ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടി ചെയര്‍മാനായ ലേക് പാലസ് റിസോര്‍ട്ടിനുവേണ്ടി അരയേക്കര്‍ നിലം നികത്തിയതായി അമ്പലപ്പുഴ ഭൂരേഖാ തഹസില്‍ദാര്‍ കണ്ടെത്തി. 2014നുശേഷം മൂന്നുവര്‍ഷത്തിനുള്ളിലാണ് നികത്തല്‍ നടത്തിയിരിക്കുന്നത്. പാര്‍ക്കിങ്ങിനുള്ള സ്ഥലമൊരുക്കാനായിരുന്നു നികത്തല്‍.

ഭൂരേഖാ തഹസില്‍ദാരുടെ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി.അനുപമ റവന്യൂ മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയതെന്ന് ഇതോടെ വ്യക്തമായി. തോമസ് ചാണ്ടി നിലംനികത്തിയതായി വ്യക്തമാക്കുന്നതായിരുന്നു കളക്ടറുടെ റിപ്പോര്‍ട്ട്.

ഈ മാസം 14നും കഴിഞ്ഞ മാസം 11നുമാണ് ഭൂരേഖാ തഹസില്‍ദാര്‍

ലേക് പാലസ് റിസോര്‍ട്ടിന്റെ നിലംനികത്തല്‍ സംബന്ധിച്ച് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. റിസോര്‍ട്ടിന് മുന്നിലെ നിലം നികത്തരുതെന്ന് 2014ല്‍ അന്നത്തെ ജില്ലാ കളക്ടര്‍ എന്‍.പത്മകുമാര്‍ ഉത്തരവ് നല്‍കിയിരുന്നു. ആ ഉത്തരവ് ലംഘിച്ചാണ് മൂന്നുവര്‍ഷത്തിനുള്ളില്‍ അര ഏക്കറോളം നികത്തിയതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

ഇതിനു പുറമേ റിസോര്‍ട്ടിന് മുന്നിലെ ചാലിന് കല്‍മതില്‍ നിര്‍മിക്കുകയും ചാലിന്റെ ഗതിമാറ്റുകയും ചെയ്തു. ജലസേചനവകുപ്പിന്റെ അനുമതിയില്ലാതെയാണിത്. രണ്ട് റീസര്‍വേ നമ്പരുകളില്‍പ്പെട്ട ഈ ഭൂമി രേഖകള്‍പ്രകാരം ഇപ്പോള്‍ പുരയിടമായാണ് കാണുന്നത്. എന്നാല്‍, മുന്‍ സര്‍വേപ്രകാരം ഇത് നിലംതന്നെയാണെന്ന് ഭൂരേഖാ തഹസില്‍ദാരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി എം.ഡി. എന്‍.എസ്.മാത്യുവിന്റെ രണ്ടര ഹെക്ടര്‍ ഭൂമി നിലവിലെ രേഖകള്‍പ്രകാരം പുരയിടമാണ്. എന്നാല്‍, മുന്‍ രേഖകള്‍പ്രകാരം നിലമാണ്. ഇപ്പോഴിത് കുളമായും നിലമായും കാണുന്നുണ്ട്. ഈ സ്ഥലം നികത്തിയത് നെല്‍വയല്‍സംരക്ഷണ നിയമം നിലവില്‍ വന്നതിനുശേഷമാണോയെന്ന് തഹസില്‍ദാരുടെ റിപ്പോര്‍ട്ടില്‍ പറയുന്നില്ല.