കോട്ടയം: ആലപ്പുഴ ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് അനധികൃതമായി റോഡ് നിര്‍മിച്ചതിനെതിരായ ഹര്‍ജിയില്‍ മുന്‍ മന്ത്രി തോമസ് ചാണ്ടിക്കും ആലപ്പുഴ മുന്‍ ജില്ലാ കളക്ടര്‍ എന്‍.പദ്മകുമാറിനും എതിരേ പ്രാഥമികാന്വേഷണത്തിന് കോട്ടയം വിജിലന്‍സ് കോടതി ഉത്തരവിട്ടു. മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്.

വലിയകുളം സിറോ ജെട്ടി റോഡ് നിര്‍മാണത്തില്‍ രണ്ടാമത്തെ അന്വേഷണത്തിനാണ് വിജിലന്‍സ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

നിലം നികത്തിയുള്ള റോഡ് നിര്‍മാണത്തിന് സാധുത നല്‍കിയതിന് എന്‍.പദ്മകുമാറിനെ ഒന്നാം പ്രതിയും തോമസ് ചാണ്ടിയെ മൂന്നാം പ്രതിയുമാക്കി അന്വേഷണം നടത്തണമെന്നും ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചു.

അനധികൃത റോഡ് നിര്‍മാണത്തിന് എം.പി. ഫണ്ട് ഉപയോഗിച്ചതിലൂടെ പൊതുഖജനാവിന് നഷ്ടം സംഭവിച്ചുവെന്ന പരാതിയില്‍ തോമസ് ചാണ്ടിയെ ഒന്നാം പ്രതിയാക്കി നിലവില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. ഈ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ വിജിലന്‍സിന് കോടതി നാലുമാസത്തെ സമയം അനുവദിച്ചിരുന്നു.