തൃശ്ശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ബാലാവകാശ കമ്മിഷന്റെ പേരില്‍ വ്യാജ അപ്പീല്‍ ഉത്തരവുണ്ടാക്കിയ കേസില്‍ ൈക്രം ബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഒന്നാംപ്രതി തിരുവനന്തപുരം, വട്ടപ്പാറ കണ്ടക്കോട് ചിലക്കാട്ടില്‍ വീട്ടില്‍ സതികുമാറിനെ (46) കണ്ടെത്താനാണിത്. ഇയാളെ കിട്ടിയാലേ വ്യാജ അപ്പീലിനു പിന്നിലെ റാക്കറ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ കിട്ടൂ.

തയ്യല്‍ത്തൊഴിലാളിയായ സതികുമാര്‍ ഒളിവിലാണ്. നൃത്താധ്യാപകന്‍ കൂടിയായ ഇയാളാണ് സംസ്ഥാനത്തെ പലര്‍ക്കും വ്യാജ അപ്പീലുകള്‍ നല്‍കിയത്. കേസില്‍ അറസ്റ്റിലായി ഇപ്പോള്‍ വിയ്യൂര്‍ ജയിലിലുള്ള തൃശ്ശൂര്‍, ചേര്‍പ്പ് സ്വദേശി സൂരജ്കുമാര്‍, മാനന്തവാടി സ്വദേശി ജോബിന്‍ ജോര്‍ജ് എന്നീ നൃത്താധ്യാപകരില്‍നിന്നാണ് സതികുമാറിനെക്കുറിച്ചുള്ള വിവരം പോലീസിന് കിട്ടിയത്. ബാലാവകാശ കമ്മിഷനിലെ ഉദ്യോഗസ്ഥന്‍ എന്നു ധരിപ്പിച്ചാണ് ഇയാള്‍ പല ജില്ലകളിലെയും നൃത്താധ്യാപകരുമായി ബന്ധപ്പെട്ടിരുന്നത്. അറസ്റ്റിലായവരെ കൂടാതെ ആറ് നൃത്താധ്യാപകര്‍കൂടി ക്രൈം ബ്രാഞ്ചിന്റെ നിരീക്ഷണത്തിലാണ്. ഇവരും വ്യാജ അപ്പീലുകള്‍ കുട്ടികള്‍ക്ക് എത്തിച്ചുകൊടുത്തതിലെ കണ്ണികളാണ്.

സതികുമാറിന്റെ മക്കള്‍ തൃശ്ശൂരില്‍ നടന്ന കലോത്സവത്തില്‍ പങ്കെടുത്തിരുന്നു. ഭാര്യയും മക്കളുമായി ഇയാള്‍ ജനുവരി ഒമ്പതിന് തൃശ്ശൂരില്‍ എത്തിയിരുന്നു. ലോഡ്ജില്‍ മുറിയെടുത്തശേഷം കുടുംബത്തെ അവിടെയാക്കി മുങ്ങുകയായിരുന്നു. എറണാകുളത്തെയും തൃശ്ശൂരിലെയും അഭിഭാഷകരുമായി ബന്ധപ്പെട്ട് ഇയാള്‍ മുന്‍കൂര്‍ജാമ്യത്തിന് ശ്രമിക്കുന്നതായി വിവരമുണ്ട്. വൈകാതെ സതികുമാര്‍ പിടിയിലാകുമെന്ന് കേസന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് എസ്.പി. പി.എന്‍. ഉണ്ണിരാജന്‍ പറഞ്ഞു.

നാല് വ്യാജ അപ്പീല്‍ ഉത്തരവുകള്‍ കണ്ടെത്തിയ വിവരം മാതൃഭൂമിയാണ് പുറത്തുകൊണ്ടുവന്നത്. ഇതേത്തുടര്‍ന്ന് വിദ്യാഭ്യാസവകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് വ്യാജ ഉത്തരവുകള്‍ പത്തെണ്ണമുണ്ടെന്ന് കണ്ടെത്തിയത്. നൂറുകണക്കിന് വ്യാജ അപ്പീലുകള്‍ സംസ്ഥാനത്തുണ്ടെന്ന നിഗമനത്തിലാണ് പോലീസും വിദ്യാഭ്യാസവകുപ്പും. മുന്‍വര്‍ഷങ്ങളില്‍ ഇത്തരം തട്ടിപ്പുകള്‍ നടന്നിട്ടുണ്ടോ എന്നും പോലീസ് പരിശോധിച്ചുതുടങ്ങി.

അറസ്റ്റിലായവരുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു

അറസ്റ്റിലായ സൂരജിന്റെയും ജോബിന്‍ ജോര്‍ജിന്റെയും ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ചത്തേക്കു മാറ്റി. വെള്ളിയാഴ്ചയാണ് ഇവരുടെ ജാമ്യാപേക്ഷ തൃശ്ശൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ വന്നത്. ഇവരെ കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.