തൊടുപുഴ: നഗരസഭയിലെ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്.-ബി.ജെ.പി. കൂട്ടുകെട്ട്. ഇരു വിഭാഗവും പരസ്പരം വോട്ട് ചെയ്തപ്പോൾ മൂന്ന് സ്റ്റാൻഡിങ് കമ്മിറ്റികളിൽ യു.ഡി.എഫും രണ്ട് കമ്മിറ്റികളിൽ ബി.ജെ.പി.യും ഭൂരിപക്ഷം നേടി. ഈ കമ്മിറ്റികളിലെ ചെയർമാൻസ്ഥാനം യു.ഡി.എഫും ബി.ജെ.പി.യും ഉറപ്പിച്ചു. നഗരസഭാ ഭരണം എൽ.ഡി.എഫിനാണ്.
കോൺഗ്രസിന്റെ അഞ്ചും ലീഗിന്റെ നാലും കേരള കോൺഗ്രസ് (എം) ജോസഫിന്റെ രണ്ടും അംഗങ്ങളും തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്ക് വോട്ട് ചെയ്തു. ബി.ജെ.പി.യുടെ എട്ടംഗങ്ങളും യു.ഡി.എഫ്. സ്ഥാനാർഥികൾക്ക് വോട്ട് ചെയ്തു. വികസനം, ക്ഷേമകാര്യം, ആരോഗ്യം എന്നീ സ്റ്റാൻഡിങ് കമ്മിറ്റികളിലാണ് യു.ഡി.എഫ്. ഭൂരിപക്ഷം നേടിയത്. പൊതുമരാമത്ത്, വിദ്യാഭ്യാസം സ്റ്റാൻഡിങ് കമ്മിറ്റികളിൽ ബി.ജെ.പി. ചെയർമാൻസ്ഥാനം ഉറപ്പിച്ചു.
മുസ്‌ലിം ലീഗ് അംഗമായ അബ്ദുൽ കരിം മാത്രം ബി.ജെ.പി.ക്ക് വോട്ട് ചെയ്യാതെ വിട്ടുനിന്നു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് ഇദ്ദേഹത്തിന് ബി.ജെ.പി.യുടെയും വോട്ട് കിട്ടിയില്ല.നഗരസഭാ വൈസ് ചെയർമാനാണ് ധനകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ. അതിനാൽ ഈ കമ്മിറ്റിയുടെ നേതൃത്വം എൽ.ഡി.എഫിന് കിട്ടും.
ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയിൽ ഒരംഗം മാത്രമേ നാമനിർദേശ പത്രിക നൽകിയിരുന്നുള്ളൂ. ക്ഷേമകാര്യത്തിൽ രണ്ടും വിദ്യാഭ്യാസത്തിൽ ഒന്നും അംഗങ്ങളെക്കൂടി ഇനി തിരഞ്ഞെടുക്കാനുണ്ട്. ഈ തിരഞ്ഞെടുപ്പ് 15-ന് നടക്കും.35 അംഗ നഗരസഭാ കൗൺസിലിൽ ആർക്കും കേവല ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. തുടർന്ന് കോൺഗ്രസ് വിമതൻ സനീഷ് ജോർജിന്റെയും ലീഗിൽനിന്ന് കൂറുമാറിയെത്തിയ ജെസി ജോണിയുടെയും പിൻതുണയോടെ എൽ.ഡി.എഫ്. അധികാരം പിടിച്ചെടുത്തിരുന്നു. ഇരുവരെയും യാഥാക്രമം ചെയർമാനും വൈസ് ചെയർമാനുമാക്കി. ഇപ്പോൾ എൽ.ഡി.എഫ്.-14, യു.ഡി.എഫ്.-12, ബി.ജെ.പി.-എട്ട് എന്നിങ്ങനെയാണ് കക്ഷിനില.
content highlights: thodupuzha municipality: udf and bjp votes for each other in standing committee election