എടപ്പാൾ: 2013-നുശേഷം സർക്കാർ സർവീസിൽ കയറിയവർ ജോലിയിലിരിക്കെ മരിച്ചാൽ ആശ്രിതർക്ക് അവസാന ശമ്പളത്തിന്റെ 30 ശതമാനം മാത്രം സമാശ്വാസസഹായം നൽകിയാൽ മതിയെന്ന് ധനകാര്യവകുപ്പ്. ഇവർ ദേശീയ പെൻഷൻ പദ്ധതിയിലുൾപ്പെടുന്നതിനാൽ കുടുംബ പെൻഷനർഹതയില്ലാത്തതിനാലാണ് സമാശ്വാസസഹായം മാത്രം നൽകുന്നത്.

ഇതുസംബന്ധിച്ച ഉത്തരവ് നേരത്തെ ഇറങ്ങിയതാണെങ്കിലും ഇത്തരത്തിൽ സമാശ്വാസമനുവദിക്കുന്നതിനായി ലഭിച്ച അപേക്ഷകൾ അനുവദിച്ചുകൊണ്ടാണ് ധനകാര്യവകുപ്പ് വിശദീകരണം നൽകിയത്.

2013-നു ശേഷം സർക്കാർസർവീസിൽ കയറി ജോലിയിലിരിക്കെ മരിക്കുന്നവരുടെ ആശ്രിതർക്ക് ജോലി ലഭിക്കുംവരെ ആശ്വാസമാകുന്നതിനായാണ് പ്രതിമാസം ഈ തുക നൽകുന്നത്. പുനർവിവാഹം കഴിച്ചിട്ടില്ലെന്നും സമാശ്വാസ തൊഴിൽദാന പദ്ധതിപ്രകാരം ജോലി ലഭിച്ചിട്ടില്ലെന്നുമുള്ള സത്യപ്രസ്താവനകൾ ട്രഷറി ഓഫീസർക്ക് നൽകിയാലാണ് ഈ ആനുകൂല്യം ലഭിക്കുക. ഇവയും ലൈഫ് സർട്ടിഫിക്കറ്റും എല്ലാവർഷവും ജനുവരിയിൽ നൽകണം.

സമയപരിധിക്കുള്ളിൽ അപേക്ഷ നൽകാതിരിക്കുകയോ ജോലി ലഭിച്ച് സ്വീകരിക്കാതിരിക്കുകയോ ചെയ്യുന്നവരുടെ വിവരം ഓഫീസ് മേധാവി ധനകാര്യവകുപ്പിലറിയിക്കണം. സഹായം ലഭിച്ചുകൊണ്ടിരിക്കെ ജോലി ലഭിച്ചാലും അറിയിക്കണം. അറിയിക്കാതെ അനർഹമായി ആനുകൂല്യം നൽകുന്നതുവഴിയുണ്ടാകുന്ന നഷ്ടം വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥരിൽനിന്ന് ഈടാക്കും.

Content Highlights: Those who have joined government jobs after 2013 will have no family pension