തിരുവനന്തപുരം: ഈ നിയമസഭയുടെ കാലത്ത് മരിക്കുന്ന നാലാമത്തെ എം.എൽ.എ.യാണ് തോമസ് ചാണ്ടി. അദ്ദേഹത്തിന്റെ വേർപാടോടെ കുട്ടനാട് മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് അനിവാര്യമായി. ആറുമാസത്തിനകം ഇവിടെ ഉപതിരഞ്ഞെടുപ്പ് നടത്തണം. ഈ സർക്കാരിന്റെ കാലത്തെ ഒമ്പതാമത്തെ ഉപതിരഞ്ഞെടുപ്പാണ് ഇവിെട നടക്കുക.

കെ.കെ. രാമചന്ദ്രൻനായർ, പി.ബി. അബ്ദുൾറസാഖ്, കെ.എം. മാണി എന്നിവരാണ് ഈ നിയമസഭയിൽ അംഗമായിരിക്കെ വിടവാങ്ങിയത്. എൻ.സി.പി. ക്കാകട്ടെ നേട്ടത്തിനുപിന്നാലെ എത്തിയ അവിചാരിത നഷ്ടമാണ് തോമസ് ചാണ്ടിയുടെ വേർപാട്. പാലാ ഉപതിരഞ്ഞെടുപ്പിൽ മാണി സി. കാപ്പൻ വിജയിച്ചതോടെ എൻ.സി.പി.യിലെ നിയമസഭയിലെ അംഗബലം മൂന്നായി ഉയർന്നിരുന്നു.

രോഗബാധിതനായിരിക്കെ മന്ത്രിയായെങ്കിലും അധികനാൾ മന്ത്രിക്കസേരയിൽ ഇരിക്കാനും തോമസ് ചാണ്ടിക്കു കഴിഞ്ഞില്ല. 229 ദിവസം മാത്രമാണ് മന്ത്രിയായത്. 2017 ഏപ്രിൽ ഒന്നുമുതൽ നവംബർ 15 വരെ. ഗതാഗതമന്ത്രിയായിരുന്ന എ.കെ. ശശീന്ദ്രന് അപവാദക്കേസിൽ രാജിവെക്കേണ്ടിവന്നപ്പോഴാണ് തോമസ് ചാണ്ടി അതേവകുപ്പിൽ മന്ത്രിയായത്.

കായൽ കൈയേറ്റത്തിൽ ഹൈക്കോടതിയുടെ പരാമർശം എതിരായപ്പോഴാണ് അദ്ദേഹത്തിനു രാജിവെക്കേണ്ടിവന്നത്. തോമസ് ചാണ്ടിയുടെ രാജി നീണ്ടുപോയത് മന്ത്രിസഭയിലും ഭിന്നതയുണ്ടാക്കി. അറ്റകൈ പ്രയോഗമായി സി.പി.ഐ. മന്ത്രിസഭായോഗം ബഹിഷ്‌കരിക്കുകവരെ ചെയ്തു.

നിമസഭയിലെ ഏറ്റവുംവലിയ കോടീശ്വരനും തോമസ് ചാണ്ടിയായിരുന്നു. തനിക്ക് 92.37 കോടിരൂപയുടെ സ്വത്തുണ്ടെന്നാണ് നാമനിർദേശ പത്രികയിൽ അദ്ദേഹം വെളിപ്പെടുത്തിയത്. തന്റെ മണ്ഡലത്തിലെ ആവശ്യങ്ങൾക്ക് സർക്കാരിനു പണമില്ലെങ്കിൽ താൻ ചെലവിട്ടോളാമെന്നത് സഭയിൽ അദ്ദേഹത്തിന്റെ പതിവ് പ്രയോഗങ്ങളിലൊന്നായിരുന്നു.

എം.എൽ.എ. മരിച്ചാലോ രാജിവെച്ചാലോ ആറുമാസത്തിനുള്ളിൽ ആ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ, സർക്കാരിന്റെ കാലാവധി ഒരുവർഷത്തിനു താഴെയാണെങ്കിൽ ഉപതിരഞ്ഞെടുപ്പ് വേണ്ട. ഈ സർക്കാരിന് ഇനിയും ഒന്നരവർഷത്തോളം കാലാവധിയുള്ളതിനാൽ ഉപതിരഞ്ഞെടുപ്പുണ്ടാവും. ഏറ്റവും കൂടുതൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതും ഈ നിയമസഭയുടെ കാലത്താണ്.