തൃശ്ശൂര്‍: ശബരിമല തീര്‍ഥാടകര്‍ക്ക് നല്‍കുന്ന ഭക്ഷണത്തിന്റെയും കുടിവെള്ളത്തിന്റെയും കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധവേണമെന്ന് റെയില്‍വേ പോലീസ്. ശബരിമല തീര്‍ഥാടകര്‍ക്ക് ഐ.എസ്. ഭീഷണിയുള്ള സാഹചര്യത്തിലാണ് തൃശ്ശൂര്‍ റെയില്‍വേ പോലീസ് തൃശ്ശൂര്‍ സ്റ്റേഷന്‍ മാനേജര്‍ക്ക് കത്തയച്ചത്.

തിങ്കളാഴ്ചത്തെ തീയതിയാണ് കത്തില്‍ കാണുന്നതെങ്കിലും തീയതി മാറിപ്പോയതാണ് എന്നാണ് ഇതുസംബന്ധിച്ച് പോലീസ് പറയുന്നത്. വകുപ്പുകള്‍ക്കുള്ളില്‍ നടക്കുന്ന ആശയവിനിമയത്തിന്റെ ഭാഗമായാണ് ഈ കത്ത് അയച്ചതെന്നും ഇത് പുറത്താകാന്‍ പാടില്ലാത്തതായിരുന്നുവെന്നും അധികൃതര്‍ പറയുന്നു.

കുടിവെള്ളത്തില്‍ വിഷം കലര്‍ത്താന്‍ സാധ്യതയുണ്ടെന്ന അപായ അറിയിപ്പ് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും കത്തിലുണ്ട്. ഭക്ഷണവും വെള്ളവും സുരക്ഷിതമാണെന്നുറപ്പാക്കാനും കത്ത് ആവശ്യപ്പെടുന്നു. പോലീസ് സ്റ്റേഷനില്‍നിന്നാണോ റെയില്‍വേ അധികാരികളില്‍നിന്നാണോ കത്ത് ചോര്‍ന്നതെന്ന് വ്യക്തമല്ല. ഈ കത്ത് സാമൂഹികമാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിക്കുന്നുണ്ട്.