തൃശ്ശൂര്‍: എരണ്ടക്കെട്ടില്‍ ആനകളുടെ ആയുസ്സ് കുറയുന്നു. രണ്ടു കൊല്ലത്തിനിടെ 56 ആനകള്‍ ചരിഞ്ഞതില്‍ 34 എണ്ണത്തിനും എരണ്ടക്കെട്ടായിരുന്നു.

തിരുവമ്പാടി ശിവസുന്ദര്‍ അടക്കം എട്ടാനകളാണ് ജനുവരി ഒന്നിനുശേഷം സംസ്ഥാനത്ത് ചരിഞ്ഞത്. 2017-ല്‍ 20- ഉം 2016-ല്‍ 26-ഉം ആനകള്‍ ചരിഞ്ഞു. പരിപാലനത്തില്‍ വന്ന മാറ്റമാണ് എരണ്ടക്കെട്ടിനു കാരണമായി ആനചികിത്സകരും ആനപ്രേമികളും പറയുന്നത്. കാട്ടാനകള്‍ക്ക് എരണ്ടക്കെട്ട് കുറവാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ജീവിതരീതിയിലുണ്ടായ വ്യത്യാസം മനുഷ്യരെ രോഗികളാക്കുംപോലെ നാട്ടാനകള്‍ക്കും ചികിത്സ ഫലപ്രദമാകാത്ത രോഗങ്ങള്‍ കൂടുകയാണ്.

നാട്ടാനകള്‍ക്ക് വ്യായാമം തീരെ ഇല്ലാതായതാണ് പരിപാലനത്തില്‍ വന്ന പ്രധാന മാറ്റം. കാട്ടാന ദിവസേന മുപ്പതു കിലോമീറ്ററെങ്കിലും വനത്തിനുള്ളില്‍ നടക്കുന്നുണ്ട്. നാട്ടില്‍ ആനയെ നടത്തിക്കൊണ്ടുപോയിരുന്നത് അവസാനിച്ചതോടെ വ്യായാമം ഇല്ലെന്നായി. ഒന്നും രണ്ടും ദിവസങ്ങളിലായി ഇരുപതും മുപ്പതും കിലോമീറ്റര്‍ നടത്തിയായിരുന്നു എഴുന്നള്ളിപ്പിനും മറ്റും കൊണ്ടുപോയിരുന്നത്. ടാറിട്ട റോഡിലൂടെ ആനയെ നടത്തിക്കൊണ്ടുപോകുന്നതിനു വിലക്കായതോടെ സഞ്ചാരം ലോറികളിലായി. ചെറിയ ദൂരത്തിലുള്ള നടത്തം പോലും ഇല്ലെന്നുവന്നത് ദഹനപ്രക്രിയയില്‍ വലിയ ദോഷമാണുണ്ടാക്കിയത്. ഭയപ്പാടോടെയുള്ള ലോറികളിലെ യാത്രയും വായുകോപത്തിനിടയാക്കുന്നു.

എഴുനൂറില്‍ അധികം ആനകള്‍ ഉണ്ടായിരുന്ന സംസ്ഥാനത്തിപ്പോള്‍ 416 ആനകള്‍ മാത്രമാണുള്ളത്. ഇവയില്‍ അമ്പതോളം ആനകളെ മദപ്പാടിനാലും മറ്റു കാരണങ്ങളാലും തളച്ചിട്ടിരിക്കയാണ്. എന്നാല്‍, ഉത്സവസീസണിലെ എഴുന്നള്ളിപ്പുകള്‍ കൂടുകയാണുണ്ടായത്. അതുകൊണ്ടുതന്നെ നിലവിലുള്ളവയ്ക്ക് ഉത്സവകാലം വിശ്രമരഹിതവുമായി. തലയെടുപ്പുള്ള ആനകള്‍ക്ക് ഒറ്റ ദിവസം പോലും ഒഴിവില്ലെന്നായിട്ടുണ്ട്. ലോറിയിലുള്ള പോക്കും എഴുന്നള്ളിപ്പിച്ചുള്ള ഒരേ നില്‍പ്പും ദഹനപ്രക്രിയയെ ദോഷകരമായി ബാധിക്കുന്നുവെന്ന ചിന്തയാണ് ആനചികിത്സകര്‍ പങ്കുവെയ്ക്കുന്നത്.

കനത്ത ചൂടും ആവശ്യത്തിനു വെള്ളം കൊടുക്കാതിരിക്കുന്നതും എരണ്ടക്കെട്ടിനു കാരണമാകുന്നുണ്ട്. വെള്ളം കൂടുതല്‍ കൊടുത്താല്‍ മദജലം കൂടാനിടയാക്കുമെന്ന ധാരണയില്‍ പാപ്പാന്മാരില്‍ പലരും കുറച്ചു വെള്ളമേ കൊടുക്കാറുള്ളൂ. വെള്ളവും ഇല്ലാതാകുന്നതോടെ കുടലില്‍ രൂപപ്പെടുന്ന പിണ്ടം കോണ്‍ക്രീറ്റ് കണക്കെ കട്ടപിടിക്കുകയാണ്.

വേനല്‍ക്കാലത്ത് പനംപട്ടയ്ക്കു പകരം ഈര്‍പ്പാംശമുള്ള ഇലകള്‍ കൂടുതലായി കൊടുക്കണമെന്നുണ്ടെങ്കിലും അതും നടപ്പാവുന്നില്ല. പനംപട്ടയും തെങ്ങോലയുമാണ് കനത്ത വേനലിലും നല്‍കുന്നത്. പനംപട്ടയിലെ മുള്ളും തെങ്ങോലയുടെ ഈര്‍ക്കിലും എരണ്ടക്കെട്ടുണ്ടാകുമ്പോള്‍ കുടലില്‍ കൊണ്ട് വ്രണങ്ങള്‍ ഉണ്ടാക്കുന്നത് മരണകാരണമായി മാറുന്നുണ്ട്.

ഇതേസമയം, ചികിത്സയുടെ കാര്യത്തില്‍ ആധുനിക സംവിധാനങ്ങള്‍ ഫലപ്രദമാക്കാന്‍ കഴിഞ്ഞിട്ടില്ല. സ്‌കാനിങ്ങടക്കമുള്ള മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്താനാകുന്നില്ല. ആനകളുടെ ചികിത്സയ്ക്കായി ആസ്​പത്രി തുടങ്ങുമെന്ന പ്രഖ്യാപനവും നടപ്പായിട്ടില്ല.

എരണ്ടക്കെട്ട് എന്നാല്‍....

ശോധനയില്ലാതെ, പിണ്ടം പുറത്തേക്ക് പോകാതിരിക്കുന്ന അവസ്ഥ. ഏഴെട്ടു മീറ്റര്‍ വരെ നീളമുള്ള ആനയുടെ കുടലിലൂടെ കടന്നുപോകുന്ന തീറ്റ ഏതെങ്കിലും ഭാഗത്ത് തടസ്സം നേരിട്ടാല്‍ പിന്നീട് നീങ്ങാതെ വരും. ഉരുളകളായി മാറുന്ന തീറ്റ നീങ്ങാതാകുന്നതോടെ ദഹനപ്രക്രിയ പാടെ തെറ്റും. പിന്നീട് ഭക്ഷണം കഴിയ്ക്കാതെ പെട്ടെന്ന് തളര്‍ച്ചയിലേക്കു മാറും. ഇതിനിടെ വയറിളക്കംകൂടി ആയാല്‍ ജലാംശം കുറഞ്ഞ് ആന വീണുപോകുന്നു.

നടത്തം അത്യാവശ്യം

ആനകളെ ലോറിയില്‍ കൊണ്ടുപോകുന്നത് അവസാനിപ്പിക്കണം. നാട്ടാനകള്‍ക്ക് ഒട്ടും തന്നെ വ്യായാമം ഇല്ലാത്തത് എരണ്ടക്കെട്ടിനു കാരണമാണ്. ആനയെ പരിപാലിക്കുന്നതില്‍ കടുത്ത വീഴ്ചയുമുണ്ട്. കുളിപ്പിക്കുന്നതിലും വെള്ളം കൊടുക്കുന്നതിലും എല്ലാം ഈ കുറവ് കാണാന്‍ കഴിയും.

-ഡോ. കെ.സി. പണിക്കര്‍

ആന ചികിത്സകന്‍

ലോറിയാത്ര തടയണം

ഉല്‍സവാഘോഷങ്ങള്‍ക്കും എഴുന്നെള്ളിപ്പുകള്‍ക്കുമായി ആനകളെ ലോറികളില്‍ കൊണ്ടു പോകുന്നത് അവസാനിപ്പിക്കണം. നിരന്തരമായ യാത്രയിലൂടെ കടുത്ത ക്ഷീണവും അവയുടെ ദഹനപ്രക്രിയയ്ക്കു തടസ്സവും ഉണ്ടാക്കുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കു നിവേദനം നല്‍കും.

-വി.കെ. വെങ്കിടാചലം,

സെക്രട്ടറി,

ഹെറിറ്റേജ് ആനിമല്‍ ടാസ്‌ക് ഫോഴ്‌സ്.