കൊച്ചി: കളമശ്ശേരി പത്തടിപ്പാലത്ത് മെട്രോ തൂണിൽ കാറിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ച സംഭവത്തിൽ എല്ലാ കാര്യങ്ങളിലും വിശദമായ അന്വേഷണം ഉണ്ടാകുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു അറിയിച്ചു. കാറിലുണ്ടായിരുന്ന മൂന്നുപേരും മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അപകടം സംബന്ധിച്ച കൂടുതൽ സി.സി.ടി.വി. ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നും കമ്മിഷണർ വ്യക്തമാക്കി.

കാറപകടത്തിൽ മരിച്ച ആലുവ ചുണങ്ങംവേലി എരുമത്തല കൊട്ടാരപ്പിള്ളി വീട്ടിൽ മൻഫിയ (സുഹാന -21)യുടെ ബന്ധുക്കൾ കഴിഞ്ഞദിവസം അപകടത്തിൽ ദുരൂഹത ഉന്നയിച്ചിരുന്നു. അപകടം നടന്ന കാറിൽ നാലാമതൊരാൾ കൂടി ഉണ്ടായിരുന്നതായും ഇവർ സംശയം പ്രകടിപ്പിച്ചിരുന്നു.

അപകടവിവരം ഇയാളാണ് അറിയിച്ചതെന്നും എന്നാൽ, അപകടശേഷം ഇയാൾ ഒളിവിലാണെന്നുമാണ് ബന്ധുക്കൾ പറയുന്നത്. ഇതോടൊപ്പം, മൻഫിയയെ കൊല്ലുമെന്ന് കാമുകൻ ഭീഷണപ്പെടുത്തിയിരുന്നതായും ആരോപണമുണ്ട്. സി.സി.ടി.വി. ദൃശ്യങ്ങളുടെ പരിശോധനയിലൂടെ ദുരൂഹത അഴിക്കാനാകുമെന്നാണ് അന്വേഷണ പ്രതീക്ഷ. കാറോടിച്ചിരുന്ന സൽമാനുൽ ഫാരിസിനെയും (26) ഒപ്പമുണ്ടായിരുന്ന ജിബിൻ ജോൺസണെയും (28) വീണ്ടും ചോദ്യംചെയ്യും.

ഇടപ്പള്ളിയിൽ സുഹൃത്തിന്റെ പിറന്നാൾ ആഘോഷമുണ്ടെന്ന് പറഞ്ഞാണ് അപകടദിവസം വൈകീട്ട് മൻഫിയ വീട്ടിൽനിന്നു പോയതെന്നാണ് ബന്ധുക്കൾ പറയുന്നത്. എന്നാൽ, പിറന്നാൾ ആഘോഷത്തിന്റെ കാര്യം സൽമാനുലോ ജിബിനോ പറഞ്ഞിട്ടില്ല.

Content Highlights : Kalamassery accident: All three Passangers in the car were drunk says Police