിവസം പിന്നിട്ടതോടെ സംസ്ഥാനത്ത് ഇന്ധനത്തിന് ക്ഷാമം നേരിട്ടു തുടങ്ങി. പെട്രോള്‍, ഡീസല്‍, എ.ടി.എഫ്. (ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവല്‍) എന്നിങ്ങനെയായി പ്രതിദിനം 580 ലോഡ് ഇന്ധനമാണ് സംസ്ഥാനത്തിനകത്തും തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലേക്കുമായി ഇരുമ്പനം ഐ.ഒ.സി.യില്‍ നിന്ന് പോയിരുന്നത്.
 
പണിമുടക്ക് തുടങ്ങിയ ശേഷം കെ.എസ്.ആര്‍.ടി.സി. കൊച്ചി ഡിപ്പോയിലേക്ക് മാത്രമാണ് ഏതാനും ലോഡ് ഡീസല്‍ പോകുന്നത്. സമരം നീണ്ടാല്‍ കടുത്ത ഇന്ധന ക്ഷാമത്തിന് ഇടയാക്കും. എ.ടി.എഫ്. കിട്ടാതെ വരുന്നത് വിമാന സര്‍വീസിനേയും ബാധിക്കും. സംഭരണ ശേഷി കൂടുതലുള്ള പമ്പുകളില്‍ മാത്രമേ ഇപ്പോള്‍ ഇന്ധനമുള്ളൂ. രണ്ട് ദിവസം കഴിഞ്ഞാല്‍ ആ പമ്പുകളും കാലിയാകാനാണ് സാധ്യത.