കൊല്ലം : ലോക്‌ഡൗണിനെത്തുടർന്ന് കട്ടപ്പുറത്തായ ആയിരത്തോളം ബസുകൾ നിരത്തിലിറക്കാൻ മടിച്ച് കെ.എസ്.ആർ.ടി.സി. ഉപയോഗിക്കാൻ കഴിയാത്ത എണ്ണൂറോളം എണ്ണമടക്കം കോർപ്പറേഷന്റെ ഡിസ്ട്രിക് കോമൺ പൂളുകളിൽ (ഡി.സി.പി.) 1800-ലധികം ബസുകളാണ്‌ ഇപ്പോഴുള്ളത്. ഇതിൽ ഉപയോഗയോഗ്യമായവ ആയിരത്തിലധികമുണ്ട്‌. ഗ്രാമീണ സർവീസുകൾക്ക് ഉപയോഗിച്ചിരുന്ന ഓർഡിനറി ബസുകളും ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി ബസുകളുമാണിവ.

ലോക്ഡൗൺ വന്നതോടെയാണ് ബസുകൾ ഡി.സി.പി.കളിലേക്ക് മാറ്റാൻ തീരുമാനിച്ചത്. എന്നാൽ യാത്രക്കാരുടെ എണ്ണം കൂടിയിട്ടും ഉപയോഗയോഗ്യമായവ നിരത്തിലിറക്കാൻ കോർപ്പറേഷൻ തയ്യാറാകുന്നില്ല. സംസ്ഥാനത്ത് 18 ഡി.സി.പി.കളാണുള്ളത്. കഴിഞ്ഞ ഏപ്രിൽ മാസത്തോടെയാണ് ബസുകൾ ഡി.സി.പി.കളിലേക്ക് മാറ്റിയത്. ചെലവു കുറയ്ക്കാൻ ഉപയോഗശൂന്യമായ ബസുകൾ കോർപ്പറേഷൻ ഉപേക്ഷിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി എണ്ണൂറോളം ബസുകൾ ബാധ്യതയാകാതെ നീക്കാനായിരുന്നു തീരുമാനം. പതിനഞ്ചുവർഷത്തോളം പഴക്കമുള്ളതും പ്രവർത്തനക്ഷമമല്ലാത്തതുമായ ബസുകൾ അതത് ജില്ലകളിലെ ഓരോകേന്ദ്രത്തിലേക്ക് മാറ്റി. ഇതിന്റെ മറവിലാണ് ഉപയോഗക്ഷമമായിരുന്ന ഓർഡിനറി ബസുകളും നീക്കിയത്.

ഡി.സി.പി.കളിലേക്ക് ആദ്യം കയറ്റിയത് ഉപയോഗയോഗ്യമായവയാണ്. പിന്നീട് ബസ് സ്റ്റാൻഡുകളിൽനിന്ന് ഉപയോഗിക്കാൻ കഴിയാത്തവ കെട്ടിവലിച്ചുകൊണ്ടുപോയി. ഉപയോഗയോഗ്യമായ ബസുകളുടെ ടയറുകൾ, ബാറ്ററി എന്നിവ ഊരി മാറ്റിവെച്ചിരിക്കുകയാണ്. ബസുകളിലുണ്ടായിരുന്ന ഡീസൽ മുഴുവൻ ഊറ്റിയെടുത്തു. ഉപയോഗിക്കാൻ കഴിയാത്ത ബസുകൾ പൊളിച്ചുവിൽക്കുമെന്നും മറ്റുള്ളവ വിവിധ ഡിപ്പോകൾക്ക് ആവശ്യമായി വരുമ്പോൾ നൽകുമെന്നുമായിരുന്നു തീരുമാനം. എന്നാൽ ബസുകൾ പൊളിക്കുന്നതിനോ നന്നാക്കുന്നതിനോ ഒരുനടപടിയും പിന്നീടുണ്ടായില്ല. ഡിപ്പോകൾക്ക് ആവശ്യമായി വരുമ്പോൾ ബസുകൾ എടുക്കണമെങ്കിൽ കേടായ ബസുകൾ ആദ്യം നീക്കേണ്ടതുണ്ട്.

എടപ്പാൾ ഡി.സി.പി.യിൽ 348 ബസുകളാണുള്ളത്. പാറശാല, അങ്കമാലി ഡി.സി.പി.കളിൽ 250 ഓളം ബസുകളും എറണാകുളം, ചേർത്തല, ചാത്തന്നൂർ, ചിറ്റൂർ ഡി.സി.പി.കളിൽ നൂറിലധികവും.

ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുവന്നതോടെ കൂടുതൽപ്പേരും പൊതുഗതാഗതമാണ് ഉപയോഗിക്കുന്നത്. ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റുകളും നാമമാത്രമായി ഓർഡിനറി ബസുകളുമാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. യാത്രക്കാർ അധികമായി വന്നാൽമാത്രം സർവീസുകൾ നടത്താമെന്ന തീരുമാനത്തിലായിരുന്നു കെ.എസ്.ആർ.ടി.സി. എന്നാൽ അധികയാത്രക്കാരുണ്ടായിട്ടും ഡി.സി.പി.കളിൽനിന്ന് ഡിപ്പോകളിലേക്ക് ബസുകൾ എത്തിക്കുന്നതിന് തീരുമാനമായിട്ടില്ല.