തൃശ്ശൂര്‍: കലാഭവന്‍ മണിയുടെ ശരീരത്തില്‍ മെഥനോളിന്റെയും കീടനാശിനിയായ ക്ലോര്‍പൈറിഫോസിന്റെയും സാന്നിധ്യമുണ്ടായിരുന്നതായി അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

മണിക്ക് മാരകമായ കരള്‍ രോഗവും വൃക്കത്തകരാറും ആന്തരിക രക്തസ്രാവവുമുണ്ടായിരുന്നതായും മെഡിക്കല്‍ കോളേജ് ഫൊറന്‍സിക് വിഭാഗം പോലീസിന് കൈമാറിയ റിപ്പോര്‍ട്ടിലുണ്ട്. വിഷാംശം ശരീരത്തിലെത്തിയതും രോഗവും മരണകാരണമായതായി വിലയിരുത്തുന്നു. വിഷാംശം ശരീരത്തിലെത്തിയത് എങ്ങനെയെന്ന് പറയുന്നില്ല. അതേസമയം മണിക്ക് വിഷബാധയുടെ ലക്ഷണങ്ങളില്ലായിരുന്നുവെന്നാണ് ചികിത്സിച്ച ഡോക്ടര്‍മാരുടെ മൊഴി.

വിഷാംശം മാരകമായ അളവിലുണ്ടോയെന്ന വിവരം റിപ്പോര്‍ട്ടിലില്ല. വിഷത്തിന്റെ അളവിനെക്കുറിച്ചുള്ള വിവരം കാക്കനാട്ടെ മേഖലാ കെമിക്കല്‍ അനലൈസേഴ്‌സ് ലാബില്‍നിന്നുള്ള റിപ്പോര്‍ട്ടില്‍ ഇല്ലാത്തതാണ് കാരണം. ഹൈദരാബാദിലെ കേന്ദ്ര ഫോറന്‍സിക് സയന്‍സ് ലാബില്‍ നടത്തുന്ന, രക്തത്തിന്റെയും ആന്തരികാവയവങ്ങളുടെയും പരിശോധനയിലേ ഇക്കാര്യം വ്യക്തമാകൂ. രാസപരിശോധനാ റിപ്പോര്‍ട്ടും ഡോക്ടര്‍മാരുടെ മൊഴിയും തമ്മിലുള്ള വൈരുധ്യം നിലനില്‍ക്കുകയാണ്.
 
മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നില്ലെന്നാണ് കൊച്ചിയിലെ സ്വകാര്യ ആസ്​പത്രിയിലെ ഡോക്ടര്‍മാര്‍ പോലീസിന് മൊഴി നല്‍കിയിട്ടുള്ളത്. എന്നാല്‍, മെഥനോളിന്റെയും മറ്റുചില രാസവസ്തുക്കളുടെയും സാന്നിധ്യം കണ്ടെത്തിയിരുന്നതായും ഡോക്ടര്‍മാര്‍ മൊഴി നല്‍കിയിട്ടുണ്ട്. വിഷബാധയുടെ ലക്ഷണമൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ആസ്​പത്രിയിലേക്ക് കൊണ്ടുപോകുംമുമ്പ് മണിയെ പരിശോധിച്ച ഡോക്ടറും പോലീസിനെ അറിയിച്ചിട്ടുള്ളത്. കീടനാശിനി ഉള്ളിലെത്തിയാലുണ്ടാകുന്ന രൂക്ഷഗന്ധം മണിയുടെ കാര്യത്തില്‍ ഉണ്ടായിരുന്നില്ലെന്ന് ഇവര്‍ പറയുന്നു.

മണിയുടെ മരണത്തിലേക്ക് നയിച്ച ലക്ഷണങ്ങള്‍ മാരകമായ കരള്‍രോഗത്തിന്റേതാണെന്നാണ് വിദഗ്ധ ഡോക്ടര്‍മാരുടെയും അഭിപ്രായം. കീടനാശിനിയുടെയും മെഥനോളിന്റെയും സാന്നിധ്യത്തിനും ആന്തരിക രക്തസ്രാവത്തിനും കാരണം കരള്‍രോഗമാകാനാണിട. ഭക്ഷണത്തിലൂടെയും മദ്യത്തിലൂടെയും മറ്റും ഉള്ളില്‍ച്ചെല്ലുന്ന വിഷാംശം കരളിന് നീക്കം ചെയ്യാനാകാതെ വരുന്നതിനാല്‍ ആന്തരികാവയവങ്ങളില്‍ അടിഞ്ഞുകൂടിയതാകാനാണ് സാധ്യത.

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന നിഗമനത്തിലേക്കാണ് പോലീസും നീങ്ങുന്നത്. കേന്ദ്രലാബില്‍നിന്നുള്ള റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ അന്തിമ നിഗമനത്തിലെത്തൂ. എന്നാല്‍, മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ഉറച്ച നിലപാടിലാണ് ബന്ധുക്കള്‍.