കൊച്ചി: മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിനുവേണ്ടി ബണ്ട് റോഡ് മണ്ണിട്ടുനികത്തിയെന്ന വിജിലന്‍സ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. റിസോര്‍ട്ട് ഉടമകളായ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിയുടെ എം.ഡി. മാത്യു ജോസഫാണ് ഹര്‍ജി നല്‍കിയത്. വലിയകുളം മുതല്‍ സീറോ ജെട്ടിവരെയുള്ള ഒരു കിലോമീറ്റര്‍ ബണ്ട് റോഡുമായി ബന്ധപ്പെട്ട വിജിലന്‍സ് കോടതി ഉത്തരവും കേസും തുടര്‍നടപടികളും റദ്ദാക്കണമെന്നാണ് ആവശ്യം.

ബണ്ട് റോഡ് മണ്ണിട്ടുനികത്തിയത് കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ആലപ്പുഴ സ്വദേശി സുഭാഷ് നല്‍കിയ ഹര്‍ജിയില്‍ കോട്ടയം വിജിലന്‍സ് കോടതിയാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്. തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

മൂന്നു മീറ്റര്‍ വീതിയുള്ള ബണ്ട് റോഡ് പൊതുവഴിയായി ഉപയോഗിക്കുന്നതാണ്. എം.പി. ഫണ്ട് വിനിയോഗിച്ച് ജില്ലാ ഭരണകൂടമാണ് റോഡ് നന്നാക്കിയത്. റോഡ് ഇപ്പോള്‍ തദ്ദേശസ്ഥാപനത്തിന്റെ അധികാര പരിധിയിലാണ്. ലേക് പാലസ് റിസോര്‍ട്ടില്‍നിന്ന് ബണ്ട് റോഡിലേക്ക് നേരിട്ട് പ്രവേശനമില്ലെന്നും മാത്യു ജോസഫ് ഹര്‍ജിയില്‍ വ്യക്തമാക്കി.