വാണിയംപാറ(തൃശ്ശൂർ): ദേശീയപാത വാണിയംപാറയിൽ ശനിയാഴ്ച പുലർച്ചെ കാർ പത്തടി താഴ്ചയുള്ള കുളത്തിലേക്കുമറിഞ്ഞ് ദമ്പതിമാർ മരിച്ചു. രണ്ടുമണിക്കുനടന്ന അപകടത്തിൽ എറണാകുളം തൃപ്പൂണിത്തുറ എരൂർ നായർസമാജത്തിനുസമീപം ‘വുഡർട്ട് ഹോൾമാർക്ക്’ വില്ലയിൽ താമസിക്കുന്ന ബെന്നി ജോർജ് (53), ഭാര്യ ഷീല ബെന്നി (50) എന്നിവരാണ്‌ മരിച്ചത്. കാറോടിച്ചിരുന്ന വൈറ്റില സ്വദേശി ശശി കർത്ത കുളത്തിൽ വളർന്നുനിന്ന മരത്തിൽ പിടിച്ച് അദ്‌ഭുതകരമായി രക്ഷപ്പെട്ടു.

കോയമ്പത്തൂരിൽ റോട്ടറി ക്ലബ്ബിന്റെ യോഗം കഴിഞ്ഞ് വൈറ്റിലയിലേക്കുപോകുകയായിരുന്നു. മുന്നിൽപ്പോയ ലോറി അവിചാരിതമായി ഇടത്തേക്കുതിരിഞ്ഞതാണ് അപകടകാരണമെന്ന് ഡ്രൈവർ പറഞ്ഞു. പ്രദേശത്തെ കുടിവെള്ളപദ്ധതിക്കായുള്ള കുളത്തിലാണ് വാഹനം വീണത്. അരയടി മാത്രം ഉയരമുള്ള മതിലിൽ കാർകയറി മറിയുകയായിരുന്നു. വാഹനങ്ങൾ വീഴാതിരിക്കാനുള്ള സുരക്ഷാ സംവിധാനങ്ങളൊന്നും ഇവിടെയില്ല.

അഗ്നിരക്ഷാസേന പുലർച്ചെ നാലരയോടെ കരയ്ക്കുകയറ്റിയ കാറിൽനിന്നാണ് ഷീലയുടെ മൃതദേഹം കണ്ടെടുത്തത്. മുങ്ങൽ വിദഗ്ധരുടെ തിരച്ചിലിൽ 6.40-ന് ബെന്നിയുടെ മൃതദേഹം കണ്ടെത്തി.

വടക്കാഞ്ചേരി മംഗലംപാലത്തിൽനിന്നുള്ള അഗ്നിരക്ഷാസേന, പാലക്കാട്ടുനിന്നുള്ള സ്കൂബ ടീം അംഗങ്ങൾ, പീച്ചി പോലീസ്, നാട്ടുകാർ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

എറണാകുളം പനമ്പിള്ളി നഗറിൽ ‘സക്സസ് അൺലിമിറ്റഡ്’ എന്ന സ്ഥാപനം നടത്തിവരികയായിരുന്നു മോട്ടിവേഷൻ ട്രെയിനറായ ബെന്നി ജോർജ്. റോട്ടറി എറണാകുളം ഡിസ്ട്രിക് 3201 സെക്രട്ടറിയും റോട്ടറി കൊച്ചിൻ വെസ്റ്റ് മെമ്പറുമാണ്. ടാറ്റാ ഡോക്കോമോയിലെ മുൻ ഉദ്യോഗസ്ഥയാണ് ഷീല. റോട്ടറി ഡിസ്ട്രിക്ട്‌ സെക്രട്ടേറിയറ്റ് അംഗമാണ്. അലീന ഏക മകൾ. മരുമകൻ: അശ്വിൻ.

ഇരുവരുടെയും മൃതദേഹം ഞായറാഴ്ച രാവിലെ എട്ടുമുതൽ 10.30 വരെ എറണാകുളം പനമ്പിള്ളി നഗറിലെ റോട്ടറിയുടെ ബാലഭവനിൽ പൊതുദർശനത്തിനുവെക്കും. ഉച്ചയ്ക്ക് രണ്ടിന് വാഴക്കുളം സെയ്ന്റ് ജോർജ് പള്ളി സെമിത്തേരിയിൽ ശവസംസ്കാരം.

അപകടകാരണം അശാസ്ത്രീയ നിർമാണം

അപകടംനടന്ന സ്ഥലത്ത് ദേശീയപാതയോരത്ത് ഗർത്തങ്ങളുണ്ടെങ്കിൽ സ്ഥാപിക്കേണ്ട ഇരുമ്പ് ക്രാഷ് ബാരിയർ സ്ഥാപിച്ചിരുന്നില്ല. ഗർത്തം സൂചിപ്പിക്കുന്ന സൂചനാബോർഡുമില്ല. പാലം സമീപത്തുണ്ടെന്ന്‌ കാണിക്കുന്ന ബോർഡുകളോ പാലത്തിൽ റിഫ്ളക്ടറോ പതിപ്പിച്ചിട്ടില്ല.

പീച്ചി ഡാമിന്റെ വലതുകര കനാലിൽനിന്ന് വെള്ളം കൊണ്ടുപോകുന്ന കനാലാണ് ചുവന്നമണ്ണിൽ ദേശീയപാതയുടെ മധ്യത്തിലുള്ളത്. ആറുവരിപ്പാതയിലൂടെ വരുന്ന വഴിപരിചയമില്ലാത്ത വാഹനങ്ങൾക്ക് റോഡിന്റെ മധ്യത്തിലുള്ള പാലം തിരിച്ചറിയാൻ കഴിയാറില്ല. പാലത്തിന്റെ തൊട്ടടുത്ത് എത്തുമ്പോഴാണ് ഭൂരിഭാഗം ഡ്രൈവർമാരും ശ്രദ്ധിക്കുന്നത്. ആറുവരിയിലൂടെ നല്ല വേഗത്തിൽ വരുന്ന വാഹനങ്ങൾ പെട്ടെന്ന് നിയന്ത്രിക്കാനും സാധിക്കില്ല.

content highlights: thrissur car accident