തൃശ്ശൂര്‍: കേട്ടാല്‍ അതിശയം തോന്നും. സംസ്ഥാനത്തെ മന്ത്രിമാരില്‍ പലര്‍ക്കും സാധാരണക്കാര്‍ക്കുള്ള ജീവിതസൗകര്യങ്ങള്‍ പോലുമില്ല. സ്വത്തുവിവരങ്ങള്‍ സംബന്ധിച്ച് 2015 സപ്തംബറില്‍ സമര്‍പ്പിച്ച രേഖയിലെ വിവരമാണിത്.

ഇതനുസരിച്ച് പി.കെ. ജയലക്ഷ്മി, ഷിബു ബേബി ജോണ്‍, കെ.പി. മോഹനന്‍ എന്നിവര്‍ക്ക് സ്വന്തം പേരില്‍ വീടില്ല. ആര്യാടന്‍ മുഹമ്മദ്, കെ. ബാബു, ഇബ്രാഹിം കുഞ്ഞ്, അടൂര്‍ പ്രകാശ്, എം.കെ. മുനീര്‍, പി.കെ. ജയലക്ഷ്മി, മഞ്ഞളാംകുഴി അലി എന്നിവര്‍ക്ക് കാറില്ല.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആര്യാടന്‍ മുഹമ്മദ്, കെ.എം. മാണി, സി.എന്‍. ബാലകൃഷ്ണന്‍, എ.പി. അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, പി.കെ. ജയലക്ഷ്മി എന്നിവര്‍ക്ക് എല്‍.ഐ.സി. പോളിസിപോലുമില്ല. മന്ത്രി ജയലക്ഷ്മിക്കും അടൂര്‍ പ്രകാശിനും ബാങ്ക് അക്കൗണ്ടുമില്ല. എന്നാല്‍ കെ.പി. മോഹനന്റെ സ്വത്തിന്റെ കൂട്ടത്തില്‍ അഞ്ചു കന്നുകാലികളുമുണ്ട്.

ലീഗ് മന്ത്രിയായ മഞ്ഞളാംകുഴി അലിക്ക് കൈരളി ടി.വി.യില്‍ അഞ്ചുലക്ഷത്തിന്റെ ഓഹരിയുണ്ട്. ഇ.എം.എസ്. ആസ്​പത്രിയിലുമുണ്ട് പതിനായിരം രൂപയുടെ ഷെയര്‍. മന്ത്രി എം.കെ. മുനീറിന് ഇന്ത്യാവിഷന്‍ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷനില്‍ ആറുലക്ഷം രൂപയുടെ ഓഹരിയാണുള്ളത്.

ബാങ്ക് അക്കൗണ്ടുകളുടെയും നിക്ഷേപത്തിന്റെയും കാര്യത്തില്‍ മുന്നില്‍ നില്ക്കുന്നതു പി.കെ. കുഞ്ഞാലിക്കുട്ടിയും ഷിബു ബേബിജോണുമാണ്. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഭാര്യയുടെ പേരില്‍ ഒരുകോടിയോളം രൂപയുടെ സ്ഥിരനിക്ഷേപമുണ്ട്. കുഞ്ഞാലിക്കുട്ടിക്കും ഭാര്യയ്ക്കും കൂടി രണ്ടുകോടിയോളം രൂപയുടെ നിക്ഷേപമാണുള്ളത്.

മന്ത്രി ഷിബു ബേബിജോണിനും ഭാര്യയ്ക്കുംകൂടി അഞ്ചുകോടിയോളം രൂപയുടെ നിക്ഷേപമുണ്ട്. പത്തോളം കമ്പനികളിലെ ഓഹരിയായും ബാങ്ക് നിക്ഷേപമായുമാണ് ഈ തുക. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കോട്ടയം മുനിസിപ്പാലിറ്റിയില്‍ 18 സെന്റ് സ്ഥലത്ത് 2900 ചതുരശ്രയടി വിസ്തൃതിയുള്ള വീടുണ്ട്. എന്നാലിതിന് ഒന്നരലക്ഷം രൂപയാണ് മൂല്യം കാണിച്ചിരിക്കുന്നത്.