തൃശ്ശൂര്‍: 'ഇരുള്‍ വിളയുന്ന രാത്രിയില്‍ ദുഃസ്വപ്‌നങ്ങള്‍ കീറാത്ത പുതപ്പാര് തരും' എന്ന കവിതാഭാഗം ഉരുവിട്ട് ധനമന്ത്രി ബജറ്റ് അവതരണ േവളയില്‍ പ്രകീര്‍ത്തിച്ച സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ഫലമില്ലാതെയാകുന്നു. പെന്‍ഷന്‍ പദ്ധതികള്‍ക്കായി സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിബന്ധനകള്‍ ഒട്ടേറെ വയോജനങ്ങളെയും വിധവകളെയുമാണ് വരുമാനമില്ലാതാക്കുന്നത്.

കുടുംബവരുമാനം ഒരു ലക്ഷത്തിന് മുകളില്‍, 1200 ചതുരശ്ര അടിയില്‍ കൂടുതല്‍ വീടുള്ളവര്‍, കുടുംബത്തിന് രണ്ടേക്കറില്‍ കൂടുതല്‍ ഭൂമി, ആദായ നികുതി ഒടുക്കുന്നവര്‍ക്കൊപ്പം താമസിക്കുന്നവര്‍, 1000 സി.സി.ക്കു മുകളിലുള്ള കാറുകളുള്ളവര്‍ എന്നിവര്‍ പെന്‍ഷന്‍ വാങ്ങുന്നത് അനര്‍ഹമാണെന്നാണ് ധനമന്ത്രി ബജറ്റ് അവതരണത്തില്‍ പറഞ്ഞിരുന്നത്. ഇവര്‍ മാര്‍ച്ച് 31-നുള്ളില്‍ സ്വമേധയാ പെന്‍ഷനില്‍ നിന്ന് പിന്മാറണമെന്നും അല്ലാത്തപക്ഷം സര്‍വേയിലൂടെ കണ്ടെത്തിയാല്‍ പെന്‍ഷന്‍ തിരിച്ചടയ്‌ക്കേണ്ടി വരുമെന്നും പറഞ്ഞിരുന്നു. ഇതുപ്രകാരം സ്വമേധയാ പിന്മാറാനുള്ള സമയം അവസാനിച്ചു.

പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കൊപ്പം താമസിക്കുന്നവര്‍, കാറുകളുള്ള വീട്ടിലുള്ളവര്‍ തുടങ്ങിയ നിബന്ധനകളാണ് വയോജനങ്ങളെ ഏറെ ബാധിച്ചത്. ഒരു ലക്ഷത്തില്‍ താഴെ കുടുംബ വരുമാനമുള്ളവര്‍ കേരളത്തില്‍ വിരളമാണ്. മാസം 8500 രൂപ ശമ്പളമുള്ളവര്‍ക്ക് പോലും വരുമാനം ഒരു ലക്ഷം കവിയും.

സാമൂഹിക പെന്‍ഷന്‍ നിലനിര്‍ത്താന്‍ കുടുംബാംഗത്തെ റേഷന്‍ കാര്‍ഡില്‍ നിന്ന് മാറ്റാനായി ശ്രമിച്ചാലും സാധിക്കുന്നില്ല. നിലവിലെ രീതിയനുസരിച്ച് റേഷന്‍ കാര്‍ഡില്‍ തിരുത്തല്‍ വരുത്താന്‍ ചുരുങ്ങിയത് മേയ് അവസാനമാകും.

ധനമന്ത്രി ബജറ്റില്‍ പറഞ്ഞത്

വളരെ ഉയര്‍ന്ന വരുമാനക്കാര്‍ ഇന്ന് പെന്‍ഷന്‍ വാങ്ങിക്കൊണ്ടിരിക്കുകയാണ്. അനര്‍ഹരെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ ഊര്‍ജിത തിരുത്തല്‍ പരിപാടി നടപ്പാക്കും. അതിനാണ് വരുമാനത്തിനു പുറമേ മറ്റ് മാനദണ്ഡങ്ങള്‍ കൂടി ബാധകമാക്കി അര്‍ഹത നിര്‍ണയിക്കുന്നത്. 42.4 ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ നേരിട്ടും ക്ഷേമനിധികളില്‍ നിന്നായി അഞ്ചുലക്ഷം പേര്‍ക്കും പെന്‍ഷന്‍ നല്കുന്നുണ്ട്. വര്‍ഷം ആറായിരത്തോളം കോടിയാണ് ഇതിനായി ചെലവിടുന്നത്.