തിരുവനന്തപുരം: സ്കൂൾ മാഗസിനിലും കലോത്സവങ്ങളിലും ഫെയ്സ്ബുക്കിലും ഹിറ്റായ മൂന്ന് കവിതകൾ ഇന്ന് നിയമസഭയിലും മുഴങ്ങി, ധനമന്ത്രി തോമസ് ഐസക്കിന്റെ ശബ്ദത്തിൽ. വയനാട്ടുകാരായ ദ്രുപദ്, ഫൈഖ, പാലക്കാട് സ്വദേശി ത്വാഹിറ ഷെറിൻ -‘നമ്മുടെ തലമുറയേക്കാൾ ഉൾക്കാഴ്ചയുള്ള കുഞ്ഞെഴുത്തുകാർ’ എന്ന വിശേഷണത്തോടെ മന്ത്രി ബജറ്റിൽ പരാമർശിച്ച കവിതകളുടെ ഉടമകൾ.

“ഭയം ഒരു രാജ്യമാണ്

അവിടെ നിശ്ശബ്ദത ഒരു (ആ)ഭരണമാണ്” -(ഭയം, ദ്രുപദ് ഗൗതം)

വാക്കിന്റെ ഉൾക്കനംകൊണ്ട് ശ്രദ്ധേയമാണ് ദ്രുപദിന്റെ കവിതകൾ. പത്താംക്ലാസിൽ പഠിക്കുന്പോഴെഴുതിയ ‘ഭയ’ത്തിലെ വരികൾ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയിലൂടെയാണ് വെളിച്ചംകണ്ടത്. കവിത കാട്ടുതീപോലെ പടർന്നു. പിന്നീട് സ്കൂൾ കലോത്സവത്തിൽ കവിതയിലൊന്നാമനായി.

ദ്രുപദ് ഇപ്പോൾ തമിഴ്നാട് തിരുവാരൂർ സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ഇൻറഗ്രേ‍റ്റ‍ഡ് എം.എസ്‌സി. കെമിസ്ട്രി വിദ്യാർഥിയാണ്. കുപ്പാടി ജി.എച്ച്.എസ്.എസിൽ ഹൈസ്കൂളിൽ പഠിക്കുമ്പോഴാണ് മന്ത്രി പരാമർശിച്ച കവിതയെഴുതിയതെന്ന് ദ്രുപദ് പറഞ്ഞു. മീനങ്ങാടി ഗവ. എച്ച്.എസ്.എസിൽനിന്ന് 2018-ൽ പ്ലസ്ടു പൂർത്തിയാക്കി.

സ്കൂൾ കാലയളവിൽ നിറയെ കവിതയെഴുതാറുണ്ടായിരുന്നു. ഇപ്പോൾ പഠനത്തിരക്കുകളിലായതിനാൽ കവിത കുറച്ചു. ബജറ്റിൽ പരാമർശിച്ചതുൾപ്പടെ ആറുകവിതകൾ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയിൽ അച്ചടിച്ചുവന്നു. അച്ഛൻ കവിയായ ജയൻ കുപ്പാടിയും അമ്മ മിനിയും സഹോദരി മൗര്യ ചിന്മയിയുമെല്ലാം പിന്തുണയുമായി ഒപ്പമുണ്ട്.

‘‘ജീവിതം തന്നെയും കടലാസുതുണ്ടിലേ-

ക്കക്ഷരമായിത്തളച്ചുവെച്ചു

കരിയുഗത്തിന്റെ കഥകൾ പറഞ്ഞിടാൻ

‘ആൻ’ അവൾ കാത്തൊന്നിരുപ്പതുണ്ടേ”

(ഷെൽഫിലെ പുസ്തകങ്ങൾക്ക് പറയാനുള്ളത് -ഫൈഖ ജാഫർ)

ഫൈഖ ഇപ്പോഴും കവിതയെഴുതാറുണ്ടോ എന്ന ചോദ്യത്തിന് കുഞ്ഞാണിപ്പോൾ കവിതയെന്ന് ഫൈഖയുടെ ഉമ്മ ചീരാൽ കഴമ്പ് അറബിവീട്ടിൽ സൗദ. കവിതയെഴുതിയ കാലംതന്നെ മറന്ന് കുടുംബത്തിരക്കുകളിലാണിപ്പോൾ ഫൈഖ. ഒൻപതുമാസക്കാരൻ അബ്ദുൾ ഹാദിയുടെ ചുറ്റും കറങ്ങിത്തിരിയുന്നതിനിടെ താൻ കൗമാരത്തിലെഴുതിയ കവിത മന്ത്രി ബജറ്റിൽ പരാമർശിച്ചതിന്റെ അത്യാഹ്ളാദത്തിലാണ് ഫൈഖ. ശരിക്കും പറഞ്ഞാൽ “ഞെട്ടിപ്പോയി”

2013-ൽ പ്ളസ്ടു പൂർത്തിയാക്കി. തുടർന്ന് ഡിഗ്രിക്ക് പഠിക്കുമ്പോൾ പ്രവാസിയായ റിയാസുമായി വിവാഹം. പി.ജി. പഠനം പൂർത്തിയാക്കിയശേഷം കുറച്ചുകാലം ജോലിചെയ്തു.

ഇതിനിടയിലെപ്പോഴോ തിരക്കുകളിൽപ്പെട്ട് കവിതയൊക്കെ മറന്നെന്ന് ഏതൊരു വീട്ടമ്മയെയുംപോലെ ഫൈഖ. ‘‘അപ്രതീക്ഷിതമായാണ് പഴയ കവിത മന്ത്രി പരാമർശിച്ചത്. മീനങ്ങാടി സ്കൂൾ മാഗസിനിൽ പ്രസിദ്ധീകരിച്ചിരുന്നു. മന്ത്രിക്ക് എങ്ങനെ കിട്ടിയെന്നറിയില്ല. ഇനിയും എഴുതണം. അതിനുള്ള വലിയ പ്രചോദനമായി മന്ത്രിയുടെ ഈ പരാമർശം’’ -ഹാദിക്കുള്ള താരാട്ടുകളും ഇനി കവിത മണക്കുമെന്നുറപ്പിക്കാം. സ്കൂൾ വിക്കിയുടെ പേജിൽനിന്നാണ് മന്ത്രി ഫൈഖയുടെ കവിതയെ ബജറ്റിലേക്കെടുത്തത്.

‘മരം... പുഴ... കാറ്റ്...

ചരിത്രഗവേഷകരാണ് ചിതലരിച്ച് നശിച്ചുപോയ

ആ വാക്കുകൾ കണ്ടെത്തിയത്

കണ്ടെത്തിയാൽ മാത്രംപോര അർഥം വ്യക്തമാക്കണം.

തലപുകഞ്ഞാലോചിച്ചു ഗൂഗിളിൽ സെർച്ച് ചെയ്തു’

അർഥമില്ലാ വാക്കുകൾ -ത്വാഹിറ ഷെറിൻ

സംസ്ഥാനസർക്കാരിന്റെ ബജറ്റവതരണത്തിനിടെ ധനമന്ത്രി തോമസ് ഐസക്, ഈ വരികൾ ചൊല്ലുമ്പോൾ വരികളുടെ ഉടമ ത്വാഹിറ ഷെറിൻ പാലായിലെ കോച്ചിങ് സെന്ററിൽ പഠനത്തിലായിരുന്നു. 11.30-ന് വാണിയംകുളം ടി.ആർ.കെ. ഹയർസെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപികയായ ഉമ്മ അലീമ ത്വാഹിറയെ വിളിച്ചു. ‘മോളേ നിന്റെ പഴയ കവിത ധനമന്ത്രി നിയമസഭയിൽ ചൊല്ലി’.

ഒറ്റപ്പാലം വാണിയംകുളം പനയൂർ ആലമ്പാറ വീട്ടിൽ കുട്ടിആമുവിന്റെയും അലീമയുടെയും മകൾ ത്വാഹിറ ഷെറിന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ 2016-ലെ പാലക്കാട് ജില്ലാ കലോത്സവത്തിൽ മലയാളം കവിതാരചനയിൽ ഒന്നാംസ്ഥാനം നേടിയ ‘അർഥമില്ലാ വാക്കുകൾ’ എന്ന കവിതയാണ് ബജറ്റിലെ നദിപുനരുജ്ജീവനം എന്ന ഭാഗം വായിക്കുന്നതിനുമുമ്പ് ധനമന്ത്രി ചൊല്ലിയത്. ഉപ്പ കുട്ടിആമി കുളപ്പുള്ളി എ.എൽ.പി. സ്കൂളിലെ അധ്യാപകനാണ്.