ആലപ്പുഴ/കൊച്ചി: കുട്ടനാട് എം.എൽ.എ.യും എൻ.സി.പി. സംസ്ഥാന അധ്യക്ഷനും മുൻഗതാഗത മന്ത്രിയുമായ തോമസ് ചാണ്ടി (72) അന്തരിച്ചു. കൊച്ചിയിലെ വീട്ടിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.45-ഓടെയായിരുന്നു അന്ത്യം.

അർബുദബാധയെത്തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. ആസ്റ്റർ മെഡിസിറ്റിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പിന്നീട് കുട്ടനാട്ടിലേക്കു കൊണ്ടുപോകും. അമേരിക്കയിൽ പതിവുചികിത്സ കഴിഞ്ഞ് ഏതാനുംദിവസംമുമ്പാണ് തോമസ് ചാണ്ടി കൊച്ചിയിലെത്തിയത്. വെള്ളിയാഴ്ച സുഖമില്ലെന്നു പറഞ്ഞിരുന്നു. ഡോക്ടർ പറഞ്ഞതനുസരിച്ച് ഉച്ചയോടെ ആശുപത്രിയിലേക്കു പോകാൻ ആംബുലൻസ് വരുത്തിയെങ്കിലും നില വഷളായി. വൈകാതെ മരിച്ചു.

മുൻമുഖ്യമന്ത്രി കെ. കരുണാകരനുമായുള്ള അടുപ്പത്തിലൂടെയാണ് വ്യവസായിയായ തോമസ് ചാണ്ടി രാഷ്ട്രീയരംഗത്തെത്തിയത്. കരുണാകരൻ കോൺഗ്രസുമായി തെറ്റിപ്പിരിഞ്ഞ് ഡി.ഐ.സി. രൂപവത്കരിച്ചപ്പോൾ അതിന്റെ ഏക എം.എൽ.എ. തോമസ് ചാണ്ടിയായിരുന്നു. കരുണാകരൻ കോൺഗ്രസിലേക്കു മടങ്ങിയപ്പോൾ ചാണ്ടി എൻ.സി.പി.യിൽ ചേക്കേറി. നിലവിൽ എൻ.സി.പി. ദേശീയ പ്രവർത്തകസമിതിയംഗവും മാർത്തോമാസഭ കൗൺസിൽ അംഗവുമാണ്.

ചേന്നങ്കരി വെട്ടിക്കാട് കളത്തിൽപറമ്പിൽ വി.സി. തോമസിന്റെയും ഏലിയാമ്മയുടെയും മകനാണ്. ഭാര്യ: ചേന്നങ്കരി വടക്കേകളം മേഴ്സി. മക്കൾ: ബെറ്റി (അമേരിക്ക), ഡോ. ടോബി (ലേക് ഷോർ ആശുപത്രി എറണാകുളം), ടെസി (അമേരിക്ക). മരുമക്കൾ: ലെനി മാത്യു(അമേരിക്ക), ഡോ. അൻസു സൂസൻ സണ്ണി(എറണാകുളം ജില്ലാ ആശുപത്രി), ജോയൽ ജേക്കബ് (അമേരിക്ക). ശവസംസ്കാരം പിന്നീട്.