തോപ്പുംപടി: കയറ്റുമതിക്കായി സൂക്ഷിച്ച സ്രാവിന്റെ ചിറക് പിടികൂടിയ സംഭവം കേരളത്തിന്റെ മത്സ്യബന്ധന മേഖലയില്‍ വിവാദങ്ങള്‍ക്ക് വഴി തുറക്കുന്നു.

സ്രാവിന്റെ ചിറക് കയറ്റുമതി സംബന്ധിച്ച് ദീര്‍ഘകാലമായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. സ്രാവിനെ പിടിക്കുന്നതിന് ഇന്ത്യയില്‍ നിരോധനമില്ല. കടലില്‍ മുന്നൂറിലേറെ ഇനത്തില്‍പ്പെട്ട സ്രാവുകളുണ്ട്. ഇതില്‍ ആറോ ഏഴോ ഇനത്തില്‍പ്പെട്ട സ്രാവുകളുടെ ചിറക് കയറ്റുമതി കേന്ദ്ര വാണിജ്യ മന്ത്രാലയം വിലക്കിയിട്ടുണ്ട്.
 
രാജ്യത്തെ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതും ഉത്തരവുകള്‍ ഇറക്കുന്നതും വനം - പരിസ്ഥിതി മന്ത്രാലയവും കൃഷി മന്ത്രാലയവുമാണ്. ഈ മന്ത്രാലയങ്ങളൊന്നും സ്രാവ് സംബന്ധമായി പ്രത്യേക ഉത്തരവുകളൊന്നുമിറക്കിയിട്ടില്ല.

യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്രാവിനെ പിടികൂടി ചിറക് അരിഞ്ഞെടുത്ത ശേഷം ശരീരഭാഗം കടലില്‍ ഉപേക്ഷിക്കുകയാണ് പതിവ്. പ്രാകൃതമായ ഈ സമ്പ്രദായം പാരിസ്ഥിതിക പ്രശ്‌നമുണ്ടാക്കുമെന്നതിനാല്‍ അവിടങ്ങളില്‍ നിരോധിച്ചിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള 'ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ ദി കണ്‍സര്‍വേഷന്‍ നേച്ചര്‍' എന്ന സംഘടനയുടെ നിര്‍ദേശപ്രകാരമാണിത്.
 
അതേസമയം, ഇന്ത്യയില്‍ സ്രാവിനെ പിടികൂടിയാല്‍ ചിറക് എടുത്ത ശേഷം മാംസം കടലില്‍ തള്ളുന്ന ഏര്‍പ്പാടില്ല. കേരളത്തില്‍ പ്രധാന ഫിഷിങ് ഹാര്‍ബറുകളിലെല്ലാം വന്‍തോതില്‍ സ്രാവ് എത്തുന്നുണ്ട്. കടലിലെ കല്പവൃക്ഷം എന്ന പരിഗണനയാണ് സ്രാവിന്. ഇതിന്റെ തൊലി, മാംസം, ചിറക്, പല്ല്, എല്ല് തുടങ്ങിയവയെല്ലാം വിലയുള്ളതാണ്. ചിറകിന് വിദേശങ്ങളില്‍ വലിയ ഡിമാന്‍ഡുണ്ട്.

പ്രധാന ഫിഷിങ് ഹാര്‍ബറായ കൊച്ചിയില്‍ കൂടുതലായെത്തുന്ന മത്സ്യമാണ് സ്രാവുകള്‍. 50 മുതല്‍ 100 കിലോഗ്രാം വരെ തൂക്കമുള്ള സ്രാവ് ഇവിടെ കച്ചവടത്തിനെത്തുന്നു. കിലോയ്ക്ക് 250 രൂപ മുതലാണ് വില. നാടന്‍ മാര്‍ക്കറ്റുകളില്‍ ഇതിന് 400 രൂപ വരെ വിലയുണ്ട്. ചിറകുകള്‍ അരിഞ്ഞ് ഇപ്പോഴും കയറ്റുമതി നടത്തുന്നുണ്ട്. അതേസമയം സ്രാവിന്റെ മാംസത്തിനാണ് കേരളത്തില്‍ മുന്‍ഗണന. നിരോധനത്തിനെതിരെ കൊച്ചിയിലെ കച്ചവടസമൂഹം കോടതിയെ സമീപിച്ചിട്ടുണ്ട്.

ചിറക് കയറ്റുമതി നിരോധിക്കുന്നതിന് ഒരു യുക്തിയുമില്ലെന്ന് മത്സ്യത്തൊഴിലാളി ഐക്യവേദി കണ്‍വീനര്‍ ചാള്‍സ് ജോര്‍ജ് പറയുന്നു. സ്രാവ് കേരളത്തിലെ മത്സ്യത്തൊഴിലാളി സമൂഹത്തിന് വലിയ വരുമാന മാര്‍ഗമാണെന്നും വില്പന തടയുന്ന ഇടപെടലുകള്‍ മേഖലയ്ക്ക് ദോഷം ചെയ്യുമെന്നും സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് വി.ഡി. മജീന്ദ്രന്‍ പറഞ്ഞു. കയറ്റുമതി തടയുന്നത് മത്സ്യമേഖലയ്ക്ക് കനത്ത തിരിച്ചടിയാകുമെന്ന് കൊച്ചി ഫിഷറീസ് ഹാര്‍ബര്‍ ബയിങ് ഏജന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി എ.എം. നൗഷാദ് പറഞ്ഞു.