തിരുവനന്തപുരം: കിഫ്ബിക്കെതിരേ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കേസെടുത്തതിനുപിന്നിൽ കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ ഉൾപ്പെടെയുള്ളവരുടെ ഗൂഢാലോചനയാണെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. തന്റെ കീഴിലുള്ള ഏജൻസിയെക്കൊണ്ട് തിരഞ്ഞെടുപ്പുകാലത്ത് കിഫ്ബിയെ ഞെക്കിക്കൊല്ലാനാണ് കേന്ദ്രധനമന്ത്രിയുടെ ശ്രമം. ഇത് തിരഞ്ഞെടുപ്പുചട്ടലംഘനമാണ്. ഭീഷണി ഇവിടെ വിലപ്പോവില്ല. ഏറ്റുമുട്ടാനാണ് ഉദ്ദേശ്യമെങ്കിൽ അതിനും സംസ്ഥാനസർക്കാർ തയ്യാറാണ്. കിഫ്ബിക്കെതിരേയുള്ള നീക്കം തിരഞ്ഞെടുപ്പുവിഷയമാക്കുമെന്നും മന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു.

അന്വേഷിക്കുന്നത് ജോക്കർമാർ

സ്വർണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് എം. ശിവശങ്കറിന്റെ അഭിഭാഷകനെ ഇ.ഡി ചോദ്യംചെയ്തപ്പോൾ, താങ്കളുടെ ഏതെല്ലാം കക്ഷികൾക്ക് കിഫ്ബിയിൽ നിക്ഷേപമുണ്ടെന്നാണ് ഇ.ഡി. ചോദിച്ചത്. കിഫ്ബി വ്യക്തികൾക്ക് സ്ഥിരനിക്ഷേപം നടത്താനുള്ള സ്ഥാപനമാണെന്നാണ് അവർ കരുതിയിരിക്കുന്നത്. കിഫ്ബിയെക്കുറിച്ച് പ്രാഥമിക ധാരണപോലുമില്ലാത്ത ഒരുകൂട്ടം ജോക്കർമാരാണ് അന്വേഷകരെന്നും മന്ത്രി പരിഹസിച്ചു.

കിഫ്ബി ഉദ്യോഗസ്ഥരോട് കൊച്ചിയിൽ ഹാജരാകാൻ ഫെബ്രുവരി ആദ്യം ഇ.ഡി. ആവശ്യപ്പെട്ടിരുന്നു. അവർ ഫെബ്രുവരി 17-നും, 25-നും ഹാജരായി. മാർച്ച് എട്ടിന് വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതെല്ലാം രഹസ്യമായിരുന്നു. എന്നാൽ, നിർമലാ സീതാരാമൻ കേരളത്തിലെത്തി കിഫ്ബിയിൽ അഴിമതിയാണെന്ന ആരോപണം ഉന്നയിച്ചതോടെ കാര്യങ്ങൾ മാറി. ഉദ്യോഗസ്ഥർ വീണ്ടും ഹാജരാകുന്നതിനുമുമ്പ്‌ ഇ.ഡി. കേസെടുത്തു. കിഫ്ബി സി.ഇ.ഒ. കെ.എം.എബ്രഹാമിനും ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ വിക്രംജിത് സിങ്ങിനും നോട്ടീസ് നൽകി.

കൃത്യമായ ലക്ഷ്യങ്ങളോടെയാണ് രാജസ്ഥാനിലെ ബി.ജെ.പി. നോതാവ് ഹരിസിങ് ഗോദരയുടെ മകൻ മനീഷ് ഗോദരയ്ക്ക് കേരളത്തിലെ ഇ.ഡിയുടെ ചുമതല നൽകിയത്. രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാനും നേതാക്കളെ കുടുക്കാനും ഒട്ടേറെ റെയ്ഡുകൾ നടത്തിയ ഉദ്യോഗസ്ഥനാണ് മനീഷ്. അദ്ദേഹത്തിന്റെ കളി ഇവിടെ നടക്കില്ല -െഎസക് പറഞ്ഞു.

വസ്തുത അറിയാനാണ് ശ്രമമെങ്കിൽ സഹകരിക്കാം. ഉദ്യോഗസ്ഥർ ചെയ്തതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ഇവിടെ ആളുണ്ട്. അതുകൊണ്ടാണ് ഇതൊക്കെ പറയുന്നതെന്നും ഐസക് പറഞ്ഞു.

ചോദ്യംചെയ്യലിന് ഹാജരാവും

ഈ മാസം എട്ടിന് കെ.എം. എബ്രഹാമും വിക്രംജിത് സിങ്ങും ചോദ്യംചെയ്യലിന് ഹാജരാകും. എന്നെ ചോദ്യംചെയ്യണമെങ്കിൽ വിളിപ്പിച്ചോട്ടെ. ഒരു പേടിയുമില്ല. മസാലബോണ്ട് നിയമവിരുദ്ധമാണോയെന്ന കേസ് ഹൈക്കോടതിയിലാണ്. ഇത്‌ ഇ.ഡി.ക്ക്‌ അന്വേഷിക്കാൻ അധികാരമില്ല. ഇ.ഡി.യുടെ ദുരുദ്ദേശ്യപരമായ അന്വേഷണത്തെ നിയമപരമായി നേരിടുന്നത് പരിഗണനയിലാണ്.

പെട്രോളിന് ജി.എസ്.ടി.: കൗൺസിലിൽ നിർദേശംവന്നില്ല

പെട്രോളിയം ഉത്‌പന്നങ്ങൾക്ക് ജി.എസ്.ടി. ബാധകമാക്കാൻ കേന്ദ്രം ഒരു തവണപോലും ജി.എസ്.ടി. കൗൺസിലിൽ നിർദേശംവെച്ചിട്ടില്ല. നിർദേശംവെക്കാതെ എതിർക്കുന്നതെങ്ങനെയാണ്. സംസ്ഥാനവുമായി ഇക്കാര്യം ചർച്ചചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പെട്രോളിയം ഉത്‌പന്നങ്ങൾക്ക് ജി.എസ്.ടി. ഏർപ്പെടുത്താൻ താനാണ് തടസ്സമെന്ന ബി.ജെ.പി. സംസ്ഥാനപ്രസിഡന്റ് കെ. സുരേന്ദ്രന്റെ വാദം മെക്കിട്ടുകേറലാണ്.

ജി.എസ്.ടി. ഏർപ്പെടുത്തിയാൽ അഞ്ചുവർഷത്തേക്ക്‌ നഷ്ടപരിഹാരം നൽകണമെന്നാണ് കേരളത്തിന്റെ അഭിപ്രായം. കേന്ദ്രത്തിന് പണമുണ്ടാക്കാൻ പല മാർഗങ്ങളുണ്ട്. നോട്ടടിക്കാം, പൊതുമേഖലാസ്ഥാപനങ്ങൾ വിൽക്കാം. എന്നാൽ, സംസ്ഥാനത്തിന് അങ്ങനെയൊന്നും ചെയ്യാനാവില്ല -െഎസക് പറഞ്ഞു.

പെട്രോളിനും ഡീസലിനും കേന്ദ്രം നികുതി കുറച്ചാൽ സംസ്ഥാനം നികുതി കുറയ്ക്കേണ്ടതില്ല. ആനുപാതികമായി സംസ്ഥാനനികുതിയും കുറയും- മന്ത്രി പറഞ്ഞു.

Content Highlight: Thomas Isaac alleges conspiracy to destroy KIIFB