തിരുവനന്തപുരം: തിങ്കളാഴ്ചയിലെ സൂര്യപ്രഭയിൽ ആറ്റുകാൽ പൊങ്കാല തിളച്ചുതൂവി. ആ ചൂടിന് കുംഭവെയിൽ മേലാട ചാർത്തി. ഭക്തർ പരമഭാവത്തിന്റെ പാലമൃതുണ്ടു. ഒരു പൊങ്കാലകൂടി അർപ്പിച്ചതിന്റെ പുണ്യനിർവൃതിയിൽ ആറ്റുകാലമ്മയെ മനസ്സിൽ ധ്യാനിച്ച് നിവേദ്യവുമായി ഭക്തർ മടങ്ങി. ലക്ഷങ്ങൾ പങ്കെടുത്ത ആറ്റുകാൽ പൊങ്കാലയ്ക്ക് മംഗളകരമായ സമാപനം.

തിങ്കളാഴ്ച പകൽ തലസ്ഥാന നഗരം പൊങ്കാലയുടെ ആഘോഷത്തിമിർപ്പിലായിരുന്നു. വിവിധ സ്ഥലങ്ങളിൽനിന്ന്‌ പൊങ്കാലയ്ക്കു തലേന്നുതന്നെ നഗരത്തിലെത്തിയവർ കത്തുന്ന കുംഭച്ചൂടിനെ അവഗണിച്ചാണ് പൊങ്കാലയിട്ടത്.

തിങ്കളാഴ്ച രാവിലെ 9.45-ന് ശ്രീകോവിലിൽ ശുദ്ധപുണ്യാഹം നടന്നു. ക്ഷേത്രപരിസരത്തും നഗരത്തിലെമ്പാടും നിരവധി പൊങ്കാലക്കലങ്ങൾ നിരത്തിയിരുന്നവർ ക്ഷേത്രത്തിൽനിന്ന്‌ ‘അടുപ്പുവെട്ടിന്റെ’ സന്ദേശമെത്താൻ കാത്തിരുന്നു. കൂപ്പിയ കൈകളുമായി ഭക്തർ മനസ്സിൽ നാമം ജപിച്ചു. ക്ഷേത്രപരിസരം തികഞ്ഞ നിശ്ശബ്ദതയിലായിരുന്നു. 10.20-ന് ക്ഷേത്ര തന്ത്രി തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽനിന്നു പകർന്ന ദീപം മേൽശാന്തി പി.ഈശ്വരൻ നമ്പൂതിരിക്കു കൈമാറി. അദ്ദേഹം തിടപ്പള്ളിയിലെ പൊങ്കാലയടുപ്പിൽ തീ കത്തിച്ച ശേഷം സഹമേൽശാന്തിക്കു ദീപം നൽകി. തുടർന്ന് വലിയതിടപ്പള്ളിയിലും ക്ഷേത്രത്തിനു മുന്നിലെ പണ്ടാരയടുപ്പിലും തീ പകർന്നു. ഈ സമയം പൊങ്കാലയ്ക്കുള്ള അറിയിപ്പും ചെണ്ടമേളവും ഉയർന്നു. വായ്ക്കുരവയും വാദ്യഘോഷവും അന്തരീക്ഷത്തിലുയർന്നു. പുറത്ത് ആചാരവെടികൾ മുഴങ്ങി. ആയിരക്കണക്കിനു കണ്ഠങ്ങളിൽനിന്ന്‌ ദേവീസ്തുതികളുയർന്നു.

എല്ലാമൊരുക്കി പുലർച്ചെ മുതൽ കാത്തിരുന്ന ഭക്തരുടെ അടുപ്പുകളിൽ ഇതോടെ തീ തെളിഞ്ഞു. ക്ഷേത്രത്തിന് 10 കിലോമീറ്റർ ചുറ്റളവിലെ എല്ലാ അടുപ്പുകളിലേക്കും തീ പകർന്നു. നിമിഷങ്ങൾക്കുള്ളിൽ നഗരം പുകയുടെ ആവരണമണിഞ്ഞു. ഭക്തിയുടെ മൂർധന്യത്തിൽ ചൂടും പുകയും ഭക്തർ വരപ്രസാദം കണക്കെ ഏറ്റുവാങ്ങി. മണിക്കൂറിനുള്ളിൽ, നിറഞ്ഞ മനസ്സുപോലെ പൊങ്കാലക്കലങ്ങൾ തിളച്ചുതൂവി. അപ്പോഴും ആത്മഹർഷമായി കുരവയും ദേവീസ്തുതിയും ഉയർന്നു. പിന്നീട് പൊരിവെയിലത്ത് നിവേദ്യത്തിനായി കാത്തിരിപ്പ്. ഈ സമയം ക്ഷേത്രദർശനത്തിനു വൻ തിരക്കായിരുന്നു.

ഉച്ചയ്ക്ക് 2.10-ന് പൊങ്കാലനിവേദ്യം തുടങ്ങി. ക്ഷേത്രത്തിൽനിന്നു നിയോഗിച്ച 250-ഓളം ശാന്തിക്കാർ തീർഥം പൂക്കുലയിൽ മുക്കി വീശിത്തളിച്ചു. ഈസമയം ആകാശത്തുനിന്ന് വിമാനത്തിൽ പുഷ്പവൃഷ്ടി നടന്നു. വ്രതം നോറ്റ് പൊങ്കാലയിട്ട ഭക്തർ ആത്മനിവേദനത്തിന്റെ സായുജ്യവുമായി മടക്കയാത്ര തുടങ്ങി. ഇനിയൊരു പൊങ്കാലയുടെ ഭാഗ്യം മനസ്സിൽക്കണ്ടുള്ള മടക്കയാത്ര.

രാത്രി 7.30-ന് കുത്തിയോട്ടത്തിനുള്ള ചൂരൽക്കുത്ത് നടന്നു. 10.30-ന് മണക്കാട് ശാസ്താക്ഷേത്രത്തിലേക്കുള്ള പുറത്തെഴുന്നള്ളത്ത് പുറപ്പെട്ടു. ചൊവ്വാഴ്ച രാവിലെ മടക്കയെഴുന്നള്ളത്ത് ക്ഷേത്രത്തിലെത്തും. രാത്രി 9.20-ന് കാപ്പഴിച്ച് ദേവിയെ കുടിയിളക്കും. തുടർന്ന് കുരുതിതർപ്പണത്തോടെ ഉത്സവം സമാപിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, എം.എൽ.എ.മാരായ ഒ.രാജഗോപാൽ, വി.എസ്.ശിവകുമാർ, വി.കെ.പ്രശാന്ത്, മേയർ കെ.ശ്രീകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

content highlights: thousands of women performed attukal ponkala