തൊടുപുഴ: റബ്ബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ.മാണി എം.പി.നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ച രീതിയില്‍ കേരള കോണ്‍ഗ്രസ്സിലെ ജോസഫ് വിഭാഗത്തിന് കടുത്ത അമര്‍ഷം. അറസ്റ്റുചെയ്ത് നീക്കുകയായിരുന്നെങ്കിലും സമരം റബ്ബര്‍ കര്‍ഷകര്‍ക്കിടയില്‍ ഒരു ചലനവും ഉണ്ടാക്കിയില്ലെന്നാണ് അവരുടെ വികാരം.
റബ്ബര്‍ കര്‍ഷകരെ സഹായിക്കാന്‍ ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ള മുന്നൂറു കോടി, അഞ്ഞൂറു കോടിയായി വര്‍ധിപ്പിക്കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍, പുതിയ ധനമന്ത്രിയെ നിശ്ചയിക്കാനുള്ള അവസരം പാര്‍ട്ടിയുടെ കൈയിലിരിക്കെ എന്തിന് മുഖ്യമന്ത്രിയുടെ ഉറപ്പിനായി കാത്തുവെന്നാണ് ചോദ്യം. പാര്‍ട്ടിയിലെ ഒരു എം.എല്‍.എ.യെ ധനമന്ത്രിയാക്കിയശേഷം ആയിരം കോടി വകയിരുത്താന്‍ കെ.എം.മാണിക്ക് നിര്‍ദ്ദേശിച്ചുകൂടേയെന്ന് അവര്‍ ചോദിക്കുന്നു. മാണിയും പി.ജെ.ജോസഫും കൂടാതെ ആറ് എം.എല്‍.എ.മാര്‍ പാര്‍ട്ടിക്കുണ്ട്. മാണി പക്ഷത്ത് തോമസ് ഉണ്ണിയാടന്‍, സി.എഫ്.തോമസ്, എന്‍.ജയരാജ്, റോഷി അഗസ്റ്റിന്‍ എന്നിവരുണ്ട്. ബജറ്റവതരണത്തിനു മുമ്പ് മാണിക്ക് തിരിച്ചുവരവ് അസാധ്യമായിരിക്കെ ധനമന്ത്രിയെ ലഭിക്കാനുള്ള സാധ്യത അടയ്ക്കുന്നത് റബ്ബര്‍ കര്‍ഷകരെ വഞ്ചിക്കുന്നതിനു തുല്യമാണെന്ന് ജോസഫ്പക്ഷം കരുതുന്നു.
സമരത്തിന് പി.ജെ.ജോസഫും ഫ്രാന്‍സിസ് ജോര്‍ജും പങ്കെടുത്തെങ്കിലും ജോസഫ് വിഭാഗത്തില്‍നിന്നുള്ള പങ്കാളിത്തം പൊതുവെ കുറവായിരുന്നു. തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് റബ്ബര്‍ വിഷയത്തില്‍ നിരാഹാരത്തിലേക്കു പോയത് ഗുണത്തേക്കാളേറെ ദോഷമുണ്ടാക്കിയെന്നും ഈ പക്ഷത്ത് വിലയിരുത്തലുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇതൊരു വലിയ തമാശയായി മാറി. സമരം നാലു ദിവസത്തിനുള്ളില്‍ തീരുമെന്ന് ആദ്യംമുതല്‍ എതിര്‍പ്രചാരണമുണ്ടായി. ഇതിനെ ചെറുക്കാന്‍ കഴിഞ്ഞില്ല. ഇറക്കുമതി നിരോധിച്ചുവെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദത്തിലെ പൊള്ളത്തരം തുറന്നുകാട്ടാനും കഴിഞ്ഞില്ല. റബ്ബര്‍ പ്രശ്‌നം ഇത്ര രൂക്ഷമാകുംമുമ്പ് രംഗത്തിറങ്ങേണ്ടതായിരുന്നു.
റബ്ബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് പാര്‍ട്ടി മുന്നിട്ടിറങ്ങിയതാണെങ്കില്‍ ഒരാളുടെ നിരാഹാരം തീരുമ്പോള്‍ മറ്റൊരാള്‍ ആരംഭിക്കേണ്ടേയെന്നും ജോസഫ് വിഭാഗം ചോദ്യമുയര്‍ത്തുന്നുണ്ട്. അത് അനുവദിക്കാതെ ഒരാളിലേക്ക് സമരം കേന്ദ്രീകരിച്ചതിലാണ് അവര്‍ക്ക് അമര്‍ഷം.