തൃശ്ശൂർ: നാട്ടിലിറങ്ങുന്ന കാട്ടാനകളെ ബഹളംവെച്ചും പടക്കംപൊട്ടിച്ചും ഓടിക്കുമ്പോൾ അവയ്ക്കു പിന്നാലെ ശ്രീധർ ഉദയകൃഷ്ണൻ (28) എന്ന തൃശ്ശൂർക്കാരനും കാട്ടിലേക്ക് കയറി. ആനക്കമ്പം മാത്രമായിരുന്നില്ല ആ  പോക്കിനു പിന്നിൽ, ആട്ടിപ്പായിക്കുമ്പോൾ കാട്ടാനകൾക്കുണ്ടാകുന്ന   മാനസികസമ്മർദത്തെക്കുറിച്ചുള്ള പഠനത്തിലായിരുന്നു ശ്രീധർ. 

തിരിച്ച് കാടുകയറിയശേഷം അവയിട്ട പിണ്ടങ്ങൾ ശേഖരിച്ചായിരുന്നു പഠനം.  ആട്ടിപ്പായിക്കലുകൾ ആനകളെ അതീവ   മാനസികസമ്മർദത്തിലാക്കുന്നുവെന്ന വിവരം പിണ്ടത്തിൽനിന്ന് ഹോർമോണുകൾ വേർതിരിച്ച് കണ്ടെത്തി. 

അമേരിക്കയിൽനിന്ന്  പുറത്തിറങ്ങുന്ന ജനറൽ ആൻഡ്‌ കംപാരിറ്റീവ് എൻഡോക്രൈനോളജി  എന്ന അന്താരാഷ്ട്ര ജേണലിൽ പഠനവിവരങ്ങൾ പ്രസിദ്ധീകരിച്ചു.   ഇത്തരത്തിലുള്ള ആദ്യ പഠനമാണിത്. ബെംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഗവേഷകവിദ്യാർഥിയാണ്  നടുവിലാൽ ശ്രീപാദം ഹൗസിൽ താമസിക്കുന്ന ശ്രീധർ.

നിബിഡവനമുള്ള വാൽപ്പാറയിലായിരുന്നു പഠനം. ആനമല, പറമ്പിക്കുളം, ഇരവികുളം, ഇടമലയാർ, വാഴച്ചാൽ എന്നിവിടങ്ങളിലെ കാടുകളിൽനിന്നുള്ള ആനകളാണ് ഈ ഭാഗത്ത് നാട്ടിൽ ഇറങ്ങുന്നത്. 

പിന്തുടർന്നത് 69 ആനകളെ 

പിന്തുടർന്ന 69 ആനകളെയും ശ്രീധറിന് വ്യക്തമായി അറിയാം. എല്ലാ ആനകൾക്കും പേരും ഇട്ടു. ആനക്കൂട്ടങ്ങൾക്കും പേരുണ്ട്. വാൽപ്പാറയിലെ മോണിക്ക എസ്റ്റേറ്റിൽ ഇറങ്ങിയ കൂട്ടത്തിന് മോണിക്കക്കൂട്ടം എന്നാണ് പേരിട്ടത്. ഇതിലെ മുതിർന്ന ആനയ്ക്കും പേര് മോണിക്ക. ഇത് കഴിഞ്ഞ  ജനുവരിയിൽ ചരിഞ്ഞു. 

നാട്ടിലിറങ്ങിയ ആന കഴിക്കുന്ന ഭക്ഷണം പിണ്ടമായി പുറത്തുവരാൻ 40   മണിക്കൂറോളം വേണം. ഉൾക്കാടുകളിൽ പിണ്ടം ശേഖരിക്കാൻ  സഹായത്തിന് ആദിവാസികളുമുണ്ടായിരുന്നു. പിണ്ടം ചൂടാക്കിപ്പൊടിച്ച്  സൂക്ഷിച്ചു. എട്ടുമാസംകൊണ്ട് ഇരുനൂറോളം സാമ്പിളുകൾ ശേഖരിച്ച് അവ ഹൈദരാബാദിലെ കേന്ദ്രസർക്കാർ ലബോറട്ടറിയിൽ കൊണ്ടുപോയി വിശകലനം ചെയ്തു. 

കുട്ടിയാനകൾ  ഏറെ പേടിക്കുന്നു 

ആനപ്പിണ്ടത്തിൽനിന്ന് ഫീക്കൽ ഗ്ലൂക്കോകോർട്ടിക്കോയ്ഡ്  മെറ്റാബൊലൈറ്റ് എന്ന ഹോർമോണാണ് വേർതിരിച്ചെടുക്കുന്നത്. മാനസികസമ്മർദം ഉണ്ടാകുമ്പോൾ ഉത്പാദിപ്പിക്കപ്പെടുന്നതാണിത്. ഒരു  ഗ്രാമിൽ മൂന്ന് മൈക്രോഗ്രാമാണ് സാധാരണ അളവ്. എന്നാൽ,  പേടിച്ചോടിയ കുട്ടിയാനയിൽ ഇത് 105 ശതമാനം കൂടുന്നതായി കണ്ടു. മുതിർന്ന ആനകളിൽ 24 ശതമാനവും.

മാനസികസമ്മർദം ആനകളുടെ ദഹനവ്യവസ്ഥ, പ്രതിരോധശക്തി, പ്രത്യുത്‌പാദനശേഷി എന്നിവയെ  ബാധിക്കും. സിങ്കപ്പൂരിൽ നടന്ന ഇന്റർനാഷണൽ എലിഫന്റ്  സിമ്പോസിയത്തിൽ ഈ വിഷയം അവതരിപ്പിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.