തൃശ്ശൂര്‍ : കോടിയേരി ഓണിയന്‍ ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ കെ.എസ്.എഫ്. യൂണിറ്റ് രൂപവത്കരിച്ചാണ് ബാലകൃഷ്ണന്‍ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയത്. ഏഴു വര്‍ഷംകൊണ്ട് കെ.എസ്.എഫിന്റെ സംസ്ഥാന സെക്രട്ടറിയായി. സ്‌കൂള്‍തലം മുതല്‍ സ്വന്തം ഗ്രാമത്തിന്റെ പേരില്‍ അറിയപ്പെടാനായിരുന്നു ബാലകൃഷ്ണനിഷ്ടം. അങ്ങനെ കോടിയേരി ബാലകൃഷ്ണനായി. വിദ്യാര്‍ഥി പ്രസ്ഥാനത്തില്‍ ഇഷ്ട നേതാവായിരുന്ന പിണറായി വിജയനായിരുന്നു ഇതിനു പ്രചോദനം.

പാര്‍ലമെന്റ് ബീഡി-സിഗാര്‍ നിയമം പാസാക്കിയ സമയം. കര്‍ണാടകത്തില്‍നിന്നുള്ള ബീഡിക്കമ്പനികള്‍ തലശ്ശേരിയില്‍നിന്ന് പിന്‍വലിഞ്ഞു. കേരള ദിനേശ് ബീഡി രൂപവത്കരണത്തിലേക്ക് കാര്യങ്ങളെത്തി. കലുഷിതമായ അന്തരീക്ഷം നേരിടാന്‍ പിണറായി വിജയന്‍ സി.പി.എം. തലശ്ശേരി മണ്ഡലം സെക്രട്ടറിയായി. എം.വി. രാജഗോപാലന്‍ ലോക്കല്‍ സെക്രട്ടറി. രാജു മാസ്റ്റര്‍ എന്നറിയപ്പെട്ട അദ്ദേഹത്തിന്റെ ഉറ്റ സഹപ്രവര്‍ത്തകനായി ബാലകൃഷ്ണനും. 1972 ഡിസംബര്‍ അവസാനവും 1973 ജനുവരി ആദ്യവുമായി നാലഞ്ച് ദിവസം കേരളത്തെ വിറപ്പിച്ച തലശ്ശേരി വര്‍ഗീയകലാപം നടക്കുമ്പോള്‍ സമാധാനം സ്ഥാപിക്കാനും ആരാധനാലയങ്ങള്‍ സംരക്ഷിക്കാനും മുന്നിട്ടിറങ്ങിയ സ്‌ക്വാഡുകളില്‍ കോടിയേരിയുമുണ്ടായിരുന്നു.

ചെറുപ്പം മുതല്‍ സി.പി.എം. സംസ്ഥാനതലത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ കോടിയേരി, 65 വയസ്സിനിടെ 40 വര്‍ഷവും തലസ്ഥാനനഗരം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചത്. രാഷ്ട്രീയഗുരുവും ഭാര്യാപിതാവുമായ എം.വി. രാജഗോപാലന്‍ മരിച്ചതിനെ തുടര്‍ന്നുള്ള ഉപതിരഞ്ഞെടുപ്പിലാണ് നിയമസഭാപ്രവേശം. പിന്നീട് പലവട്ടം എം.എല്‍.എ. ഒരുതവണ മന്ത്രി.

അടിയന്തരാവസ്ഥക്കാലത്തുടനീളം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലിലായിരുന്നു. പിണറായി വിജയന്‍, എം.പി. വീരേന്ദ്രകുമാര്‍, കെ.പി. സഹദേവന്‍ തുടങ്ങിയവര്‍ അന്ന് സഹതടവുകാര്‍.

സംഘടനാനടപടിയുമായി ബന്ധപ്പെട്ട് ടി. ഗോവിന്ദനെ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയപ്പോഴാണ് കോടിയേരി പാര്‍ലമെന്ററി രംഗത്തുനിന്ന് മാറി പാര്‍ട്ടിനേതൃത്വത്തിലേക്കു കടക്കുന്നത്. 1995-ലെ കൊല്ലം സമ്മേളനത്തിനു ശേഷം സംസ്ഥാന സെക്രട്ടേറിയറ്റംഗമായി. 2006-ല്‍ വീണ്ടും നിയമസഭയില്‍. വി.എസ്. മന്ത്രിസഭയില്‍ ആഭ്യന്തരം-ടൂറിസം വകുപ്പുകള്‍ കൈകാര്യം ചെയ്തു.

2008-ല്‍ സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം. ആലപ്പുഴ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറിയായി. പിണറായി വിജയന്റെ പിന്‍ഗാമിയായാണ് ഈ സ്ഥാനത്തേക്കെത്തുന്നത്. ഇപ്പോള്‍ രണ്ടാംവട്ടം പാര്‍ട്ടിയെ സംസ്ഥാനതലത്തില്‍ നയിക്കാന്‍ അവസരം കൈവന്നിരിക്കുന്നു. തുറന്ന പെരുമാറ്റവും പ്രസംഗത്തിലെ നര്‍മവും കാര്യങ്ങള്‍ പഠിച്ചവതരിപ്പിക്കുന്നതിലെ മികവുമാണ് കോടിയേരിയെ കേരളരാഷ്ട്രീയത്തില്‍ ശ്രദ്ധേയ വ്യക്തിത്വമാക്കിയത്.വിശ്വാസം കാത്തുസൂക്ഷിക്കുംസംസ്ഥാന സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതില്‍ പാര്‍ട്ടിക്ക് തന്നിലുള്ള വിശ്വാസമാണ് പ്രതിഫലിക്കുന്നത്. അത് കാത്തുസൂക്ഷിക്കും. കേരളത്തില്‍ സി.പി.എമ്മോ ഇടതുപക്ഷ ജനാധിപത്യമുന്നണിയോ 50 ശതമാനം ജനപിന്തുണയാര്‍ജിച്ചിട്ടില്ല. അതിനുള്ള ശ്രമമാണ് ഇനി നടത്തുക. ജനപിന്തുണ വര്‍ധിപ്പിച്ചാലേ കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാകൂ. ഇതിന് സി.പി.എം. ശക്തിപ്പെടണം. കൂട്ടായ നേതൃത്വത്തിലൂടെ അതിനായി പരിശ്രമിക്കും.

1991-നു ശേഷം അംഗത്വം നേടിയവരാണ് സി.പി.എമ്മിലെ 89 ശതമാനം അംഗങ്ങളും അവരെ ശരിയായി രാഷ്ട്രീയവത്കരിക്കേണ്ടതുണ്ട്. അതിനായി പരിശ്രമിക്കും. സംസ്ഥാനത്തെ ഏറ്റവും വലിയ ബഹുജനപ്രസ്ഥാനമെന്ന നിലയില്‍ കേരള ജനതയുടെ പുരോഗതിക്കും ക്ഷേമത്തിനുമായി പാര്‍ട്ടി നേതൃത്വത്തില്‍ 45 ഇന പരിപാടികള്‍ നടപ്പാക്കും.

-കോടിയേരി ബാലകൃഷ്ണന്‍