തൃശ്ശൂര്‍: കേരളത്തില്‍ ആയുര്‍വേദ മരുന്ന് നിര്‍മാണത്തിന് അനുമതി കിട്ടാത്തതിനാല്‍ ഔഷധനിര്‍മാതാക്കള്‍ സംസ്ഥാനം വിടാനൊരുങ്ങുന്നു.

പത്തു മാസമായി ആയുര്‍വേദ ഔഷധനിര്‍മാണത്തിനാവശ്യമായ ഡ്രഗ്‌സ് ലൈസന്‍സ് പുതുക്കിനല്‍കുകയോ മരുന്നു കയറ്റുമതിക്കാവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയോ െചയ്തിട്ടില്ല. ഇതിനാല്‍ കേരളത്തിലെ ആയുര്‍വേദ ഔഷധനിര്‍മാതാക്കള്‍ കടുത്ത പ്രതിസന്ധിയിലാണ്.

പുതുതായി ഉണ്ടാക്കുന്ന പേറ്റന്റ് ഔഷധങ്ങള്‍ക്ക് നാല് വര്‍ഷമായി ലൈസന്‍സ് കേരളത്തില്‍ നല്‍കുന്നില്ല. എന്നാല്‍, മറ്റ് സംസ്ഥാനങ്ങളില്‍ അപേക്ഷ കൊടുത്താല്‍ 15 ദിവസത്തിനുള്ളില്‍ ലൈസന്‍സ് ലഭിക്കുന്നുണ്ട്. അതിനാല്‍ തമിഴ്‌നാട്ടിലേക്ക് ചേക്കേറാനൊരുങ്ങുകയാണ് കേരളത്തിലെ പ്രമുഖ ആയുര്‍വേദ സ്ഥാപനങ്ങള്‍.

മറ്റു സംസ്ഥാനങ്ങളില്‍ മരുന്നു വിതരണം ചെയ്യുന്നതിനുള്ള ഗവണ്‍മെന്റ് ടെന്‍ഡറുകള്‍ക്കൊപ്പം വെയ്‌ക്കേണ്ടതായ രേഖകളും കേരളത്തില്‍ അനുവദിക്കുന്നില്ല. മരുന്നുത്പാദകരുടെ പ്രശ്‌നങ്ങള്‍ക്ക് 14 ദിവസത്തിനകം പരിഹാരം ഉണ്ടാകണമെന്ന് ജനുവരി 16-ന് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവുണ്ടായിരുന്നു. എന്നാല്‍, അത് ഇതുവരെയും നടപ്പായില്ല. ലൈസന്‍സിങ് നടപടികള്‍ നടക്കാത്തതുമൂലം നികുതിവരുമാനത്തില്‍ കേരള സര്‍ക്കാരിനും കോടികളുടെ നഷ്ടമുണ്ട്.

പ്രശ്‌നം തര്‍ക്കം

ലൈസന്‍സ് അനുവദിക്കേണ്ട സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍ സര്‍ക്കാരുമായി ഇടഞ്ഞതാണ് ലൈസന്‍സ് വൈകിപ്പിക്കാന്‍ കാരണം. ലൈസന്‍സ് നല്‍കാനുള്ള ഇവരുടെ അധികാരം സര്‍ക്കാര്‍ തടഞ്ഞുെവച്ചിരിക്കുകയാണ്. ഇക്കാര്യം കാണിച്ച് മരുന്ന് നിര്‍മാതാക്കള്‍ നല്‍കിയ പരാതിയിലാണ് 14 ദിവസത്തിനകം പ്രശ്‌നപരിഹാരമുണ്ടാക്കണമെന്ന് ജനുവരി 16-ന് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ വിധി വന്നത്.

നിവേദനം നല്‍കി
ആയുര്‍വേദ ഔഷധ നിര്‍മാണ മേഖലയെ കേരളത്തില്‍ നിലനിര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി പി.കെ. വാരിയര്‍, വൈദ്യരത്‌നം ഔഷധശാല ചെയര്‍മാന്‍ ഇ.ടി. നാരായണന്‍ മൂസ്, ആര്യവൈദ്യ ഫാര്‍മസി ചെയര്‍മാന്‍ ഡോ. പി.ആര്‍. കൃഷ്ണകുമാര്‍, ശാന്തിഗിരി ആയുര്‍വേദ ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി ജ്ഞാനതപസ്വി, സീതാറാം ആയുര്‍വേദ ഫാര്‍മസി മാനേജിങ് ഡയറക്ടര്‍ ഡോ. ഡി. രാമനാഥന്‍, വി.ജി. ദേവദാസ് നമ്പൂതിരി (നാഗാര്‍ജ്ജുന ആയുര്‍വേദിക് ഗ്രൂപ്പ്), നാരായണന്‍ നമ്പൂതിരിപ്പാട് (വൈദ്യമഠം), ഡോ.കെ. അനില്‍കുമാര്‍ (കേരള ആയുര്‍വേദ ഫാര്‍മസി, ആലുവ), ഡോ. യു.കെ. പവിത്രന്‍ (അശോക ഫാര്‍മസി, കണ്ണൂര്‍), ജോയിച്ചന്‍ കെ. എരിഞ്ഞേരി (എവറസ്റ്റ് ഫാര്‍മ), ഡോ. മനോജ് കാളൂര്‍ (ആര്യവൈദ്യ വിലാസിനി വൈദ്യശാല), പ്രദീപ് ജ്യോതി (വാസുദേവവിലാസം) എന്നിവരാണ് മുഖ്യമന്ത്രിക്ക് സംയുക്ത നിവേദനം നല്‍കിയത്.