: ചന്ദ്രശേഖരന്റെ മസ്തകമേറി തിരുവമ്പാടി ഭഗവതി തെക്കോട്ടിറങ്ങി നിന്നപ്പോൾ റൗണ്ടിൽ നിരന്നുനിന്ന പാറമേക്കാവ് വിഭാഗം 15 ചുവപ്പുകുടകളുയർത്തി. ഒരു പച്ചക്കുട ഉയർത്തി തിരുവമ്പാടി മറുപടി നൽകി. പിന്നാലെ മറുവിഭാഗം പച്ചയുയർത്തിയപ്പോൾ ഇവിടെ ചുവപ്പും നിവർത്തി- ഇക്കൊല്ലത്തെ പൂരത്തിന്റെ കുടമാറ്റത്തെ ഇങ്ങനെ വിവരിക്കുന്നതാവും ഉചിതം. പ്രതീകാത്മകമായിമാറിയ കുടമാറ്റം ഇക്കുറി നാലുമിനിറ്റുകൊണ്ട് അവസാനിച്ചു. ഭഗവതിമാരുടെ കൂടിക്കാഴ്‌ച എന്ന ചടങ്ങ് മാത്രമായി തെക്കോട്ടിറക്കത്തെ ഇത്തവണ രണ്ട് ദേവസ്വങ്ങളും മാറ്റുന്ന കാഴ്‌ചയാണ് കാണാനായത്.

ഇലഞ്ഞിത്തറമേളം പൂർത്തിയാക്കി അഞ്ചേകാലോടെയാണ് പാറമേക്കാവ് വിഭാഗം വടക്കുന്നാഥനിൽനിന്ന്‌ തെക്കോട്ടിറങ്ങിയത്. ഗോപുരമിറങ്ങുമ്പോൾത്തന്നെ കുടകൾ മാറ്റി പാറമേക്കാവ് വിഭാഗം പ്രദർശനം തുടങ്ങി. ചുവപ്പും പല വർണങ്ങളും, ചന്ദനവും പിങ്കും അങ്ങനെ... മാറ്റിയത് എട്ട് കുടകൾ. ആനകൾ സ്വരാജ് റൗണ്ടിലെത്തി പാറമേക്കാവ് പത്മനാഭൻ, രാജാവിനെ വലംവെച്ച് മടങ്ങിയെത്തി തിരുവമ്പാടി വിഭാഗത്തിനായി കാത്തുനിന്നു. ശ്രീമൂലസ്ഥാനത്ത് കിഴക്കൂട്ട് അനിയൻമാരാരുടെ പ്രാമാണ്യത്തിലുള്ള മേളം കഴിഞ്ഞ് തിരുവമ്പാടി വിഭാഗം വടക്കുന്നാഥനിൽ കയറി.

അഞ്ചരയോടെ തെക്കേഗോപുരവാതിലിന് മുന്നിൽ പച്ചക്കുടയുയർത്തി പുറത്തേക്കെഴുന്നെള്ളിപ്പിന്റെ അടയാളമറിയിച്ചു. പിന്നാലെയാണ് പ്രതീകാത്മക കുടമാറ്റം നടന്നത്. ഇത് കഴിഞ്ഞയുടൻ പാറമേക്കാവ് വിഭാഗം ക്ഷേത്രത്തിലേക്കുള്ള മടക്കയാത്ര തുടങ്ങുകയും ചെയ്തു.

പൂരപ്പറമ്പിൽ 10 മിനിറ്റുകൂടി നിന്നശേഷം തിരുവമ്പാടി വിഭാഗവും മടങ്ങി. നേരത്തേ പാറമേക്കാവിന്റെ, പുറപ്പാടിനിടയിലും തിരുവമ്പാടിയുടെ, ശ്രീമൂലസ്ഥാനത്തും കുടമാറ്റങ്ങൾ നടന്നു. പാറമേക്കാവ് വിഭാഗം തയ്യാറാക്കിയിരുന്ന 30 കുടകളും ആ സമയത്ത് നിവർത്തിയിരുന്നു. പാറമേക്കാവ് ഭഗവതിയുടെ മുഖം തെയ്യത്തിന്റെ രൂപത്തിൽ ചിത്രീകരിച്ച സ്പെഷ്യൽ കുടയും ഇതിലുണ്ടായിരുന്നു. രാത്രിയിൽ സംസ്ഥാനത്ത് കർഫ്യൂ ഉണ്ടെങ്കിലും പൂരം എഴുന്നള്ളിപ്പിന് പ്രത്യേകാനുമതി നൽകിയിരുന്നതിനാൽ പൂരച്ചടങ്ങുകൾ നടന്നു.