തോപ്പുംപടി: സംസ്ഥാനത്തിന്റെ അതിര്‍ത്തിക്കടലില്‍ കഴിഞ്ഞ 47 ദിവസമായി ഏര്‍പ്പെടുത്തിയിരുന്ന ട്രോളിംഗ് നിരോധനം നീങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ബോട്ടുകള്‍ ഞായറാഴ്ച അര്‍ദ്ധരാത്രി മുതല്‍ കടലിലിറങ്ങും.
മൂവായിരത്തോളം ബോട്ടുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. 1200-ഓളം ബോട്ടുകള്‍ അന്യസംസ്ഥാനത്തു നിന്നുള്ളതാണ്. ഇതില്‍ ഗില്‍നെറ്റ് ബോട്ടുകളും ഉള്‍പ്പെടും.

കൊച്ചി, മുനമ്പം, വൈപ്പിന്‍ മേഖലകള്‍ കേന്ദ്രീകരിച്ച് 650-ഓളം ബോട്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കടലിലേക്ക് പോകാനുള്ള ഒരുക്കങ്ങളിലാണ് തൊഴിലാളികള്‍. ഹാര്‍ബറുകളില്‍ കിടക്കുന്ന ബോട്ടുകളില്‍ ഐസ്, വെള്ളം തുടങ്ങിയവ കയറ്റുന്ന ജോലികള്‍ ശനിയാഴ്ച തന്നെ തുടങ്ങി. ബോട്ടുകളില്‍ ജോലി ചെയ്യുന്നത് ഏറെയും മറുനാട്ടുകാരാണ്. രണ്ട് ദിവസം മുമ്പ് തന്നെ മറുനാടുകളില്‍ നിന്നുള്ള തൊഴിലാളികള്‍ കൊച്ചിയിലെത്തിയിട്ടുണ്ട്്്.
1988-ലാണ് കേരളത്തില്‍ വര്‍ഷകാല ട്രോളിംഗ് നിരോധനം തുടങ്ങിയത്. 1994 മുതല്‍ നിരോധന കാലം 47 ദിവസമാക്കി. തുടക്കത്തില്‍ നിരോധന കാലത്ത് ബോട്ടുകളും പരമ്പരാഗത വള്ളങ്ങളും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നെങ്കിലും, ഇപ്പോള്‍ അത്തരം പ്രശ്‌നങ്ങളൊന്നുമില്ല. ഇക്കുറിയും നിരോധന കാലം ശാന്തമായിരുന്നു.

ഇത്തവണ നിരോധന കാലത്തും പരമ്പരാഗത വിഭാഗം മത്സ്യത്തൊഴിലാളികള്‍ക്ക് കാര്യമായ രീതിയില്‍ മത്സ്യം ലഭിച്ചില്ല. ഏറെ പ്രതീക്ഷ െവച്ച മണ്‍സൂണ്‍ കാലം പോലും വറുതിയുടേതായിരുന്നുവെന്ന് തൊഴിലാളി സമൂഹം പറയുന്നു. ചാള ഇക്കുറിയും കടലില്‍ നിന്ന് മാറിനിന്നു. കാലവര്‍ഷക്കാലത്ത് വന്‍തോതില്‍ ലഭിക്കുന്ന ഉപരിതല മത്സ്യങ്ങളും കാര്യമായി കിട്ടിയില്ല.

അവസാന ദിവസങ്ങളില്‍ സംസ്ഥാനത്ത് ചില കേന്ദ്രങ്ങളില്‍ ചാകര പ്രത്യക്ഷപ്പെട്ടെങ്കിലും, തൊഴിലാളികള്‍ പ്രതീക്ഷിച്ച രീതിയില്‍ മീന്‍ ലഭിച്ചില്ല. എന്നാല്‍ അവസാന ദിവസങ്ങളില്‍ നാരന്‍, പൂവാലന്‍ വിഭാഗങ്ങളില്‍ പെട്ട ചെമ്മീന്‍ ലഭിച്ചു. ചിലയിടങ്ങളില്‍ കടലില്‍ 'അപ്പ് വെല്ലിംഗ് ' പ്രതിഭാസമുണ്ടായതിനാലാണ് ചെമ്മീന്‍ ലഭിച്ചതെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

കഴിഞ്ഞ ഏഴ് മാസത്തോളമായി കടലില്‍ മീനില്ലാത്ത സ്ഥിതിയാണ്. കാലവര്‍ഷക്കാലത്തും ഈ സ്ഥിതിയില്‍ മാറ്റമുണ്ടായില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. നിരോധന കാലത്തും മീന്‍ കിട്ടാതെ പോയത് മേഖലയ്ക്ക് തിരിച്ചടിയായി.
മത്സ്യവറുതി അനുഭവപ്പെടുന്നതിനാല്‍ കുറെക്കാലമായി ബോട്ടുകളും പരമ്പരാഗത വള്ളങ്ങളുമൊക്കെ പ്രതിസന്ധിയിലാണ്. ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് മത്സ്യമേഖല കടന്നുപോകുന്നത്. നല്ല മഴയുണ്ടായിട്ടും കടല്‍ കനിയുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു.

ബോട്ടുകള്‍ കടലിലിറങ്ങുന്നതോടെ കേരളത്തിലെ ഹാര്‍ബറുകള്‍ സക്രിയമാകും. കൂടുതല്‍ മീന്‍ വിപണിയിലേക്ക് എത്തും. വില കുറയുന്നതിന് ഇത് വഴിയൊരുക്കും.