തോപ്പുംപടി: 47 ദിവസം നീണ്ട ഇടവേളയ്ക്കു ശേഷം കടലിലേക്ക് വീണ്ടും ഇറങ്ങുന്നതിനുള്ള ഒരുക്കങ്ങളിലാണ് മീന്‍പിടിത്ത ബോട്ടുകള്‍. തിങ്കളാഴ്ച അര്‍ധരാത്രിയോടെ ബോട്ടുകള്‍ കടലിലിറങ്ങും. കൊച്ചി, മുനമ്പം, വൈപ്പിന്‍ മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബോട്ടുകള്‍ ഹാര്‍ബറുകളിലേക്ക് എത്തുകയാണ്.
 
ഹാര്‍ബറുകള്‍ വീണ്ടും സജീവമാകുന്നു. ഈ മേഖലകള്‍ കേന്ദ്രീകരിച്ച് എണ്ണൂറോളം ബോട്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതു കൂടാതെ കൊച്ചി കേന്ദ്രീകരിച്ച് നാനൂറോളം ഗില്‍നെറ്റ് (ചൂണ്ട) ബോട്ടുകളും കുറച്ച് പേഴ്‌സീന്‍ ബോട്ടുകളും പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാത്തരം ബോട്ടുകള്‍ക്കും ട്രോളിങ് നിരോധനം ബാധകമായിരുന്നു.
 
നിരോധന കാലം ബോട്ടുകള്‍ അറ്റകുറ്റപ്പണികള്‍ക്കായി വര്‍ക് ഷോപ്പുകളില്‍ കയറ്റിയിരുന്നു. ഇക്കുറി എല്ലാ ബോട്ടുകള്‍ക്കും ഈ രീതിയില്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ണമായും നടത്താനായിട്ടില്ല. സാമ്പത്തിക ബാധ്യത തന്നെ പ്രശ്‌നം. ജി.എസ്.ടി. അടിച്ചേല്‍പ്പിച്ച ബാധ്യതകളും ബോട്ട് വ്യവസായത്തെ ബാധിച്ചു.
 
അതേസമയം സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ബഹു ഭൂരിപക്ഷം ബോട്ടുകളിലും പുതിയ നിറങ്ങള്‍ പൂശിയിട്ടുണ്ട്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന ബോട്ടുകള്‍ക്ക് വീല്‍ ഹൗസില്‍ ഓറഞ്ചും താഴെ നീലയുമാണ് നിശ്ചയിച്ചിട്ടുള്ളത്. സുരക്ഷാ പ്രശ്‌നങ്ങളുള്ളതിനാല്‍ ബോട്ടുകള്‍ക്ക് കളര്‍ കോഡ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്.
 
അതുകൊണ്ട് നിറങ്ങള്‍ പൂശുന്ന കാര്യത്തില്‍ ബോട്ടുകള്‍ ജാഗ്രത കാട്ടുന്നുണ്ട്. ഇക്കുറി നിരോധന കാലത്ത് പ്രതീക്ഷിച്ച പോലെ കടലില്‍ നിന്ന് മീന്‍ കിട്ടിയില്ലെന്നാണ് പരമ്പരാഗത മത്സ്യത്തൊഴിലാളി സമൂഹം പറയുന്നത്. ചാളയെ ഇത്തവണയും കാര്യമായി കണ്ടില്ലത്രെ. കഴിഞ്ഞ സീസണിലും ചാള കടലില്‍ ഉണ്ടായിരുന്നില്ല.
 
മണ്‍സൂണ്‍ കാലത്ത് ഏറ്റവുമധികം ലഭിക്കുന്നത് ചാളയാണ്. ചാള എത്തിയില്ലെങ്കില്‍ എല്ലാ കണക്കുകൂട്ടലുകളും തെറ്റും. തീരദേശത്ത് മഴ കാര്യമായി കിട്ടിയിട്ടും മീന്‍ വേണ്ടത്ര ലഭിച്ചില്ലെന്ന പരാതിയോടെയാണ് നിരോധന കാലം അവസാനിക്കുന്നത്. കിഴക്കന്‍ പ്രദേശങ്ങളില്‍ മഴ കുറവായതിനാല്‍ ജൈവാംശമുള്ള മഴവെള്ളം കാര്യമായി കടലിലേക്ക് ഒഴുകിയെത്തിയില്ല. ഇത് ഭാവിയിലും മത്സ്യോത്പാദനത്തെ ബാധിക്കും.
 
കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ബോട്ട് തൊഴിലാളികളില്‍ ബഹു ഭൂരിപക്ഷവും അന്യ സംസ്ഥാനക്കാരാണ്. തമിഴ്‌നാട്ടില്‍ നിന്നുള്ള തൊഴിലാളികളാണ് കൂടുതല്‍. ഇവര്‍ ഹാര്‍ബറുകളിലേക്ക് എത്തിത്തുടങ്ങി. ഞായറാഴ്ച അവധിയായതിനാല്‍ ശനിയാഴ്ച തന്നെ ബോട്ടുകളില്‍ ഡീസല്‍ നിറയ്ക്കുന്നുണ്ട്.
 
ഹാര്‍ബറുകളില്‍ ഐസ് പൊട്ടിച്ച് ബോട്ടുകളില്‍ നിറയ്ക്കുന്ന ജോലികളും തുടങ്ങി. വല ഒരുക്കുന്ന ജോലികള്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. കഴിഞ്ഞ ഒന്നര മാസമായി ഹാര്‍ബറുകള്‍ അടഞ്ഞുകിടക്കുകയായിരുന്നു. ഹാര്‍ബറുകളിലെ തൊഴിലാളികളും കച്ചവടക്കാരും അനുബന്ധ വ്യവസായ തൊഴിലാളികളും ഉള്‍പ്പെടെ പതിനായിരങ്ങളാണ് തൊഴിലില്ലാതെ വലഞ്ഞത്.
 
ഹാര്‍ബറുകളുടെ തളര്‍ച്ച സമീപ പ്രദേശങ്ങളെയും ബാധിച്ചിരുന്നു. ബോട്ടുകള്‍ കടലിലേക്കു പോയി തുടങ്ങുന്നതോടെ ഹാര്‍ബറുകളുടെ മരവിപ്പ് മാറും. ആയിരങ്ങള്‍ക്ക് തൊഴിലിലേക്ക് തിരിച്ചുവരാം. അതേസമയം, കടലില്‍ മീന്‍ കൂടിയിട്ടില്ലെന്ന പരമ്പരാഗത വിഭാഗത്തിന്റെ വെളിപ്പെടുത്തല്‍ ബോട്ടുകളുടെ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിക്കുന്നുണ്ട്. ആദ്യത്തെ മൂന്നാഴ്ചയെങ്കിലും കൂടുതല്‍ മീന്‍ കിട്ടിയില്ലെങ്കില്‍ മേഖലയിലെ പ്രതിസന്ധി രൂക്ഷമാകും.