തോപ്പുംപടി: ഇന്ത്യന്‍ അതിര്‍ത്തിക്കടലില്‍ മീന്‍ പിടിക്കാന്‍ വിദേശ കപ്പലുകളെ അനുവദിക്കില്ലെന്ന സുപ്രധാന നിര്‍ദ്ദേശമുള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ ദേശീയ മത്സ്യബന്ധന നയം പ്രഖ്യാപിച്ചു. 1991 മുതല്‍ രാജ്യത്ത് തുടര്‍ന്നു വരുന്ന, വിദേശ കപ്പലുകള്‍ക്ക് ലൈസന്‍സ് നല്‍കുന്ന ലെറ്റര്‍ ഓഫ് പെര്‍മിറ്റ് നയം പൂര്‍ണമായും ഉപേക്ഷിക്കുമെന്ന് നയം വ്യക്തമാക്കുന്നു. ആഴക്കടല്‍ മേഖലയില്‍ മീന്‍ പിടിക്കാന്‍ തദ്ദേശീയ സമൂഹത്തെ പ്രാപ്തരാക്കുന്നതിന് പദ്ധതികള്‍ തയ്യാറാക്കി നടപ്പാക്കും.

നയം രൂപവത്കരിക്കുന്നതിന് മുന്നോടിയായി ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡോ. അയ്യപ്പന്‍ കമ്മിറ്റിയെയാണ് ചുമതലപ്പെടുത്തിയിരുന്നത്. അയ്യപ്പന്‍ കമ്മിറ്റി വിവിധ സംസ്ഥാനങ്ങളിലെ തൊഴിലാളികളുമായും സര്‍ക്കാര്‍ പ്രതിനിധികളുമായും ചര്‍ച്ചകള്‍ നടത്തി വിശദമായ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ആ റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ പലതും കേന്ദ്ര സര്‍ക്കാര്‍ തള്ളിയിരിക്കുകയാണ്. ചോദ്യാവലി തയ്യാറാക്കി ജനാധിപത്യ രീതിയിലാണ് അയ്യപ്പന്‍ കമ്മിറ്റി അഭിപ്രായങ്ങള്‍ ശേഖരിച്ചത്.

ആഴക്കടലില്‍ 200 നോട്ടിക്കല്‍ മൈല്‍ വരെ മത്സ്യബന്ധന അവകാശം കണ്‍കറന്റ് ലിസ്റ്റില്‍ പെടുത്തണമെന്ന് അയ്യപ്പന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. കേന്ദ്രത്തില്‍ ഫിഷറീസ് വകുപ്പിനായി പ്രത്യേക മന്ത്രാലയം വേണമെന്നും കമ്മിറ്റി നിര്‍ദ്ദേശിച്ചു. മുരാരി കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുകയുണ്ടായി. എന്നാല്‍ ഇതൊന്നും കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചില്ല.

സംസ്ഥാനങ്ങളുടെ കടല്‍ അധികാര പരിധി 36 നോട്ടിക്കല്‍ മൈലായി ഉയര്‍ത്തണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. ഫിഷറീസ് മന്ത്രാലയം വേണമെന്ന ആവശ്യവും കേരളത്തിലെ തൊഴിലാളി സംഘടനകളും സര്‍ക്കാരുമാണ് പ്രധാനമായും ഉന്നയിച്ചത്. ഈ നിര്‍ദ്ദേശങ്ങള്‍ അതേപടി കമ്മിറ്റി അംഗീകരിച്ചതുമാണ്.

മുരാരി കമ്മിഷന്‍ റിപ്പോര്‍ട്ടിനെ കുറിച്ച് പുതിയ നയത്തില്‍ ഒന്നും പറയുന്നില്ല. മുരാരി കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാത്തതിനെ ചെന്നൈ ഹൈക്കോടതി വിമര്‍ശിച്ചിരുന്നതാണ്. ഇതു സംബന്ധിച്ച തീരുമാനം അറിയിക്കാന്‍ കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുതിയ നയം സംബന്ധിച്ച കാര്യങ്ങള്‍ കോടതിയെ അറിയിച്ചു. എന്നാല്‍ മുരാരി റിപ്പോര്‍ട്ടിനെക്കുറിച്ച് കോടതിയിലും വ്യക്തമാക്കിയില്ല. അതേസമയം മുരാരി റിപ്പോര്‍ട്ടിലെ ചില പ്രധാന കാര്യങ്ങള്‍ പുതിയ നയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. ആഴക്കടലില്‍ മീന്‍ പിടിക്കാന്‍ തൊഴിലാളികളെ പ്രാപ്തരാക്കുമെന്ന പ്രഖ്യാപനം മുരാരി റിപ്പോര്‍ട്ടിന്റെ ചുവട് പിടിച്ചുള്ളതാണ്.

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ തൊഴിലാളികള്‍ ദീര്‍ഘകാലമായി ഉന്നയിക്കുന്ന ചില കാര്യങ്ങള്‍ പുതിയ നയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഈ മേഖലയുടെ വികാരം ഉള്‍ക്കൊണ്ട് അയ്യപ്പന്‍ കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ വേണ്ട ഗൗരവത്തിലെടുത്തില്ലെന്നത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.