തിരുവനന്തപുരം: 2018-’19-ലെ ബജറ്റ് പ്രസംഗത്തിലെ ഭൂരിഭാഗം പദ്ധതികളും ആ വർഷം നടപ്പാക്കിയില്ലെന്ന വിമർശനവുമായി സി.എ.ജി.
ബജറ്റിൽ 12 വകുപ്പുകളിലായി 14 പുതിയ പദ്ധതികളാണ് അന്ന് പ്രഖ്യാപിച്ചത്. 188 കോടിരൂപയായിരുന്നു അവയുടെ വിഹിതം. അതിൽ അഞ്ചുപദ്ധതികളിലായി 18.47 കോടിരൂപ ചെലവിട്ടു. പല കാരണങ്ങളാൽ 9 പദ്ധതികൾ ആ വർഷം നടപ്പായില്ല. ഇതിൽ ഏഴെണ്ണത്തിന് ബജറ്റ് വിഹിതം അനുവദിച്ചിരുന്നില്ല. അങ്ങനെ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ച ഭൂരിഭാഗം പദ്ധതികളും ആ വർഷം നടപ്പാക്കാനായില്ല-സംസ്ഥാനത്തിന്റെ ധനസ്ഥിതിയെപ്പറ്റി നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ കണ്ടെത്തൽ.
പദ്ധതികൾ വൈകുന്നത് 27 വർഷംവരെ
അതുവരെയുള്ള 210 പദ്ധതികൾ പൂർത്തിയായിട്ടില്ലെന്നും സി.എ.ജി. കണ്ടെത്തി. ഒരുവർഷം മുതൽ 27 വർഷംവരെയാണ് പദ്ധതികൾക്ക് കാലതാമസമുണ്ടാവുന്നത്. ഈ കാലതാമസം കാരണം കാര്യമായ പ്രയോജനമുണ്ടാവുന്നില്ല.
വകയിരുത്തിയ പണം പൂർണമായി ചെലവിടാനും ആകുന്നില്ല. ശമ്പളവും പെൻഷനും ഉൾപ്പെടുന്ന നിർബന്ധിത ചെലവുകൾ കഴിച്ചാൽ 2018-’19-ൽ യഥാർഥ ബജറ്റിന്റെ 32 ശതമാനം മിച്ചമാണ്. വികസനത്തിനും ആസ്തികളുടെ നിർമാണത്തിനും നീക്കിവെക്കുന്ന പണം ചെലവഴിക്കുന്നതിൽ സർക്കാരിനുള്ള പരാജയമാണ് ഇത് കാണിക്കുന്നതെന്നും സി.എ.ജി. പറയുന്നു.
എന്നാൽ, രണ്ടിനങ്ങളിൽ അധികച്ചെലവുണ്ടായി. നിയമസഭാ സെക്രട്ടേറിയറ്റിനെയും കേന്ദ്രാവിഷ്‌കൃത പദ്ധതികളെയും സംബന്ധിച്ച ചെലവുകളാണിത്. നിയമസഭയുടെ അനുമതിയില്ലാതെ ചെലവുകൾ നടത്തരുതെന്ന തത്ത്വത്തിന് വിപരീതമാണിത്. ആവർത്തിച്ച് അധികച്ചെലവുകൾ ഉണ്ടാവുന്നത് ഗൗരവമായി കാണണം. അധികച്ചെലവ് സംബന്ധിച്ച് നിലവിലുള്ള എല്ലാ കേസുകളും എത്രയും വേഗം ക്രമീകരിക്കണം. സഭയിൽ വോട്ടിനിടാത്ത ഇതുപോലുള്ള അധികച്ചെലവുകൾ പൂർണമായും ഒഴിവാക്കണം.
വകുപ്പുതല ഉദ്യോഗസ്ഥർ ബജറ്റ് വകയിരുത്തലിനെക്കാൾ കൂടുതൽ തുക പിൻവലിക്കുന്നത് തടയാൻ നിയന്ത്രണ നടപടികൾ വേണം. 22.41 കോടിയുടെ ധനദുർവിനിയോഗം, പണാപഹരണം എന്നിവ ഉൾപ്പെട്ടിട്ടുള്ള 104 കേസുകളിൽ അന്തിമ നടപടികൾ പൂർത്തിയാക്കിയിട്ടില്ലെന്നും സി.എ.ജി. കണ്ടെത്തി.
ബജറ്റ് വകയിരുത്തൽ 1,60,374.90 കോടി
തിരിച്ചേൽപ്പിച്ചത് 20,687 കോടി
ചെലവാക്കാത്തത് 12.90 ശതമാനം
Content Highlights; Thomas Isaac, kerala budget, cag report