തിരുവനന്തപുരം: കോവിഡ് രണ്ടാംഘട്ടവ്യാപനത്തെ ഫലപ്രദമായി പ്രതിരോധിക്കാനും വികസനത്തിന് ആത്മവിശ്വാസം നൽകാനും ഉതകുന്നതാണ് ബജറ്റെന്ന് മുൻ ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കണക്കുകൾ വിശദമായി പരിശോധിക്കാതെ പ്രതിപക്ഷനേതാവ് ആക്ഷേപമുന്നയിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനം 20,000 കോടിയുടെ കോവിഡ് പാക്കേജാണ്. എന്നാൽ, ബജറ്റ് രേഖപ്രകാരം അധികച്ചെലവ് 1715 കോടി മാത്രമാണെന്നാണ് പ്രതിപക്ഷനേതാവിന്റെ വിമർശനം. ഇത് ബജറ്റ്‌പ്രസംഗത്തിൽ പറഞ്ഞ അധികച്ചെലവ്. ഇതിനുപുറമേ ബജറ്റ് കണക്കിനുള്ളിൽ 2605 കോടി രൂപയുടെ വർധനയുണ്ട്. ഇവരണ്ടും കൂട്ടിയാലും 20,000 കോടിരൂപ വരില്ല. കാരണം, ഈ പാക്കേജിൽ 8300 കോടി സർക്കാരിന്റെ പലിശ സബ്‌സിഡിയോടുകൂടിയ കേരള ബാങ്ക്, കെ.എഫ്.സി., കുടുംബശ്രീ തുടങ്ങിയ ഏജൻസികളെ ഉപയോഗപ്പെടുത്തി ചെറുകിടമേഖലയിലേക്ക്‌ നൽകുന്ന വായ്പകളാണ്. ഇങ്ങനെ സർക്കാരിന്റെ ചെറുസഹായത്തോടെ ധനകാര്യമേഖലയിൽനിന്ന്‌ വലിയതോതിൽ പണം സംസ്ഥാന സമ്പദ്ഘടനയ്ക്കുവേണ്ടി സമാഹരിക്കണമെന്നാണ് ഞങ്ങളുടെ കാഴ്ചപ്പാട് -തോമസ് ഐസക് പറഞ്ഞു.