തോപ്പുംപടി: രാജ്യത്ത് ആഴക്കടല്‍ മത്സ്യബന്ധനത്തിന് തദ്ദേശീയ സമൂഹത്തെ ഒരുക്കുന്നതിനായി നടപ്പാക്കുന്ന സ്‌കീമിലേക്ക് കേരളം സമര്‍പ്പിച്ച പ്രോജക്ട് കേന്ദ്രസര്‍ക്കാര്‍ തള്ളി. ഈ പദ്ധതി പ്രകാരം കേരളത്തിന് 37 ആധുനിക മീന്‍പിടിത്ത ബോട്ടുകളാണ് അനുവദിച്ചിരുന്നത്. ട്യൂണ (ചൂരമീന്‍) പിടിക്കുന്നതിന് പര്യാപ്തമായ ബോട്ടുകള്‍ക്കാണ് കേന്ദ്രം സഹായം പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തില്‍ പത്ത് ബോട്ട് നിര്‍മിക്കാനുള്ള പ്രോജക്ടാണ് കേരളം നല്‍കിയത്.

ഒരു ബോട്ടിന് ഒന്നരക്കോടി രൂപ ചെലവ് കണക്കാക്കി 15.75 കോടി രൂപയുടെ പ്രോജക്ടാണ് സംസ്ഥാനം സമര്‍പ്പിച്ചത്. പത്ത് മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങള്‍ക്കു വേണ്ടി ബോട്ടുകള്‍ നിര്‍മിക്കാനായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി. ഒരു വര്‍ഷം മുമ്പ് സമര്‍പ്പിച്ച പ്രോജക്ടാണ് ഇപ്പോള്‍ തള്ളിയത്. വിദേശ കപ്പലുകളെ നിരോധിച്ച സാഹചര്യത്തില്‍ ആഴക്കടലിലെ മീന്‍ ശേഖരിക്കുന്നതിന് തദ്ദേശീയ സമൂഹത്തെ പ്രാപ്തരാക്കുന്നതിനായാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചത്. രാജ്യത്തെ അഞ്ച് ഗവേഷണ സ്ഥാപനങ്ങള്‍ ചേര്‍ന്ന് 708 കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയത്. ഈ ഗവേഷണ സ്ഥാപനങ്ങള്‍ നിര്‍ദേശിച്ച മാനദണ്ഡങ്ങളനുസരിച്ച് കേരളം നല്‍കിയ പ്രോജക്ട് റിപ്പോര്‍ട്ടിനാണ് അംഗീകാരം ലഭിക്കാതെ പോയത്. സംസ്ഥാന സര്‍ക്കാര്‍ 5.80 കോടി രൂപയും കേന്ദ്രം 4.37 കോടി രൂപയും ബാങ്ക് വായ്പ ഇനത്തില്‍ 5.6 കോടി രൂപയും എന്ന രീതിയിലാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രോജക്ട്. ഗുണഭോക്തൃ വിഹിതം 70 ലക്ഷം രൂപയെന്നും കണക്കാക്കിയിരുന്നു.

അതേസമയം തമിഴ്‌നാടിന് 77 ബോട്ടുകളാണ് കേന്ദ്രം അനുവദിച്ചത്. ഇതിനായി 200 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുകയും ചെയ്തു. നാഷണല്‍ ഫിഷറി ഡവലപ്‌മെന്റ് ബോര്‍ഡാണ് പണം അനുവദിക്കുന്നത്. ഒരു മാനദണ്ഡവും പരിശോധിക്കാതെയാണ് തമിഴ്‌നാടിന് പണം അനുവദിച്ചതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. ഇതിനിടെ നാഷണല്‍ ഫിഷറി ഡവലപ്‌മെന്റ് ബോര്‍ഡ് ഈ പദ്ധതിയുടെ മാനദണ്ഡങ്ങള്‍ പുതുക്കി നിശ്ചയിക്കുകയും ചെയ്തത്രെ. നേരത്തെ ഒരു ബോട്ടിന് ഒന്നരക്കോടിയാണ് ചെലവ് വകയിരുത്തിയതെങ്കില്‍ ഇപ്പോഴത് 80 ലക്ഷം രൂപയായി കുറച്ചു. ഇതനുസരിച്ച് വീണ്ടും പ്രോജക്ട് നല്‍കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു പദ്ധതി നടപ്പാക്കിയത്.

ആഴക്കടല്‍ മീന്‍പിടിത്തത്തിന് തദ്ദേശീയ സമൂഹത്തെ നിയോഗിക്കണമെന്നും അതിനായി പുതിയ സ്‌കീം കൊണ്ടുവരണമെന്നും കേരള ഹൈക്കോടതിയാണ് നിര്‍ദേശിച്ചത്. സ്‌കീമുകളുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ നടപ്പാക്കണമെന്നും വിധിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ കോടതി നിര്‍ദേശം മാനിക്കാതെയാണ് പ്രോജക്ടുകള്‍ തള്ളിയിട്ടുള്ളതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ആഴക്കടലില്‍ മീന്‍ പിടിക്കുന്ന ബോട്ടുകള്‍ക്ക് കടലില്‍ കൂടുതല്‍ ദിവസം തങ്ങേണ്ടതിനാല്‍, മീന്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിന് അത്യാധുനിക ശീതീകരണ സംവിധാനം വേണം. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള തുക അതിന് പോരാതെ വരും.