തൃശ്ശൂർ: ‘രാമാ...’ വിളികൾ മാത്രമായിരുന്നു തെക്കേഗോപുരനടയിൽ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനായിരുന്നു ആ താരം. പുരുഷാരം ഒഴുകിയെത്തിയതോടെ, തിങ്കളാഴ്‌ച നടക്കേണ്ട തൃശ്ശൂർ പൂരം തലേന്ന് തുടങ്ങിയ പ്രതീതിയായി. തെക്കോട്ടിറക്കത്തോളം ആളുണ്ടായിരുന്നു തെക്കേനടതുറക്കലിനും. മണികണ്ഠനാലിൽ തുടങ്ങി ശ്രീമൂലസ്ഥാനംവരെയുള്ള വഴിയുടെ ഇരുവശവുംനിന്ന ആളുകൾ രാമചന്ദ്രന് ജയ് വിളിച്ചു. പോലീസ് അകമ്പടിയുമുണ്ടായിരുന്നു എഴുന്നള്ളിപ്പിലുടനീളം.

ഏഴരയോടെയായിരുന്നു രാമചന്ദ്രന്റെ പൂരം ഇറക്കം. പേരാമംഗലം സെന്റർ വരെ നടന്നു. പിന്നെ ലോറിയിൽ കയറി.

മണികണ്ഠനാലിൽ 9.40-ന് ആരംഭിച്ച മേളം 10.15 ആയപ്പോഴേക്കും ശ്രീമൂലസ്ഥാനത്തെത്തി. രാമചന്ദ്രൻ വടക്കുന്നാഥക്ഷേത്രത്തിനുള്ളിൽ കടന്നപ്പോൾ ജനം തെക്കേഗോപുരനട ലക്ഷ്യമാക്കി. തെക്കേഗോപുരനടയിലെ അനക്കങ്ങൾ ആളുകളെ ആവേശംകൊള്ളിച്ചു. നെറ്റിപ്പട്ടത്തിന്റെയും കോലത്തിളക്കത്തിന്റെയും ലാഞ്ഛന ഗോപുരനടയിൽ എത്തിയപ്പോൾ ആരവം ഉച്ചസ്ഥായിയിലായി. മൊബൈലുകൾ മിന്നി.

10.40-ന് നടതുറന്നുവന്ന രാമചന്ദ്രനിൽനിന്ന് തെക്കേഗോപുരനടയിൽ വെച്ചുതന്നെ കൊമ്പൻ തെച്ചിക്കോട്ടുകാവ് ദേവീദാസനിലേക്ക് തിടമ്പ് മാറ്റി. എന്നാൽ, രാമചന്ദ്രൻ തെക്കേഗോപുരനട വിട്ട് ഇറങ്ങുന്നതുവരെ ജനക്കൂട്ടം പിരിഞ്ഞില്ല. രണ്ട്‌ കൊമ്പന്മാരും ചേർന്ന് തുമ്പി ഉയർത്തിയപ്പോഴും ആരവം ഉച്ചസ്ഥായിയിലായി. രാമചന്ദ്രനെയും കയറ്റി ലോറി മുന്നോട്ടുപോകുമ്പോഴും ആനപ്രേമികൾ പിൻതുടർന്നു.

തിങ്കളാഴ്‌ചത്തെ പൂരത്തിന് കനത്തസുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 3,500 പോലീസുകാരെ വിന്യസിച്ചു. അത്യാധുനിക ഉപകരണങ്ങളും സജ്ജമാക്കി.

തിരുവമ്പാടി വിഭാഗത്തിന്റെ ചമയപ്രദർശനവും ഞായറാഴ്‌ച നടന്നു. പൂരത്തിനുള്ള ആനകൾ വൈകീട്ടോടെ തേക്കിൻകാട് മൈതാനത്ത്‌ നിരന്നു. കരിയഴക് കാണാൻ ജനങ്ങൾ ഒഴുകിയെത്തി. പൂരദിവസമായ തിങ്കളാഴ്‌ച രാവിലെമുതൽ ഘടകപൂരങ്ങൾ വടക്കുന്നാഥനെ വണങ്ങാനെത്തും. 11.30-ന്‌ നടക്കുന്ന മഠത്തിൽവരവും രണ്ടുമണിയോടെ ആരംഭിക്കുന്ന ഇലഞ്ഞിത്തറമേളവും നാദ, താളവൈവിധ്യങ്ങളൊരുക്കും. അഞ്ചരയോടെ തെക്കേഗോപുരനടയിൽ കുടമാറ്റം തുടങ്ങും. ചൊവ്വാഴ്‌ച ഉച്ചയ്ക്ക് തിരുവമ്പാടി, പാറമേക്കാവ് ദേവിമാർ ഉപചാരംചൊല്ലി പിരിയുന്നതോടെ പൂരം പൂർണമാവും.

content highlights: thrissur pooram 2019, Thechikottukavu Ramachandran