കൊച്ചി/ ന്യൂഡൽഹി: രാജ്യത്തെ പ്രധാന നഗരങ്ങളിൽ ദീപാവലിക്കുമുന്നോടിയായി വൻ സ്ഫോടനത്തിന് പദ്ധതിയിട്ട അൽഖായിദ സംഘത്തിലെ മൂന്നുപേർ കൊച്ചിയിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.െഎ.എ.)യുടെ പിടിയിലായി. പെരുമ്പാവൂരിലെ മുടിക്കലിലും ഏലൂരിലെ പാതാളത്തും അതിഥിതൊഴിലാളികളായി കഴിഞ്ഞിരുന്ന മുർഷിദ് ഹസൻ, ഇയാകൂബ് ബിസ്വാസ്, മൊസറഫ് ഹൊസ്സെൻ എന്നിവരാണ് പിടിയിലായത്. സംഘത്തിലെ ആറുപേരെ പശ്ചിമബംഗാളിലെ മുർഷിദാബാദിൽനിന്ന് പിടികൂടി.
നജ്മുസ് സാക്കിബ്, അബു സൂഫിയാൻ, മൈനുൽ മൊണ്ടൽ, ലിയാൻ അഹമ്മദ്, അൽ മാമുൻ കമാൽ, ഐതുർറഹ്മാൻ എന്നിവരാണ് മുർഷിദാബാദിൽ പിടിയിലായത്. മുർഷിദ് ഹാസനാണ് ഇവരുടെ നേതാവ്. എല്ലാവരും ബംഗാൾസ്വദേശികളാണ്.
റെയ്ഡ് പതിനൊന്നിടങ്ങളിൽ
ഇന്റലിജൻറ്‌സ് ഏജൻസികളിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിലും ബംഗാളിലുമായി ഒരേസമയം പതിനൊന്നിടങ്ങളിലാണ് എൻ.ഐ.എ. റെയ്ഡ് നടത്തിയത്. രാജ്യത്തെ സുപ്രധാനകേന്ദ്രങ്ങളിൽ സ്ഫോടനം നടത്താനും സാധാരണക്കാരെ കൊന്നൊടുക്കാനും ഇവർ പദ്ധതിയിട്ടതായി വിവരം ലഭിച്ചതിനെത്തുടർന്ന് സെപ്റ്റംബർ 11-ന് കേസെടുത്തിരുന്നതായി എൻ.ഐ.എ. വക്താവ് പറഞ്ഞു.
കൊച്ചിയിലെ റെയ്ഡ് അർധരാത്രി
വെള്ളിയാഴ്ച അർധരാത്രിക്കുശേഷം വീടുവളഞ്ഞാണ് പോലീസ് സഹായത്തോടെ എൻ.ഐ.എ. ഇവരെ പിടികൂടിയത്. പിടിയിലായവരിൽനിന്ന് ആയുധങ്ങളും ജിഹാദിരേഖകളും കണ്ടെടുത്തു. ഇവരുടെ കൈവശമുണ്ടായിരുന്ന ഫോണുകളും ലാപ്‌ടോപ്പും പിടിച്ചെടുത്തിട്ടുണ്ട്. ഡൽഹി, മുംബൈ, കൊച്ചി അടക്കമുള്ള നഗരങ്ങൾ ലക്ഷ്യമിട്ടായിരുന്നു സംഘത്തിന്റെ പ്രവർത്തനം. കൊച്ചിയിൽ നാവികസേനാത്താവളവും കപ്പൽശാലയുമായിരുന്നു പ്രതികൾ ലക്ഷ്യമിട്ടതെന്നാണ് എൻ.ഐ.എ. പറയുന്നത്.
മുർഷിദാബാദിലും കേരളത്തിലും ഒരേസമയത്താണ് എൻ.ഐ.എ. റെയ്ഡ് നടത്തിയത്. ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് എൻ.ഐ.എ. സംഘം പ്രതികൾ താമസിച്ചിരുന്ന വീടുകളിലെത്തിയത്. ഒന്നരമണിക്കൂറിലേറെ വീടുകളിൽ പരിശോധന നടത്തി.
ദൗത്യം പണം സ്വരൂപിക്കൽ
രാജ്യത്തെ ചില നഗരങ്ങളിൽ സ്ഫോടനം നടത്തുന്നതിന് പണം സ്വരൂപിക്കലായിരുന്നു കേരളത്തിൽ പിടിയിലായവരുടെ ദൗത്യം. ഭീകരപ്രവർത്തനത്തിന് പണംനൽകുന്നചിലർ കേരളത്തിലുണ്ടെന്ന് മനസ്സിലാക്കിയാണ് ഇവിടേക്കു വന്നതെന്നാണ് പ്രതികൾ എൻ.ഐ.എ.ക്കു നൽകിയ മൊഴി. പ്രതികൾക്കു പ്രാദേശികസഹായം കിട്ടിയിട്ടുണ്ടെന്നും സംഘത്തിൽ കൂടുതൽപേർ ഉൾപ്പെട്ടിട്ടുണ്ടെന്നും എൻ.െഎ.എ. സംശയിക്കുന്നുണ്ട്.
പെരുമ്പാവൂരിൽ ഏഴുവർഷമായി കുടുംബത്തോടൊപ്പം താമസിച്ചുവരികയായിരുന്നു മൊസറഫ് ഹൊസ്സെൻ. പെരുമ്പാവൂരിലെ വസ്ത്രശാലയിലായിരുന്നു ഇയാൾ ജോലിചെയ്തിരുന്നത്. രണ്ടുമാസംമുമ്പ് പെരുമ്പാവൂരിലെത്തിയ ഇയാകൂബ് ബിസ്വാസ് പൊറോട്ടയുണ്ടാക്കുന്ന കടയിലാണ് തൊഴിലെടുത്തിരുന്നത്. ശനിയാഴ്ച പുലർച്ചെ രണ്ടുമണിക്ക് പൊറോട്ടയടിക്കാൻ തുടങ്ങുമ്പോഴാണ് ഇയാളെ പിടികൂടുന്നത്. പാതാളത്ത് നിർമാണത്തൊഴിലാളിയായിട്ടായിരുന്നു മുർഷിദ് ഹസൻ കഴിഞ്ഞിരുന്നത്.
content highlights: Three al quida terrorists arrested in kochi