തൃശ്ശൂര്‍: ഇങ്ങനെ പോയാല്‍ വരും തലമുറയ്ക്ക് ആനയെ കാണാന്‍ സര്‍ക്കാര്‍ മുദ്രയിലേക്ക് നോക്കേണ്ടി വരും. അത്തരത്തിലാണ് കേരളത്തിലെ നാട്ടാനകളുടെ മരണം. രണ്ട് വര്‍ഷത്തിനിടെ സംസ്ഥാനത്ത് ചരിഞ്ഞത് 53 നാട്ടാനകള്‍. ഇക്കൊല്ലം മാത്രം 17. എരണ്ടക്കെട്ടാണ് നാട്ടാനകളുടെ അന്തകനാകുന്നത്.

സംസ്ഥാനത്തിപ്പോള്‍ അവശേഷിക്കുന്നത് 540 നാട്ടാനകള്‍ മാത്രം. ഇവയില്‍ പന്ത്രണ്ടെണ്ണം എരണ്ടക്കെട്ടിന്റെ പിടിയിലാണ്. അഞ്ച് വര്‍ഷം മുമ്പ് സംസ്ഥാനത്ത് 816 ആനയുണ്ടായിരുന്നു. 2007 മുതലാണ് നാട്ടാനകളുടെ എണ്ണം കുറഞ്ഞുതുടങ്ങിയത്. അന്ന് കേരളത്തില്‍ ആയിരം ആനകളുണ്ടായിരുന്നു.

വാരിക്കുഴിയുപയോഗിച്ച് ആനപ്പിടിത്തം പാടില്ലെന്ന നിയമവും ഇതരസംസ്ഥാനങ്ങളില്‍നിന്ന് വാങ്ങരുതെന്ന ഉത്തരവും നിലവിലുണ്ട്. അതിനാല്‍ ഇനി കേരളത്തില്‍ ആനകളെത്തില്ല.

വനം വകുപ്പിന്റെ കൈയില്‍ക്കിട്ടുന്ന ആനകളെ മാത്രമാണ് വളര്‍ത്താനാകുക. ലഭ്യമായ കണക്കുകള്‍ പ്രകാരം വനം വകുപ്പിന്റെ പക്കല്‍ ഒമ്പത് കുട്ടിയാനകളടക്കം 32 ആനകളുണ്ട്.

ഇവയെല്ലാം കോട്ടൂര്‍, കോടനാട്, കരുളായി, കോന്നി എന്നിവിടങ്ങളിലെ ആന വളര്‍ത്തുകേന്ദ്രങ്ങളിലാണ്. വനം വകുപ്പിന് കിട്ടുന്ന ആനകള്‍ !ഡി.എഫ്.ഒ. യുടെ ഉടമസ്ഥതയിലാണെന്ന് രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥയുണ്ട്. എന്നാല്‍ ആനകള്‍ ചരിഞ്ഞാലുള്ള നൂലാമാലകള്‍ ഭയന്ന് ഇത് ഇപ്പോള്‍ നടത്തുന്നുമില്ല.

ഇക്കൊല്ലം ചരിഞ്ഞ ആനകളില്‍ പത്തെണ്ണം തൃശ്ശൂര്‍ ജില്ലയിലാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആനകളുള്ളതും തൃശ്ശൂര്‍ ജില്ലയില്‍തന്നെ. ഗുരുവായൂര്‍ ദേവസ്വത്തിന് 52 ആനകളുണ്ട്. തിരുവിതാംകൂര്‍ ദേവസ്വത്തിന് 29, മലബാര്‍ ദേവസ്വത്തിന് നാല്, കൊച്ചിന്‍ േദവസ്വത്തിന് പതിനൊന്ന് എന്നിങ്ങനെയാണ് കണക്ക്. മറ്റുള്ളവ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലാണ്. സ്വകാര്യ വ്യക്തിയുടെ പക്കല്‍ ഏറ്റവും കൂടുതല്‍ ആനയുള്ളത് പാലക്കാട് ജില്ലയിലെ മംഗലാംകുന്നിലാണ്.